Sat. Dec 14th, 2024

ന്യൂഡൽഹി: ആദിവാസി- ദലിത് സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദിന് തുടക്കം. കേന്ദ്രസർക്കാരിൻ്റെ സംവരണ നയത്തിനും സുപ്രീം കോടതിയുടെ ക്രീമിലെയർ വിധിക്കുമെതിരായാണ് നാഷണൽ കോൺഫെഡറേഷൻ ഓഫ് ദളിത് ആൻഡ് ആദിവാസി ഓർഗനൈസേഷൻസ് രാജ്യവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലും ഇന്ന് ഹർത്താലാണ്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താലെന്ന് വിവിധ ആദിവാസി – ദലിത് സംഘടനകൾ അറിയിച്ചു. വാഹനങ്ങൾ തടയുകയോ കടകൾ അടപ്പിക്കുകയോ ചെയ്യില്ല. അതിനാൽ ഹർത്താൽ ജനജീവിതത്തെ സാരമായി ബാധിക്കില്ല. പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാടിനെ ഒഴിവാക്കിയിട്ടുണ്ട്.

 എസ്സി എസ്ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും എസ്സി എസ്ടി വിഭാഗങ്ങളിൽ ക്രീമിലെയർ നടപ്പാക്കാനും ഈ മാസം ഒന്നിന് സുപ്രീം കോടതി വിധിച്ചിരുന്നു. സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെൻ്റിൽ നിയമനിർമ്മാണം നടത്തണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. ദേശീയതലത്തിൽ സമഗ്രമായ ജാതി സെൻസസ് നടത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. 

കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും എല്ലാ ബാക്ക്‌ലോഗ് ഒഴിവുകളും നികത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. ജാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.