Sun. Nov 3rd, 2024

ഏറ്റവും കൂടുതല്‍ ചികിത്സിച്ച് മാറ്റാന്‍ സാധിക്കാത്ത കാന്‍സറുകള്‍ കണ്ടെത്തുന്നത് പുരുഷന്മാരിലാണ്. ശ്വാസകോശ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവ പുരുഷന്മാരില്‍ കൂടുതല്‍ മരണത്തിന് കാരണമാകുന്നു

ലോകാരോഗ്യ സംഘടനയുടെ ഉപസംഘടനയായ ഗ്ലോബോകാന്‍ (Global Cancer Observatory) ആണ് അഞ്ചു വര്‍ഷം കൂടുമ്പോള്‍ കാന്‍സറിന്റെ സാറ്റിസ്റ്റിക്ക്‌സ് പ്രസിദ്ധീകരിക്കുന്നത്. അതുപ്രകാരം ഇന്ത്യയില്‍ മിസോറാമിലാണ് ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികളുള്ളത്. രണ്ടാം സ്ഥാനത്ത് കേരളമാണ്.

കേരളത്തില്‍ ഒരുലക്ഷം പേരില്‍ 140 പേരോളം ഒരു വര്‍ഷം കാന്‍സര്‍ ബാധിതരാകുന്നുവെന്നാണ് കാന്‍സര്‍ രജിസ്ട്രിയുടെ ഏറ്റവും അവസാനത്തെ കണക്കുകള്‍ പറയുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന സംഖ്യയാണിത്.

കേരളത്തില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം ഭയാനകമാം വിധം വര്‍ധിക്കുന്നതായി 2024ല്‍ പുറത്തിറക്കിയ സര്‍ക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേരളത്തില്‍ കാന്‍സര്‍ ഒരു പ്രധാന സാംക്രമികേതര രോഗമാണെന്നും (എന്‍സിഡി) ദേശീയ ശരാശരിയെ അപേക്ഷിച്ച് സംസ്ഥാനത്തെ പുരുഷന്‍മാരില്‍ കാന്‍സര്‍ മരണനിരക്ക് വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ മുന്‍നിര കാന്‍സര്‍ കെയര്‍ സെന്ററുകളിലൊന്നായ തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) ചികിത്സ തേടിയിരുന്നത് 2020-21ല്‍ 11,191 ആയിരുന്നത് 2022-23ല്‍ 15,324 ആയി ഉയര്‍ന്നു. അതായത് മൂന്ന് വര്‍ഷത്തിനിടെ 36 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഒപ്പം ആര്‍സിസിയില്‍ റിപ്പോര്‍ട്ട് ചെയ്ത അവലോകന കേസുകള്‍ 2020-21 ല്‍ 1,50,330 ല്‍ നിന്ന് 2022-23 ല്‍ 2,42,129 ആയി ഉയര്‍ന്നു. മൂന്ന് വര്‍ഷത്തെ കാലയളവില്‍ 61 ശതമാനത്തിന്റെ വളര്‍ച്ചയാണുണ്ടായത്.

കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ സെന്ററില്‍ (എംസിസി) 2022-23ല്‍ 7,795 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ (സിസിആര്‍സി) ഈ പിരിയേഡില്‍ 1,606 പുതിയ കേസുകളുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. മലബാര്‍ കാന്‍സര്‍ സെന്ററില്‍ ഒരു വര്‍ഷത്തിനിടെ കണ്ടെത്തിയ കേസുകളുടെ ശരാശരി എണ്ണം 7,142 ആണ്. സിസിആര്‍സിയില്‍ ഈ ശരാശരി എണ്ണം 1,351 ആണ്.

ആര്‍സിസിയിലെയും എംസിസിയിലെയും ജനസംഖ്യാടിസ്ഥാനത്തിലുള്ള കാന്‍സര്‍ രജിസ്ട്രി പ്രകാരം പുരുഷന്മാരില്‍ ശ്വാസകോശ അര്‍ബുദവും സ്ത്രീകളില്‍ സ്തനാര്‍ബുദവും കൂടുതലാണ്. വടക്കന്‍ ജില്ലകളില്‍, തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വന്‍കുടലിലെ കാന്‍സര്‍ കേസുകള്‍ കൂടുതലാണ്.

