Sun. Dec 22nd, 2024

 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഗര്‍ഭിണിയടക്കം 12 പേര്‍ക്ക് പരിക്ക്. മീററ്റിലെ തറ്റിന ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് അക്രമികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

സിറാജുദ്ദീന്‍ ഖുറേശി(28), വാഹിദ് അഹ്‌മദ് (30) എന്നിവര്‍ തമ്മിലാണ് ആദ്യം പ്രശ്‌നമുണ്ടായത്. മൂന്നുമാസമായി ഹാപുര്‍ ജില്ലയില്‍ താമസിക്കുകയാണ് സിറാജുദ്ദീന്‍ ഖുറേശി. ശനിയാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങവെ സിറാജുദ്ദീനും വാഹിദ് അഹ്‌മദും തമ്മില്‍ വാക് തര്‍ക്കമുണ്ടായി.

ഇരുവരുടെയും പ്രശ്‌നത്തില്‍ ആ വഴി കടന്നുപോയ പ്രാദേശത്തെ ഡോക്ടറായ സീതാറാം(62) ഇടപെട്ടു. ഇത് വാഹിദിനും സിറാജുദ്ദീനും ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സീതാറാമിനെ മര്‍ദ്ദിച്ചു.

ഉടന്‍ പ്രദേശവാസികള്‍ എത്തി ഡോക്ടറെ രക്ഷിക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് സിറാജുദ്ദീന്റെ കുടുംബത്തില്‍ നിന്ന് 12 ഓളം ആളുകള്‍ അയാളെ രക്ഷിക്കാനായി ഓടിയെത്തിയെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പ്രശ്‌നം ഇരുമത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു.

ഹിന്ദു വിഭാഗവും മുസ്‌ലി വിഭാഗവും തമ്മില്‍ കല്ലും മൂര്‍ച്ചയേറിയ ആയുധങ്ങളുമുപയോഗിച്ച് ആക്രമണം തുടങ്ങി. സംഘര്‍ഷത്തില്‍ ഗര്‍ഭിണിയായ സോനം എന്ന യുവതിയടക്കം 12 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഭര്‍ത്താവ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

സംഭവം ഡോ. സീതാറാമിന്റെ ചെറുമകന്‍ വിപുല്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ്ദള്‍ നേതാക്കളെ അറിയിച്ചു. ഉടന്‍ തന്നെ 40 ഓളം വരുന്ന ആളുകള്‍ സ്ഥലത്തെത്തി.

ആക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇവര്‍ ലോഹിയ നഗര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ ധര്‍ണ നടത്തുകയും ചെയ്തു. സിറാജുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.