Thu. Dec 26th, 2024

 

കൊല്‍ക്കത്ത: പിജി ട്രെയിനി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആശുപത്രിയില്‍ നേരത്തെയും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിരുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഞ്ജയ് റോയ് ആണ് നേരത്തെയും സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നത്.

സംഭവ ദിവസം ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായും അന്വേഷണസംഘത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെഡിക്കല്‍ കോളേജില്‍ നെഞ്ചുരോഗ വിഭാഗത്തില്‍ പിജി ഡോക്ടറായ യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്‌നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനം സ്ഥിരീകരിച്ചിരുന്നു. അക്രമാസക്തവും ക്രൂരവുമായ കൊലപാതകത്തെ സൂചിപ്പിക്കുന്ന ഒന്നിലധികം മുറിവുകള്‍ യുവതിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു.

‘യുവതിയുടെ കണ്ണില്‍ നിന്നും വായില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു, മുഖത്തും നഖത്തിലും മുറിവുകള്‍ ഉണ്ടായിരുന്നു. ഇരയുടെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. വയറിലും ഇടതു കാലിലും കഴുത്തിലും വലതു കൈയിലും മോതിരവിരലിലും മുറിവുകളുണ്ട്.’ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഇത് തീര്‍ച്ചയായും ആത്മഹത്യയല്ല, ലൈംഗികാതിക്രമത്തെ തുടര്‍ന്നാണ് സ്ത്രീ കൊല്ലപ്പെട്ടത്’ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ മൂന്നിനും ആറിനും ഇടയിലാണ് കുറ്റകൃത്യം നടന്നതെന്ന് കൊല്‍ക്കത്ത പോലീസിലെ മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘അവളുടെ കഴുത്തിലെ എല്ല് ഒടിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ആദ്യം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് തോന്നുന്നു. പോസ്റ്റ്മോര്‍ട്ടത്തിന്റെ പൂര്‍ണ്ണ റിപ്പോര്‍ട്ടിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്,’ പോലീസ് ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായിട്ടുണ്ട്. സഞ്ജയ് റോയ് പോലീസിന്റെ സിവിക് വൊളണ്ടിയര്‍ ആയിരുന്നു. ഇതിനാല്‍ത്തന്നെ ആശുപത്രിയിലെ വിവിധയിടങ്ങളില്‍ പ്രവേശിക്കാനും ഇയാള്‍ക്ക്തടസ്സങ്ങളുണ്ടായിരുന്നില്ല.

വെള്ളിയാഴ്ച പുലര്‍ച്ചെ ആശുപത്രിയിലെത്തിയ ഇയാള്‍ സെമിനാര്‍ ഹാളില്‍ വിശ്രമിക്കുകയായിരുന്ന വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ചെറുക്കാന്‍ ശ്രമിച്ചതോടെ ഡോക്ടറെ കൊലപ്പെടുത്തി. പിന്നാലെ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തിയ മറ്റു ഡോക്ടര്‍മാരാണ് വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയ സെമിനാര്‍ ഹാളില്‍ നിന്ന് ബ്ലൂടൂത്ത് ഹെഡ്സെറ്റ് കണ്ടെത്തിയതും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായക പങ്കുവെച്ചത്. ഏകദേശം നാല് മണിയോടെ സഞ്ജയ് റോയ് കുറ്റകൃത്യം നടന്ന ഭാഗത്തേക്ക് വന്നതായും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി.

നാല് മണിയോടെ ചെവിയില്‍ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഘടിപ്പിച്ച് ആശുപത്രിയിലെത്തിയ സഞ്ജയ് റോയ്, തിരികെ പോകുമ്പോള്‍ ചെവിയില്‍ ഹെഡ്സെറ്റ് ഇല്ലായിരുന്നുവെന്നും സിസിടിവി പരിശോധനയില്‍ വ്യക്തമായിരുന്നു.

സംഭവ സമയത്ത് സെമിനാര്‍ ഹാള്‍ പരിസരത്തുണ്ടായിരുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും സഞ്ജയ് റോയിയെയും പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ബാക്കിയെല്ലാവരും എന്തിനാണ് വന്നതെന്നും എപ്പോള്‍ വന്നു, മടങ്ങി എന്നന്നെല്ലാം കൃത്യമായി വിശദീകരണം നല്‍കിയപ്പോള്‍ സഞ്ജയ് റോയി പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയത്.

ഇതിനുപിന്നാലെ സംഭവസ്ഥലത്തുനിന്ന് കിട്ടിയ ബ്ലൂടൂത്ത് ഹെഡ്സെറ്റ് പ്രതിയുടെ ഫോണില്‍ കണക്ടായതും നിര്‍ണായകമായി. ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. അതേസമയം, പ്രതിക്ക് വധശിക്ഷ ഉറപ്പുനല്‍കുമെന്നും അതിവേഗ കോടതിയിലാകും കേസിന്റെ വിചാരണ നടക്കുകയെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.