തെക്കന്‍ ജില്ലകളിലെ പുരുഷന്‍മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സറും സ്ത്രീകളില്‍ തൈറോയിഡ് ക്യാന്‍സറും കൂടുതലായി കണ്ടു വരുന്നു. കുട്ടികളില്‍ രോഗം ബാധിക്കുന്നതും ക്രമാധീതമായി ഉയരുന്നുണ്ട്. മലീനീകരണം കൂടുന്ന പ്രദേശങ്ങളില്‍ കൂട്ടത്തോടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുന്നു.

‘കേരളത്തില്‍ കാന്‍സറിന്റെ നിരക്ക് കണക്കാക്കുന്നത് ഒരു വര്‍ഷം ഒരു ലക്ഷം ആളുകളില്‍ എത്ര പേര്‍ക്ക് കാന്‍സര്‍ കണ്ടുപിടിക്കുന്നു എന്നതിനുസരിച്ചാണ്. ഉദാഹരണത്തിന് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന സമയത്ത്, 1990 കളില്‍ ഒരു ലക്ഷത്തില്‍ 70 പേരായിരുന്നത് ഇപ്പോള്‍ ഒരു ലക്ഷത്തില്‍ 140 പേരായി വര്‍ധിച്ചിട്ടുണ്ട്.

അഞ്ചു വര്‍ഷം കൂടുമ്പോഴാണ് കണക്കുകള്‍ പുറത്തുവരുന്നത്. പുതിയ കണക്കുകള്‍ എടുത്ത് വരുന്നതേ ഉള്ളൂ. എന്നിരുന്നാലും ഒരു ലക്ഷത്തില്‍ ഏകദേശം 170 പേര്‍ക്ക് കാന്‍സര്‍ ബാധിക്കുന്നതായി കണക്കാക്കുന്നു. ഈ കണക്കുകള്‍ കാണിക്കുന്നത് തീര്‍ച്ചയായും കേരളത്തില്‍ കാന്‍സര്‍ നിരക്ക് കൂടിവരികയാണ് എന്നാണ്.’, കാന്‍സര്‍ രോഗ വിദഗ്ധന്‍നും എംവിആര്‍ കാന്‍സര്‍ സെന്റര്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. നാരായണന്‍കുട്ടി വാര്യര്‍ പറഞ്ഞു.

കാന്‍സറിനെ ഭയക്കേണ്ടതുണ്ടോ? എങ്ങനെ നേരിടാം

വ്യക്തി, കുടുംബം, സാമൂഹിക-രാഷ്ട്രീയതലം എന്നിങ്ങനെ സമൂഹത്തിന്റെ പല തലങ്ങളില്‍ നിന്നുകൊണ്ട് നേരിടേണ്ട ഒരു രോഗമായി കാന്‍സറിനെ കണക്കാക്കാം. ആധുനിക യുഗത്തിലൂടെ സഞ്ചരിക്കുന്ന നമ്മുടെ ജീവിതക്രമത്തിന് പക്ഷേ, ഇപ്പോഴും കാന്‍സര്‍ എന്ന രോഗത്തെ പരിഗണിക്കാനും പ്രതിരോധിക്കാനും കഴിയാതെ വരാറുണ്ട്. അതിന് പ്രധാന കാരണം കാന്‍സറിനെ ഫലപ്രദമായി എങ്ങനെ കൈകാര്യം ചെയ്യാം എന്നത് നമ്മള്‍ പരിശീലിക്കാത്തത് കൊണ്ടാണ്.

കേരളത്തിലെ സാമൂഹ്യ, സാമ്പത്തിക സ്ഥിതിക്കണക്കുകള്‍ അനുസരിച്ച് ഭൂരിഭാഗം കുടുംബങ്ങളും മിഡില്‍ക്ലാസ് ജീവിതം നയിക്കുന്നവരാണ്. ദീര്‍ഘകാലത്തേയ്ക്ക് ചികിത്സ ലഭ്യമാക്കേണ്ട ഒരു അസുഖം എന്ന നിലയില്‍, കാന്‍സര്‍ ആണെന്ന് അറിയുന്ന നിമിഷം മുതല്‍ രോഗം അംഗീകരിക്കാനുള്ള പ്രയാസം, സാമ്പത്തിക ഭയം, സാമൂഹിക ജീവിതത്തെ കുറിച്ചുള്ള ഭയം, കുടുംബപരമായ ഉത്തരവാദിത്തങ്ങള്‍ തുടങ്ങി നിരവധി സിഗ്മകളിലൂടെ ആ വ്യക്തിയും കുടുംബവും കടന്നുപോകുന്നുണ്ട്.

