Sun. Dec 22nd, 2024

 

കൊല്‍ക്കത്ത: ആര്‍കെ കര്‍ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ഇരയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയതിനും ബിജെപി വനിതാ നേതാവിനും രണ്ട് ഡോക്ടര്‍മാര്‍ക്കും പോലീസിന്റെ സമന്‍സ്. ബിജെപി നേതാവും മുന്‍ എംപിയുമായ ലോക്കറ്റ് ചാറ്റര്‍ജി, ഡോക്ടര്‍മാരായ കുനാല്‍ സര്‍ക്കാര്‍, സുബര്‍ണ ഗോസ്വാമി എന്നിവര്‍ക്കാണ് കൊല്‍ക്കത്ത പോലീസ് സമന്‍സയച്ചത്.

വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ പേരുവിവരങ്ങള്‍ പരസ്യമാക്കിയതിനുമാണ് മൂവര്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.

ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് മുമ്പ് പൊലീസ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസിലെ അന്വേഷണത്തെ കുറിച്ചും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യാജ വിവരങ്ങള്‍ പങ്കുവെച്ചതിനാണ് ഡോ. സര്‍ക്കാറിനും ഡോ. ഗോസ്വാമിക്കും നോട്ടീസ് നല്‍കിയത്.

കൊല്ലപ്പെട്ട ഡോക്ടറുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചെന്നായിരുന്നു ഡോ. സുബര്‍ണ ഗോസ്വാമി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടിരുന്നത്. മൃതദേഹത്തില്‍ 150 മില്ലിഗ്രാം പുരുഷ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും അരക്കെട്ടിലെ അസ്ഥികള്‍ക്ക് പൊട്ടലുണ്ടെന്നും ഡോക്ടര്‍ അവകാശപ്പെട്ടിരുന്നു. ഇത് കൂട്ടബലാത്സംഗം നടന്നതിന്റെ സൂചനയാണെന്നായിരുന്നു ഡോക്ടറുടെ വാദം.

എന്നാല്‍, ഇത്തരം അവകാശവാദങ്ങളെല്ലാം വെറും അഭ്യൂഹങ്ങളാണെന്നാണ് കൊല്‍ക്കത്ത പോലീസ് പറയുന്നത്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയതിനാണ് ബിജെപി നേതാവ് ലോക്കറ്റ് ചാറ്റര്‍ജിക്കെതിരായ കുറ്റം. രണ്ട് സംഭവങ്ങളിലുമായി രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം.

അതിനിടെ, ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐയുടെ വിപുലമായ അന്വേഷണം തുടരുകയാണ്. ഡോക്ടറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സെമിനാര്‍ ഹാളില്‍ കഴിഞ്ഞ ദിവസം ത്രീഡി ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് സിബിഐ. സംഘം ദൃശ്യങ്ങള്‍ പകര്‍ത്തി.

അറസ്റ്റിലായ പ്രതി സഞ്ജയ് റോയി തങ്ങിയിരുന്ന പോലീസിന്റെ മുറിയിലും സിബിഐ സംഘം പരിശോധന നടത്തി. ഇയാളുടെ വീട്ടിലെത്തി അമ്മയില്‍നിന്നും മൊഴിയെടുത്തു. സംഭവദിവസം ഡോക്ടറുമായി ഫോണില്‍ സംസാരിച്ച സുഹൃത്തില്‍നിന്നും മൊഴിയെടുത്തു.