Tue. Nov 5th, 2024

 

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സെട്രല്‍ ജയിലില്‍ നിരാഹാര സമരം നടത്തിയ മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരന്‍ അനൂപിനെതിരെ ജയില്‍ അധികൃതരുടെ പ്രതികാര നടപടി.

ആഴ്ചയില്‍ രണ്ട് തവണ ജയിലിലെ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതിയും മൂന്ന് മാസത്തേക്ക് ജയിലില്‍ സന്ദര്‍ശകരെ കാണാനും സംസാരിക്കാനുള്ള അവകാശവുമാണ് ജയില്‍ സൂപ്രണ്ട് നിഷേധിച്ചിരിക്കുന്നത്.

തന്നെ അനുസരിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ജയില്‍ സൂപ്രണ്ട് സെന്തില്‍കുമാര്‍ സഹ തടവുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൂപ്രണ്ടിനെതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റ് തടവുകാരനായ കാളിദാസ് 10 ദിവസത്തെ നിരാഹാര സമരം നടത്തി.

ജയില്‍ ഡിഐജി ഇടപെട്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ ജൂണ്‍ രണ്ടാം വാരത്തില്‍, അനൂപിനെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് പോയ ദിവസം അദ്ദേഹത്തിന്റെ സെല്ലില്‍ കയറി പരിശോധന എന്ന പേരില്‍ ജയില്‍ വാര്‍ഡന്മാര്‍ അനൂപിന്റെ പുസ്തകങ്ങളും വസ്ത്രങ്ങളും സെല്ലിന് പുറത്തേക്ക് വലിച്ചെറിഞ്ഞു.

തനിക്കും മറ്റ് തടവുകാര്‍ക്കുമെതിരെ നിരന്തരം ആവര്‍ത്തിക്കുന്ന അനീതിക്കും അപമാനത്തിനും എതിരെ അനൂപ് ഓഗസ്റ്റ് 15 മുതല്‍ 21 വരെ നിരാഹാര സമരം നടത്തുകയും ജയില്‍ ഡിഐജി സംഭവം അന്വേഷിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് പ്രഭാതഭക്ഷണവും അത്താഴവും ഒഴിവാക്കി അനൂപ് വീണ്ടും പ്രതിഷേധം ആരംഭിച്ചു.

ഇതിനുള്ള പ്രതികാര നടപടി എന്നോണമാണ് ജയില്‍ സൂപ്രണ്ട് ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് നിരാഹാര സമരം നടത്തി എന്ന കുറ്റം ചുമത്തി അനൂപിന്റെ മൂന്ന് മാസത്തേയ്ക്ക് ഫോണ്‍ ഉപയോഗിക്കാനും സന്ദര്‍ശകരെ കാണാനുമുള്ള അവകാശം നിഷേധിച്ചിരിക്കുന്നത്. ജയിലിലെ സ്ഥിതി തുടരുന്നത്കൊണ്ട് വീണ്ടും നിരാഹാരസമരം ആരംഭിക്കുമെന്ന് അനൂപ്‌ അറിയിച്ചു.