എന്നാല്‍ കഴിഞ്ഞ 25 വര്‍ഷമായി സമഗ്രമായ കാന്‍സര്‍ ചികിത്സ, അനുബന്ധ സേവനങ്ങള്‍ എന്നിവ ലക്ഷ്യമിട്ടുള്ള ഫലപ്രദമായ പൊതുജനാരോഗ്യ ഇടപെടലുകള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. ഇതിന്റെ പ്രധാന ലക്ഷ്യം കാന്‍സറിനെ കുറിച്ചുള്ള ഭയപ്പാട് അകറ്റുക എന്നതാണ്.

‘കാന്‍സറിന്റെ ഭയപ്പാട് കേരളത്തില്‍ വളരെയധികം കുറഞ്ഞുവരുന്നുണ്ട്. ബോധവല്‍ക്കര പരിപാടികള്‍ നല്ലരീതിയില്‍ നടക്കുന്നുണ്ട്. 25 വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് വന്നിട്ടുള്ള മാറ്റം നേരിട്ട് കാണാന്‍ സാധിച്ചിട്ടുണ്ട്.

ഡോ. നാരായണന്‍കുട്ടി വാര്യര്‍

25 വര്‍ഷം മുമ്പ് കാന്‍സര്‍ ആണെന്ന് പുറത്തുപറയാന്‍ മടിച്ചിരുന്ന, ഭയപ്പെട്ടിരുന്ന സ്ഥിതി മാറി ആളുകള്‍ക്ക് ഇന്നത് പറയാന്‍ മടിയില്ലാത്ത ഒരസുഖമായി മാറിയിട്ടുണ്ട്. അതിന് പ്രധാന കാരണം ധാരാളമായി നടന്നിട്ടുള്ള ബോധവല്‍ക്കണം കൊണ്ടാണ്.

ഞാന്‍ അടക്കമുള്ളവര്‍ ഈ മേഖലയില്‍ ഒരുപാട് ബോധവല്‍ക്കരണം ചെയ്തിട്ടുള്ളത് കൊണ്ട് വന്നിട്ടുള്ള മാറ്റങ്ങള്‍ നേരിട്ടു ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൂടാതെ കാന്‍സര്‍ രോഗം ഭേദപ്പെട്ടവരുടെ സംഘടനകള്‍ രൂപീകരിച്ചുള്ള ബോധവല്‍ക്കരണവും കേരളത്തില്‍ നടക്കുന്നുണ്ട്.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാന്‍സര്‍ രോഗം ഭേദപ്പെട്ടവരുടെ സംഘടനയായ പ്രതീക്ഷ പോലെയുള്ള സംഘടനകള്‍ കാന്‍സര്‍ രോഗത്തെ കുറിച്ച് ജനങ്ങളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ ചെയ്ത പ്രവര്‍ത്തങ്ങള്‍കൂടി കൊണ്ടാണ് ഇന്ന് ആളുകള്‍ കാന്‍സര്‍ ആണെന്ന് പറയാന്‍ മടിക്കാതിരിക്കുന്നത്. എന്നാലും ഇപ്പോഴും ധാരാളം സിഗ്മയുള്ള ഒരു അസുഖമാണ് കാന്‍സര്‍. ആളുകള്‍ക്ക് ഇപ്പോഴും തുറന്നുപറയാന്‍ മടിയുണ്ട്. പക്ഷേ ഒരുപാട് മാറ്റങ്ങള്‍ വന്നു.

