Sun. Dec 22nd, 2024

 

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം സംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. കനത്ത മഴയാണ് മുണ്ടക്കൈ ദുരന്തത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം കൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

2018 മുതല്‍ പ്രദേശത്ത് ചെറുതും വലുതായ ഉരുള്‍പ്പൊട്ടലുണ്ടായിട്ടുണ്ട്. അതീവ ഉരുള്‍പൊട്ടല്‍ മേഖലയായാണ് മുണ്ടക്കൈ ഉള്‍പ്പെടുന്ന മലയോര മേഖലകളെ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഉരുള്‍പൊട്ടലുണ്ടാകുന്നതിന് 24 മണിക്കൂര്‍ മുമ്പ് പുത്തുമലയില്‍ 372.6 മില്ലീമീറ്റര്‍ മഴ പെയ്തു. സമീപപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്. 2019 ല്‍ പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലും മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന് കാരണമായി.

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഏഴ് കിലോ മീറ്റര്‍ ദൂരത്തോളം അവശിഷ്ടങ്ങള്‍ ഒഴുകിയെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ പെട്ട 130 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇന്നലെ മൂന്ന് മൃതദേഹവും ഒരു ശരീരഭാഗവും എയര്‍ലിഫ്റ്റിലൂടെ പുറത്തെടുത്തിരുന്നു. കാന്തന്‍പാറ വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നാണ് ഇവ കണ്ടെത്തിയത്.