കൊല്ലം: അമ്മ പ്രസിഡന്റിന് പ്രതികരണ ശേഷി നഷ്ടപ്പെട്ടുവെന്ന് നടന്‍ ഷമ്മി തിലകന്‍. ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെയായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം.
സിദ്ദീഖിന്റെ രാജി സ്വാഗതം ചെയ്യുന്നുവെന്നും രാജി അനിവാര്യമായ ഒന്നാണെന്നും നടന്‍ പറഞ്ഞു. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കണമെന്നായിരുന്നു രഞ്ജിത്തിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഷമ്മി തിലകന്‍ പ്രതികരിച്ചത്.
അതേസമയം, ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി രാജിവെച്ചതിന് പിന്നാലെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം വിളിച്ച് ‘അമ്മ’. ചൊവ്വാഴ്ചയാണ് അടിയന്തര യോഗം വിളിച്ചത്.
സിദ്ദിഖ് രാജിവെച്ചതിന് പിന്നാലെ ജോയിന്റ് സെക്രട്ടറി എന്നുള്ള നിലയ്ക്ക് പകരം ചുമതല നിര്‍വഹിക്കുമെന്ന് ബാബുരാജ് അറിയിച്ചു. ബാക്കി കാര്യങ്ങള്‍ എക്‌സിക്യൂട്ടീവ് ചേര്‍ന്നതിനുശേഷം തീരുമാനിക്കും. വിവാദങ്ങളില്‍ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പ്രതികരിക്കാമെന്ന് ജഗദീഷ് അറിയിച്ചു.
സിദ്ദിഖിന് പിന്നാലെ ലൈംഗിക പീഡനാരോപണം നേരിടുന്ന ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് രാജിവെച്ചിരുന്നു. ബംഗാളി നടിയുടെ പരാതി പുറത്തുവന്നതിന് പിന്നാലെ കനത്ത പ്രതിഷേധമാണുയര്‍ന്നത്. ഇതിനൊടുവിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവി രഞ്ജിത്ത് ഒഴിഞ്ഞത്.