കാന്‍സര്‍ വന്ന രോഗികള്‍ക്കുള്ള പ്രധാന പ്രശ്‌നം ധൈര്യം ചോര്‍ന്നുപോകല്‍ ആണ്. കാന്‍സറാണ് എന്ന് അറിയുമ്പോള്‍ ഉണ്ടാകുന്ന ഞെട്ടലില്‍ നിന്നും അവര്‍ എത്രയും പെട്ടെന്ന് മോചിതര്‍ ആവുകയും ശരിയായ രീതിയിലുള്ള ചികിത്സ എടുക്കുകയും ചെയ്താലേ, രോഗത്തില്‍ നിന്നും രക്ഷനേടാന്‍ സാധിക്കൂ.

ഏറ്റവും പ്രധാന പ്രശ്‌നം ‘ഡിനയല്‍’ എന്ന ഒരു ഫേസാണ്. ‘എനിക്ക് കാന്‍സര്‍ ഉണ്ടാകുമോ?’ എന്ന് ചിന്തിക്കുന്ന ഫേസ് ആണിത്. കാന്‍സര്‍ ആണ് എന്നുള്ള സ്വയം ബോധ്യപ്പെടുത്തല്‍ ആദ്യം ഉണ്ടാവണം. രണ്ടാമത്തേത് സമയദൈഘ്യം കുറച്ച് ആത്മധൈര്യം വീണ്ടെടുക്കല്‍ ആണ്. കാന്‍സര്‍ വന്നു, എന്താണ് ചികിത്സകള്‍ എന്നതിനെ കുറിച്ച് ചിന്തിക്കാനുള്ള ഉള്‍ക്കൊള്ളല്‍ ഉണ്ടാവണം. പെട്ടെന്ന് ഈ തീരുമാനം എടുത്താല്‍ സമയ ദൈര്‍ഘ്യം കുറക്കാം.

മൂന്നാമത്തെ കാര്യം, കാന്‍സറിനെ കുറിച്ച് മനസ്സിലാക്കുക എന്നതാണ്. ഏതുതരം കാന്‍സര്‍ ആണ്, ചികില്‍സിച്ച് മാറ്റാവുന്ന കാന്‍സര്‍ ആണോ തുടങ്ങിയ അന്വേഷണം നടത്തണം. ബാധിച്ചിരിക്കുന്ന കാന്‍സറിനെ കുറിച്ചുള്ള ശരിയായ പഠനം രോഗിയും രോഗിയുടെ ബന്ധുക്കളും നടേേത്തണ്ടതാണ്.

വാട്‌സ്ആപ്പ്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെയല്ല പഠനം നടത്തേണ്ടത്, മറിച്ച് കൃത്യമായുള്ള വിവരങ്ങള്‍ ലഭിക്കുന്ന രീതിയില്‍ ആവണം പഠനം നടത്തേണ്ടത്. കേരളത്തില്‍ ധാരാളം വെബ്‌സൈറ്റുകള്‍ ലഭ്യമാണ്. oncologistindia.org എന്ന വെബ്‌സൈറ്റ് കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.

നാലമത്തേത് ചികിത്സയുടെ സാമ്പത്തിക ഭാരം എങ്ങനെ നേരിടാം എന്നുള്ളതാണ്. ഞാന്‍ ഈ മേഖലയിലേയ്ക്ക് കടന്നുവരുമ്പോള്‍ ചുരുക്കം ഡോക്ടര്‍മാരെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ആ അവസ്ഥ മാറി. കേരളത്തിലെ ഓരോ ജില്ലകളിലും കാന്‍സറിനെ ചികിത്സിക്കുന്ന സെന്ററുകളും ഡോക്ടര്‍മാരും ഉണ്ട്. വളരെ പോസിറ്റീവ് ആയ മാറ്റം ആണിത്.

വളരെ ശാസ്ത്രീയമായ ചികിത്സ കിട്ടുന്ന സാഹചര്യം കേരളത്തില്‍ ഇന്ന് നിലവിലുണ്ട്. അതുകൊണ്ട് കൃത്യമായും നല്ല രീതിയിലുള്ള ചികിത്സ തേടിപോകണം. ഒരിക്കലും ഒറ്റമൂലിയുടെയോ പച്ചമരുന്നിന്റെയോ, അതായത് തെളിയിക്കപ്പെടാത്ത മരുന്നുകളുടെ പിറകെ പോകരുത്. അതുകൊണ്ടാണ് കാന്‍സറിനെ കുറിച്ചും ചികിത്സയെ കുറിച്ചുമൊക്കെയുള്ള ശരിയായ വിദ്യാഭ്യാസം രോഗിക്കും ബന്ധുക്കള്‍ക്കും കിട്ടണം എന്ന് പറയുന്നത്.

