Wed. Nov 6th, 2024

 

ലണ്ടന്‍: ബ്രിട്ടനിലെ കുടിയേറ്റ വിരുദ്ധ കലാപത്തിന് പിന്നാലെ ലണ്ടനിലെ 92 ശതമാനം മുസ്ലിങ്ങള്‍ക്കും തങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് റിപ്പോര്‍ട്ട്. മുസ്ലിം വിമന്‍സ് നെറ്റ്വര്‍ക്ക് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ആഗസ്റ്റ് 5 ,6 തീയതികളില്‍ നടത്തിയ സര്‍വേയില്‍ കലാപത്തിന്റെ തുടക്കം മുതല്‍ ആറിലൊരാള്‍ വംശീയ ആക്രമണങ്ങള്‍ക്ക് വിധേയരായതായി കണ്ടെത്തി.

മുസ്ലിം വിരുദ്ധ വിദ്വേഷ സംഭവങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ബ്രിട്ടീഷ് ചാരിറ്റിയായ ടെല്‍ മാമയും കലാപ സമയത്തും അതിനുശേഷവും ഇസ്ലാമോഫോബിയ വര്‍ധിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുണ്ട്.

മുസ്ലിം സ്ത്രീകള്‍ക്കെതിരായ വധഭീഷണി ഉള്‍പ്പെടെ 500 ഓളം ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ഭീഷണികള്‍ ഈ കാലയളവില്‍ ലഭിച്ചതായി ടെല്‍ മാമ ചാരിറ്റി അറിയിച്ചു.

തങ്ങള്‍ ക്രൂരമായ ഇസ്ലാമോഫോബിയ ആക്രമണങ്ങള്‍ക്ക് ഇരയായതായി നിരവധി മുസ്ലിങ്ങള്‍, മുസ്ലിം വിമന്‍സ് നെറ്റ്വര്‍ക്കിനോട് പറഞ്ഞു. ആഗസ്റ്റ് 2 ന് നടന്ന ആക്രമണത്തില്‍ ലിവര്‍പൂളിലെ അബ്ദുല്ല ക്വില്ല്യം മസ്ജിദില്‍ അഭയം തേടേണ്ടി വന്നതായി ലണ്ടണ്‍ സ്വദേശിയായ ലീല തമിയ പറഞ്ഞു.

‘കലാപം ഉണ്ടാകുന്നതിന് മുമ്പ് തന്നെ എന്നെയും എന്റെ സമൂഹത്തെയും സംരക്ഷിക്കാന്‍ വേണ്ടി പൊലീസിനെ ആശ്രയിക്കാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്,’ ലീല തമിയ പറഞ്ഞു.

തങ്ങളെ പൊലീസ് സംരക്ഷിക്കിലെന്നു 26 കാരനായ പിഎച്ച്ഡി വിദ്യാര്‍ത്ഥിയും പറഞ്ഞു. ‘പോലീസ് ഞങ്ങളെ സംരക്ഷിക്കാന്‍ പോകുന്നില്ല എന്ന ധാരണ എനിക്ക് ഉണ്ടായിരുന്നു. അത് സത്യമായിരുന്നു. അതിനാല്‍ മുസ്ലിം സമുദായത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത് വളരെ പ്രധാനമാണ്. സന്തോഷകരമായ ഒരു കാര്യം എന്തെന്ന് വെച്ചാല്‍ ആ വെള്ളിയാഴ്ച്ച പള്ളി സംരക്ഷിക്കാന്‍ അമുസ്ലിം വിഭാഗത്തില്‍ പെട്ട ധാരാളം പേര്‍ ഉണ്ടായിരുന്നു എന്നതാണ്,’ അദ്ദേഹം പറഞ്ഞു.

‘കൊല്ലപ്പെട്ട മൂന്ന് പെണ്‍കുട്ടികളെ ഓര്‍ത്ത് ഞങ്ങള്‍ക്ക് സങ്കടമുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നാലെ അവര്‍ ഞങ്ങളെ സംശയിക്കുകയാണ്,’ 29 കാരിയായ കവിയത്രി ആമിന അതിഖ് പറഞ്ഞു.

അതേസമയം, വിദ്വേഷ കുറ്റകൃത്യ നിയമം പുനര്‍പരിശോധിക്കാന്‍ മുസ്ലിം വിമന്‍സ് നെറ്റ്വര്‍ക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ബറോണസ് ഷൈസ്ത ഗോഹിര്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

സൗത്ത്‌പോര്‍ട്ടില്‍ നടന്ന ടെയ്ലര്‍ സ്വിഫ്റ്റിന്റെ ഡാന്‍സ് പാര്‍ട്ടിയില്‍ മൂന്ന് പെണ്‍കുട്ടികളെ 17കാരന്‍ കുത്തികൊലപ്പെടുത്തിയ സംഭവമാണ് കലാപത്തിന്റെ തുടക്കം. 17 കാരന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടിയില്‍ കുട്ടികളെ ആക്രമിച്ചത് തീവ്ര ഇസ്ലാമിക് കുടിയേറ്റക്കാരനാണെന്ന വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ കുറ്റവാളി ബ്രിട്ടീഷ് വംശജനാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. റുവാണ്ടന്‍ മാതാപിതാക്കളുടെ മകനായി ബ്രിട്ടനില്‍ ജനിച്ച പതിനേഴുകാരനായ ആക്‌സല്‍ മുഗന്‍വ റുഡകുബാനയാണ് ഈ ക്രൂരമായ ആക്രമണം നടത്തിയത്.