Sat. Jan 18th, 2025

ന്യൂഡൽഹി: സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ഹിൻഡൻബർഗ്. 

സെബി അംഗമായപ്പോൾ സിംഗപ്പൂർ കമ്പനിയുടെ ഓഹരി മാത്രമാണ് മാധബി ബുച്ച് ഭർത്താവിൻ്റെ പേരിലേക്ക് മാറ്റിയതെന്നും ഇന്ത്യൻ കമ്പനിയുടെ ഓഹരികൾ അവർ നിലനിർത്തിയെന്നും ഹിൻഡൻബർഗ് വ്യക്തമാക്കി. മാധബി ബുച്ചിനെക്കുറിച്ച് ഹിൻഡൻബർഗ് നേരത്തെ പുറത്തുവിട്ട വിവരങ്ങൾ തള്ളിയ സാഹചര്യത്തിലാണ് കൂടുതൽ തെളിവുകൾ നിരത്തിയത്. 

തനിക്ക് നേരത്തെ പല കമ്പനികളുമായും ബന്ധമുണ്ടായിരുന്നെന്നും ഇവയിൽ ചിലതിന് ഉപദേശം നൽകിയിരുന്നെന്നും ഭർത്താവും ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നയാളാണെന്നും എന്നാൽ പിന്നീട് സ്വന്തമായി കമ്പനി രൂപീകരിക്കുകയും ചെയ്‌തെന്നുമായിരുന്നു മാധബി ബുച്ച് പ്രസ്താവനയിൽ പറഞ്ഞിരുന്നത്. 2017ൽ സെബിയിൽ അംഗമായതോടെ, ഈ കമ്പനികളുടെ ഓഹരികൾ ഭർത്താവിൻ്റെ പേരിലേക്ക് മാറ്റിയെന്നും ഇവർ അവകാശപ്പെട്ടിരുന്നു.

അദാനിയുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ഹിൻഡൻബർഗ് പക വീട്ടുകയാണെന്നും മാധബി ബുച്ച് പറഞ്ഞു. എന്നാൽ സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും അദാനി ​ഗ്രൂപ്പിൻ്റെ വിദേശത്തെ രഹസ്യ ഷെൽ കമ്പനികളിൽ പങ്കുണ്ടെന്ന് ഹിൻഡൻബർ​ഗ് വെളിപ്പെടുത്തി. അദാനി ​ഗ്രൂപ്പ് ചെയർമാൻ ​ഗൗതം അദാനിയുടെ മൂത്തസഹോദരൻ വിനോദ് അദാനിക്ക് ബന്ധമുള്ള ബർമുഡയിലെയും മൗറീഷ്യസിലെയും നി​ഗൂഢ കമ്പനികളിൽ ഇരുവർക്കും നിക്ഷേപമുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.