ഇന്നിപ്പോള്‍ ഓരോ ടൈപ് കാന്‍സറിനും ഉള്ള സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ ഉണ്ട്. കാന്‍സര്‍ രോഗിക്ക് ഈ സപ്പോര്‍ട്ട് ഗ്രൂപ്പുകളില്‍ ഏതെങ്കിലും ഒന്നിന്റെ സഹായം തേടാം. അങ്ങനെ വരുമ്പോഴും ഈ സപ്പോര്‍ട്ട് ഗ്രൂപ്പുകളുടെ അകത്ത് തന്നെ വ്യാപാര കണ്ണുള്ള ആളുകളും ഉണ്ടാകും. മുള്ളാത്തയുടെ സംസ്‌ക്കരിച്ച പൊടിയുണ്ട്, ചികിത്സയുടെ കൂടെ ഇതും കഴിക്കാം എന്നൊക്കെ പറഞ്ഞ് വ്യാപാരം നടത്തുന്നവര്‍ ഉണ്ടാകും. ഇതൊക്കെ തിരിച്ചറിഞ്ഞ് സപ്പോര്‍ട്ട് ഗ്രൂപ്പുകളുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുന്നത് രോഗിയ്ക്ക് വളരെയധികം ധൈര്യവും ചികില്‍സയ്ക്ക് സഹായകവുമാകും.

കാന്‍സര്‍ ചികിത്സാ മേഖലയില്‍ ലോകോത്തര ചികിത്സ ലഭ്യമാക്കണം എന്ന ലക്ഷ്യമായാണ് എംവിആര്‍ കാന്‍സര്‍ മെഡിക്കല്‍ സെന്റര്‍ തുടങ്ങുന്നത്. നൂതന ചികിത്സയും സൗകര്യങ്ങളും ഉപയോഗപ്പെടുത്താന്‍ ജനങ്ങള്‍ക്ക് കഴിയണം എന്ന ആഗ്രഹത്തില്‍ കാന്‍സര്‍ കെയര്‍ സ്‌കീം എന്ന പേരില്‍ 15000 രൂപ ഡെപ്പോസിറ്റ് ചെയ്താല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള കാന്‍സര്‍ ചികിത്സ സൗജന്യമായി ലഭ്യമാക്കാനുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്തു. അത് നടപ്പാക്കി വരുന്നുണ്ട്. ഇത് ചെയ്യാന്‍ പോലും തയ്യാറാവാത്ത ഒരുപാട് ആളുകളുണ്ട്.

ആരോഗ്യ ചെലവു മറികടക്കാന്‍ ഇന്‍ഷൂറന്‍സ് മാത്രമേ രക്ഷയൊള്ളൂ. ഇന്‍ഷൂറന്‍സ് എടുക്കുന്നതിന് സാമ്പത്തികം പ്രധാന പ്രശ്‌നമാണ്. എല്ലാ വര്‍ഷവും ഇന്‍ഷൂറന്‍സിന്റെ പ്രീമിയം അടക്കേണ്ടതുണ്ട്. ഒരു തവണത്തെ പ്രീമിയം തന്നെ 30000 രൂപയെങ്കിലും വരും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചികില്‍സയ്ക്ക തടസ്സമാവരുത് എന്ന് കരുതിയാണ് കെയര്‍ സ്‌കീം കൊണ്ടുവന്നത്. ഒരുജീവിത കാലത്ത് 15000 രൂപയെ വേണ്ടൂ.

