കല്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിങ്ങിപ്പൊട്ടി മന്ത്രി എകെ ശശീന്ദ്രന്‍. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള ജനകീയ തിരച്ചിലില്‍ പങ്കാളിയായ മന്ത്രി ദുരന്തഭൂമിയിലെ കാഴ്ചകളെ കണ്ണീരോടെയാണ് വിവരിച്ചത്.
ദുരന്തത്തില്‍പെട്ടത് നമ്മുടെ കുടുംബാംഗങ്ങളാണെന്നും അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടു വരേണ്ടത് എല്ലാവരുടേയും കൂട്ടായ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
‘ഇങ്ങനെ ഒരു കാഴ്ച കാണേണ്ടി വരുമെന്ന് ജീവിതത്തില്‍ ഒരിക്കലും ചിന്തിച്ചതല്ല. ഇവരോട് എന്ത് ഉത്തരമാ ഞാന്‍ പറയാ. അവരുടെ ചോദ്യത്തിന് ഒരു ഉത്തരവുമില്ല. അവരെ രക്ഷിക്കാന്‍ ശ്രമിക്കുക. അത്രയേ ഉള്ളൂ. നമുക്കൊക്കെ ഇത്ര പ്രയാസമുണ്ടെങ്കില്‍ അവരുടെ പ്രയാസമെന്തായിരിക്കും. അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക. അവരെ ആത്മവിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരണം. സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള സാഹചര്യം ഒരുക്കണം’, മന്ത്രി പറഞ്ഞു.
ഇനിയും കരയാന്‍ അവര്‍ക്ക് കണ്ണീര്‍ ബാക്കിയുണ്ടോ? ജീവിതത്തിന്റെ പ്രത്യേകഘട്ടത്തില്‍ വഴിമുട്ടിനില്‍ക്കുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന പ്രവൃത്തി മാത്രമേ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകാവൂ എന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
ജീവിതം മുമ്പോട്ട് കൊണ്ടുപോയേ പറ്റൂ. അതിന് നമ്മളാല്‍ കഴിയുന്ന സഹായം ചെയ്തു കൊടുക്കേണ്ടതുണ്ട്. ഇവിടെ എല്ലാവരും ഒന്നാണ്. ആ വികാരത്തോടെയുള്ള പ്രവര്‍ത്തനത്തില്‍ കൂടി മാത്രമേ, അവര്‍ക്കൊപ്പം നാട് ഉണ്ടാകൂ എന്ന് അവരെ ബോധ്യപ്പെടുത്താനാകൂ എന്നും മന്ത്രി പറഞ്ഞു.