തിരുവനന്തപുരം: പ്രതിമാസം 15 കിലോ ലിറ്ററിന് താഴെ ഉപഭോഗമുള്ള ബിപിഎൽ ഉപഭോക്താക്കൾക്ക് സൗജന്യ ജലവിതരണം തുടരാനാവില്ലെന്ന് ജല അതോറിറ്റി. പ്രതിമാസം 10 മുതൽ 12 കോടി രൂപ വരെ അധികബാധ്യത വരുന്ന സാഹചര്യത്തിൽ സർക്കാർ വിഹിതം നൽകാതെ മുന്നോട്ടുപോകാനാകില്ലെന്ന് ഡയറക്ടർ ബോർഡ് യോഗം വിലയിരുത്തുകയും പണം ആവശ്യപ്പെട്ട് സർക്കാറിന് കത്ത് നൽകാൻ തീരുമാനിക്കുകയും ചെയ്തു.
ജല അതോറിറ്റിക്ക് സർക്കാറിൽനിന്ന് നോൺ പ്ലാൻ ഗ്രാൻറ് ലഭിക്കുന്നില്ല. ബിപിഎൽ സബ്സിഡിക്ക് തുല്ല്യമായ ഗ്രാൻറ് അനുവദിക്കുന്നതിനോ നോൺ പ്ലാൻ ഗ്രാൻറ് കൃത്യമായി നൽകാനോ സർക്കാറിനോട് ആവശ്യപ്പെടാനാണ് തീരുമാനം.
അതേസമയം, മാരക രോഗമുള്ളവർ, ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർക്ക് പുതുക്കിയ വെള്ളക്കരത്തിൽ ഇളവ് നൽകുന്നതിനുള്ള അജണ്ടക്ക് ബോർഡ് അംഗീകാരം നൽകി.