Thu. Sep 19th, 2024

 

മേപ്പാടി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ ഇന്നത്തെ ജനകീയ തിരച്ചില്‍ ആരംഭിച്ചു. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍. ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി ഉള്‍പ്പെടുത്തിയാണ് തിരച്ചില്‍ നടത്തുന്നത്.

പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. രാവിലെ എട്ടുമണിയോടെ തിരച്ചില്‍ ആരംഭിച്ചു. രാവിലെ ഒന്‍പത് മണിക്കകം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ തിരച്ചില്‍ മേഖലയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു.

അതേസമയം, ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ തിരച്ചിലിനായി കരട് പട്ടിക തയ്യാറാക്കി. നിലവില്‍ 130 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് നടത്തിയ പരിശ്രമത്തിനൊടുവിലാണ് പട്ടിക തയ്യാറാക്കിയത്. പഞ്ചായത്ത്, തൊഴില്‍ വകുപ്പ്, ആരോഗ്യ വകുപ്പ്, പോലീസ്, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കൈകോര്‍ത്തു.

പൊതുജനങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയുന്ന സാഹചര്യത്തിലും കരട് പട്ടികയില്‍ കൂട്ടിച്ചേര്‍ക്കലും കുറയ്ക്കലുകളും നടക്കുന്നുണ്ട്. ഡിഎന്‍എ സാംപിള്‍ പരിശോധനാഫലം വരുമ്പോള്‍ മരിച്ചതായി സ്ഥിരീകരിക്കുന്ന കേസുകളും പട്ടിയില്‍നിന്ന് ഒഴിവാക്കും. അവരെ മരിച്ചവരുടെ പട്ടികയിലേക്ക് മാറ്റും. അന്തിമ പട്ടിക തയ്യാറായിട്ടില്ല.

ഈ കരട് പട്ടിക പരിശോധിച്ച് ജില്ലാ ഭരണകൂടത്തിന് വിവരങ്ങള്‍ അറിയിക്കാം. ജില്ലാ ഭരണകൂടത്തിന്റെ https://wayanad.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും കളക്ടറുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും മാധ്യമങ്ങളിലൂടെയും കരട് പട്ടിക ലഭ്യമാകും. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ സംബന്ധിച്ച് പട്ടിക പരിഷ്‌കരിക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് 8078409770 എന്ന ഫോണ്‍ നമ്പറില്‍ അറിയിക്കാം.