ഇന്നത്തെ സ്ഥിതിയില്‍ ഒരു കുടുംബം ഹോട്ടലില്‍ പോയി ഭക്ഷണം കഴിച്ചാല്‍ ഇത്ര രൂപയാകും. അതുപോലും ചെയ്യാന്‍ പറ്റുന്നില്ല എന്നതാണ്. എനിക്ക് കാന്‍സര്‍ വരില്ല, കാന്‍സര്‍ വരുമ്പോള്‍ അപ്പോള്‍ നോക്കാം എന്ന മനോഭാവമാണ് നമ്മുടെ ജനം വെച്ചുപുലര്‍ത്തുന്നത്. പെട്ടെന്നൊന്നും ഒരു മാറ്റം പ്രതീക്ഷിക്കാന്‍ കഴിയില്ല. പകരം ജനം പതുക്കെ പതുക്കെ മാറിവരികയേ ഉള്ളൂ.’, ഡോ. നാരായണന്‍കുട്ടി വാര്യര്‍ പറയുന്നു.

ജീവിത ശൈലിയും നഗര, ഗ്രാമ വ്യത്യാസവും

‘കാന്‍സറിന്റെ പ്രധാന കാരണം ജീവിത ശൈലിയാണ്. ജീവിത ശൈലിയില്‍ ഏറ്റവും പ്രധാനമായി പറയാവുന്നത് നമ്മുടെ ദുശ്ശീലങ്ങളാണ്. പുകവലിയും മദ്യപാനവും. രണ്ടാമത്തെ കാരണം നമ്മുടെ ഭക്ഷണ രീതി. മൂന്നാമത്തേത് നമ്മുടെ വ്യായാമ കുറവ്. നാലാമത്തെ കാരണം അന്തരീക്ഷ മലിനീകരണം പോലെയുള്ള പരിസ്ഥിതിയിലെ മാറ്റങ്ങളാണ്.

ചെറിയൊരു ശതമാനം അണുബാധ കൊണ്ടുള്ള കാന്‍സറുകള്‍ ഉണ്ടാകുന്നുണ്ട്. ഉദാഹരണത്തിന് ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധമൂലമുണ്ടാകുന്ന ഗര്‍ഭാശയമുഖ കാന്‍സര്‍, ഹെപ്പറ്റൈറ്റിസ് ബി വൈറസ് അണുബാധ കരളിലെ കാന്‍സറിനു കാരണമാകും, ജനിതക കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന കാന്‍സറുകളും ഉണ്ട്.

ഇന്ത്യയില്‍ കാന്‍സറിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഗ്രാമീണ മേഖല, നഗരം എന്ന വ്യത്യാസം കൃത്യമായി കാണാന്‍ സാധിക്കും. നഗര പ്രദേശങ്ങളിലെ കാന്‍സറുകളുടെ സ്വഭാവം വേറെയാണ്. ഗ്രാമീണ മേഖലയിലെ കാന്‍സറുകളുടെ സ്വഭാവവും വേറെയാണ്.

ഉദാഹരണത്തിന് ഗ്രാമീണ മേഖലയില്‍ ഒരു കാലത്ത് സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കണ്ടിരുന്നത് ഗര്‍ഭാശയമുഖ കാന്‍സര്‍ ആയിരുന്നു. അതിനൊരു പ്രധാന കാരണം ജീവിത രീതിയിലുള്ള വ്യത്യാസം കാരണമാണ്. ലൈംഗിക ശുചിത്വത്തിന്റെയൊക്കെ ഭാഗമായാണ് ഗര്‍ഭാശയ കാന്‍സര്‍ വരുന്നത്.

വിദ്യാഭ്യാസമുള്ള കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം നയിക്കുന്ന നഗര പ്രദേശങ്ങളില്‍ ബ്രെസ്റ്റ് കാന്‍സര്‍ ആണ് കൂടുതല്‍ ഉണ്ടായിരുന്നത്. പക്ഷേ, ഇന്ന് ഈ വ്യത്യാസങ്ങള്‍ കുറഞ്ഞുവരുന്നുണ്ട്.

