Sun. Dec 22nd, 2024

 

ലണ്ടന്‍: ലണ്ടനിലെ ഹോട്ടലില്‍ വെച്ച് എയര്‍ ഇന്ത്യയുടെ എയര്‍ഹോസ്റ്റസ് ലൈംഗികമായി ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഹീത്രൂവിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

എയര്‍ ഹോസ്റ്റസ് ഉറങ്ങിക്കിടക്കുമ്പോള്‍ പ്രതി റൂമില്‍ കയറി ആക്രമിക്കുകയായിരുന്നു. എയര്‍ ഹോസ്റ്റസിന്റെ നിലവിളി കേട്ട് ഓടിയെത്തിയ എയര്‍ ഇന്ത്യയിലെ മറ്റു ജീവനക്കാരാണ് പ്രതിയെ പിടികൂടുന്നത്. തുടര്‍ന്ന് പൊലീസില്‍ ഏല്‍പ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ എയര്‍ ഹോസ്റ്റസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം എയര്‍ ഹോസ്റ്റസ് ഇന്ത്യയിലേക്ക് മടങ്ങും. നേരത്തെയും ഹോട്ടലിലെ സുരക്ഷയെ കുറിച്ച് എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ പരാതി ഉന്നയിച്ചിരുന്നതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവം എയര്‍ ഇന്ത്യ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ‘ഞങ്ങളുടെ ജീവനക്കാരിക്കെതിരെയുണ്ടായ അക്രമത്തില്‍ വളരെ വേദനാജനകരാണ്. സംഭവത്തില്‍ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും. ഹോട്ടല്‍ മാനേജ്മെന്റുമായി സഹകരിച്ച് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ ശ്രദ്ധിക്കുമെന്നും’ എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

‘ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കും ടീമിനും പ്രൊഫഷണല്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെ സാധ്യമായ എല്ലാ പിന്തുണയും ഞങ്ങള്‍ നല്‍കുന്നു’, എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. കേസ് ലോക്കല്‍ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.