Wed. Jan 22nd, 2025

 

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യ വ്യാപകമായി പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് ക്രമസമാധാന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.

സംസ്ഥാന പോലീസ് സേനകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് ക്രമസമാധാന റിപ്പോര്‍ട്ട് അയക്കണമെന്നാണ് മന്ത്രാലയം വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സമാന നിര്‍ദേശമുണ്ട്.

സുരക്ഷിതത്വം ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ദിവസങ്ങളായി പണിമുടക്കിയാണ് പ്രതിഷേധിക്കുന്നത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണവും ഉണ്ടായിരുന്നു.

ഓ?ഗസ്റ്റ് ഒമ്പതിന് പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പിജി ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്.

കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗിക പീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്.

ഇതിനുപിന്നാലെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി. കേസ് പിന്നീട് കൊല്‍ക്കത്ത ഹൈക്കോടതി സിബിഐക്ക് വിട്ടു. പിടിയിലായ സഞ്ജയ് റോയിയെ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയനാക്കാനാണ് സിബിഐ നീക്കം. ഇതിനായി മനശാസ്ത്ര വിദ?ഗ്ധരുടെ സംഘം ഞായറാഴ്ച കൊല്‍ക്കത്തയിലെത്തും.