Wed. Jan 22nd, 2025

അഗർത്തല: ത്രിപുരയിൽ നാലു ദിവസമായി തുടരുന്ന കനത്ത മഴയെത്തുടർന്ന് 19 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധിയിടങ്ങൾ വെള്ളത്തിനടിയിലായി. 

തെക്കൻ ത്രിപുരയിൽ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് കുടുംബങ്ങളിലെ കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ശക്തമായ മഴയെത്തുടർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്നും നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മേഖലയിലേക്ക് ദേശീയ ദുരന്ത നിവാരണസേനയുടെ കൂടുതൽ സംഘങ്ങൾ എത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനായി വ്യോമസേനയുടെ ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ വഴിയാണ് പലയിടത്തും ഭക്ഷ്യ സാധനങ്ങൾ എത്തിച്ചുനൽകിയത്. 

ഗോമതി, തെക്കൻ ത്രിപുര, ഉനകോതി, പടിഞ്ഞാറൻ ത്രിപുര ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. മിക്ക നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. ആഗസ്റ്റ് 19 മുതൽ 450ഓളം ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിൽ 65,400 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. 17 ലക്ഷത്തിലേറെ പേരെ വെള്ളപ്പൊക്കം ബാധിച്ചു. രണ്ടായിരത്തിലേറെ ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. സംസ്ഥാനത്തെ സ്കൂളുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്.