Tue. Nov 5th, 2024

 

ഭോപ്പാല്‍: മധ്യപ്രദേശ് മദ്‌റസ ബോര്‍ഡിന് കീഴിലെ സ്‌കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‌ലിം ഇതര വിദ്യാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബിജെപി സര്‍ക്കാര്‍. സംസ്ഥാന വിഭ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കിയത്.

മദ്‌റസ ബോര്‍ഡിന് കീഴിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ രക്ഷിതാക്കളുടെ അനുമതിപ്രകാരം മാത്രമേ മത പഠനങ്ങളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാന്‍ പാടുള്ളൂ.

മദ്‌റസകളില്‍ അമുസ്‌ലിം കുട്ടികള്‍ ചേര്‍ന്നതായി മനസ്സിലാക്കിയാല്‍ അത്തരം സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനും ഗ്രാന്റും റദ്ദാക്കുമെന്ന് വിദ്യാഭ്യാസ ബോര്‍ഡിന്റെ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ ചേരുന്ന അമുസ്‌ലിം വിദ്യാര്‍ഥികളുടെ സര്‍വേ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്. സംസ്ഥാന സര്‍ക്കാറില്‍നിന്ന് ഗ്രാന്റ് ലഭിക്കാന്‍ വേണ്ടിയാണ് മറ്റു സമുദായങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളെ മദ്‌റസകളില്‍ ചേര്‍ക്കുന്നതെന്നാണ് ബാലാവകാശ കമ്മിഷന്റെ ആരോപണം. അമുസ്‌ലിം കുട്ടികള്‍ ചേര്‍ന്നാല്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയും അതുവഴി കൂടുതല്‍ ഗ്രാന്റ് ലഭിക്കുമെന്നുമാണ് അവകാശവാദം.

മധ്യപ്രദേശിലെ മദ്‌റസ ബോര്‍ഡിന് കീഴിലെ സ്ഥാപനങ്ങളില്‍ ചേരുന്ന വിദ്യാര്‍ഥികളെ മതപഠനത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ബന്ധിക്കുന്നതായി ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനൂംഗോ ആരോപിച്ചിരുന്നു.

ഇസ്‌ലാമിക സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന് കീഴില്‍ വരുന്നതല്ല. ഹിന്ദു വിദ്യാര്‍ഥികളെ മറ്റു സ്‌കൂളുകളിലേക്ക് മാറ്റണമെന്നും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

1755 മദ്‌റസകളാണ് മധ്യപ്രദേശിലുള്ളത്. ഈ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ പരിപാലിക്കുന്നില്ല. സ്‌കൂളുകള്‍ സ്ഥാപിക്കുക എന്നത് സര്‍ക്കാറിന്റെ കടമയാണ്. മദ്‌റസ ബോര്‍ഡിന് ധനസഹായം നല്‍കുന്നത് നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഇല്ലാതാക്കുന്നതിന് തുല്യമാണ്. രജിസ്‌ട്രേഷനില്ലാത്ത മദ്‌റസകളില്‍ പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥികളെ സാധാരണ സ്‌കൂളുകളിലേക്ക് മാറ്റണമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

ഏകദേശം 9000 ഹിന്ദു കുട്ടികള്‍ മദ്‌റസ ബോര്‍ഡിന് കീഴിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ടെന്നാണ് ബാലാവകാശ കമ്മീഷന്‍ ജൂണില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സര്‍വേ നടത്താനും കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.