Mon. Dec 23rd, 2024

 

കൊടൈക്കനാല്‍: കല്‍ക്കരി അടുപ്പില്‍ നിന്നുള്ള പുക ശ്വസിച്ച് കൊടൈക്കനാലില്‍ രണ്ട് വിനോദസഞ്ചാരികള്‍ മരിച്ചു. ബാര്‍ബിക്യൂ ചിക്കന്‍ തയ്യാറാക്കിയ ശേഷം കനല്‍ കെടുത്തിയിരുന്നില്ല. അതില്‍ നിന്നുള്ള പുക ശ്വസിച്ചാണ് മരണം.

തിരുച്ചിറപ്പള്ളി സ്വദേശികളായ ആനന്ദ ബാബു, ജയകണ്ണന്‍ എന്നിവരാണ് മരിച്ചത്. ചിന്നപ്പള്ളത്തെ റിസോര്‍ട്ടില്‍ വെള്ളിയാഴ്ച രാത്രി ഉറങ്ങിക്കിടന്ന മുറിയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ മറ്റൊരു മുറിയില്‍ ഉറങ്ങിയതിനാല്‍ രക്ഷപ്പെട്ടു.

നാലുപേരും മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സംഘത്തിലെ മറ്റുരണ്ട് പേരാണ് ആനന്ദ ബാബുവിനെയും ജയകണ്ണനെയും ബോധരഹിതരായ അവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ സംഘം എത്തി നടത്തിയ പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു.

അടുപ്പ് കെടുത്താതിരുന്നതിനാല്‍ രൂപപ്പെട്ട വിഷ വാതകങ്ങള്‍ മൂലം ശ്വാസംമുട്ടിയാണ് മരണമെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിനു ശേഷം പറഞ്ഞു. രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കൊടൈക്കനാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംശയാസ്പദമായ മരണത്തിന് കേസെടുത്തിട്ടുണ്ട്.