കേരളത്തില്‍ പണ്ട് മുതല്‍ നഗര, ഗ്രാമീണ വ്യത്യാസമില്ല. കാരണം എല്ലാ അര്‍ത്ഥത്തിലും ഗ്രാമം എന്ന് വിളിക്കാവുന്ന ഗ്രാമങ്ങള്‍ കേരളത്തിലില്ല. കേരളത്തില്‍ റോഡ് സൗകര്യം ഇല്ലാത്ത, വൈദ്യുതി എത്താത്ത സ്ഥലങ്ങള്‍ ഉണ്ടാവാന്‍ സാധ്യത വളരെ കുറവാണ്. കേരളം ഒട്ടാകെ വലിയൊരു നഗരം ആയാണ് കണക്കാക്കപ്പെടുന്നത്. നമ്മുടെ ജനങ്ങളുടെ സാമൂഹ്യ-സാംസ്‌ക്കാരിക-സാമ്പത്തിക ഘടകങ്ങള്‍ കൊണ്ടാണിത്. അതുകൊണ്ട് തന്നെ കേരളത്തിലെ കാന്‍സറുകളുടെ എപ്പിഡമോളജിക്കല്‍ സ്വഭാവം നോക്കുകയാണെങ്കില്‍ അതില്‍ നഗര, ഗ്രാമീണ വ്യത്യാസം ഇല്ല.’, ഡോ. നാരായണന്‍കുട്ടി വാര്യര്‍ പറയുന്നു.

കാന്‍സര്‍: ശരാശരി പ്രായം, പുരുഷന്മാരില്‍ മരണ നിരക്ക് കൂടുതല്‍

കാന്‍സര്‍ കണ്ടുപിടിക്കപ്പെടുന്ന പ്രായം കണക്കാക്കുകയാണെങ്കില്‍ പാശ്ചാത്യ ജനസംഖ്യയേക്കാള്‍ ഏകദേശം 10 വര്‍ഷം കുറവാണ് കേരളത്തില്‍ കണ്ടെത്തുന്ന കാന്‍സറുകള്‍ക്ക്. അസുഖത്തിന്റെ വ്യത്യസ്ഥ സ്വഭാവം കൊണ്ടാണ് പ്രധാനമായും ഇങ്ങനെ കാണുന്നത്.

കാന്‍സറിന് നാച്ചുറല്‍ ഹിസ്റ്ററി ഉണ്ടാകും. മാത്രമല്ല, ഇവിടെ കാണുന്ന ചിലതരം കാന്‍സറുകള്‍ക്ക് ശക്തി കൂടുതല്‍ ഉണ്ടാകും. യൂറോപ്പിലും അമേരിക്കയിലും കാണുന്നത് പോലെയല്ല. കുറച്ചുകൂടി ‘അഗ്രസ്സീവ് ബിഹേവിയര്‍’ ആയിരിക്കും. അതുകൊണ്ടാണ് നേരത്തെ കണ്ടുപിടിക്കപ്പെടുന്നത്.

‘ഏറ്റവും നല്ല ഉദാഹരണമായി എടുക്കാവുന്നത് ബ്രെസ്റ്റ് കാന്‍സര്‍ ആണ്. ബ്രെസ്റ്റ് കാന്‍സര്‍ വരുന്ന മിക്കവരുടെയും ശരാശരി പ്രായം 65 വയസ്സാണ്. എന്നാല്‍ കേരളത്തില്‍ 55 വയസ്സാണ്. ബ്ലഡ് കാന്‍സര്‍ എടുക്കുകയാണെങ്കില്‍ ശരാശരി പ്രായം 10 വയസ്സിന് മുകളിലേയ്ക്കാണ്. സിഎംഎല്‍- ക്രോണിക് മൈലോന്‍ ലുക്കീമിയ എന്ന കാന്‍സര്‍ വരുന്നതിന്റെ ശരാശരി പ്രായം 55 വയസ്സാണ്. കേരളത്തില്‍ 45 വയസ്സില്‍ ഈ രോഗം കണ്ടെത്തും.

ഏറ്റവും കൂടുതല്‍ ചികിത്സിച്ച് മാറ്റാന്‍ സാധിക്കാത്ത കാന്‍സറുകള്‍ കണ്ടെത്തുന്നത് പുരുഷന്മാരിലാണ്. ശ്വാസകോശ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവ പുരുഷന്മാരില്‍ കൂടുതല്‍ മരണത്തിന് കാരണമാകുന്നു. ശ്വാസകോശ കാന്‍സര്‍, പ്രോസ്റ്റെറ്റ് കാന്‍സര്‍, വന്‍കുടല്‍ കാന്‍സര്‍, വായയിലെയും അന്നനാളത്തിലെയും കാന്‍സര്‍ എന്നിവയാണ് പുരുഷന്മാരില്‍ കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകളില്‍ ബ്രെസ്റ്റ് കാന്‍സര്‍, ഗര്‍ഭപാത്രമുഖ കാന്‍സര്‍, തൈറോയിഡ് കാന്‍സര്‍, വന്‍കുടല്‍ കാന്‍സര്‍ എന്നിവയാണ് പൊതുവേ കാണുന്നത്.

കുട്ടികളില്‍ പ്രധാനമായും കാന്‍സര്‍ രോഗബാധ ഉണ്ടാകുന്നത് ജനിതകമായ കാരണങ്ങള്‍ കൊണ്ടാണ്. ജന്മനാ ജീനില്‍ മ്യൂട്ടേഷന്‍ സംഭവിച്ചിട്ടുണ്ടാവും. ഇത് അസുഖങ്ങള്‍ ഒന്നും ഉണ്ടാക്കില്ല. എന്നാല്‍ ജനിച്ചുകഴിഞ്ഞ് രണ്ടാമത് ഒരു മ്യൂട്ടേഷന്‍ കൂടി സംഭവിക്കുമ്പോള്‍ ആണ് കുട്ടികളില്‍ കാന്‍സര്‍ കണ്ടെത്തുന്നത്.

ഡബിള്‍ ഹിറ്റ് തിയറി എന്നാണ് ഇതിന് പറയുന്നത്. രണ്ടാമതുള്ള മ്യൂട്ടേഷന് പല കാരണങ്ങള്‍ ഉണ്ടാകാം. അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ആവാം, പാരമ്പര്യം തന്നെയാവാം. കുട്ടികളില്‍ പ്രധാനമായും കണ്ടുവരുന്നത് ബ്ലഡ് കാന്‍സറും ബ്രെയില്‍ ട്യൂമറുമാണ്. കേരളത്തില്‍ അപൂര്‍മായി കാണുന്ന കാന്‍സറുകള്‍ ബ്ലഡ് കാന്‍സര്‍, ബ്രെയില്‍ കാന്‍സര്‍ മുതലായവയാണ്.’, ഡോ. നാരായണന്‍കുട്ടി വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

FAQs

ആരാണ് ഡോ. നാരായണൻകുട്ടി വാര്യർ?

കാൻസർ രോഗ ചികിത്സകൻ, കാൻസർ രോഗ വിദഗ്ധൻ. എംവിആർ കാൻസർ സെന്റർ ആൻറ്​ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മെഡിക്കൽ ഡയറക്ടർ. ‘കാൻസർ കഥ പറയുമ്പോൾ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്താണ് കാന്‍സര്‍?

അസാധാരണമായ, കാര്യകാരണ സഹിതമല്ലാതെ ശരീര കോശങ്ങള്‍ ഇരട്ടിക്കുന്ന അവസ്ഥയാണ് കാന്‍സര്‍.

എന്താണ് ഹ്യൂമൻ പാപ്പിലോമ വൈറസ് ?

എച്ച്പിവി എന്നത് ഹ്യൂമൻ പാപ്പിലോമ വൈറസ് എന്നതിന്റെ ചുരുക്കപ്പേരാണ്. പാപ്പിലോമാ വൈറസ് കുടുംബത്തിലെ മറ്റു വൈറസുകളെ പോലെ മനുഷ്യരെ ദോഷകരമായി ബാധിക്കുന്ന ഒരിനം വൈറസാണ് എച്ച്പിവി. എച്ച്പിവി വൈറസുകളിൽ തന്നെ 200 എണ്ണത്തോളം യാതൊരു അടയാളവും കാണിക്കാതെ മനുഷ്യനിൽ നിലനിൽക്കാൻ കഴിവുള്ളവയാണ്.

Quotes

“ജീവിതത്തിൽ പല തോൽവികളും നേരിടേണ്ടിവരും, പക്ഷേ ഒരിക്കലും നിങ്ങളെ തോൽക്കാൻ അനുവദിക്കരുത്- മായ ആഞ്ചലോ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.