Fri. Dec 27th, 2024

നെടുങ്കണ്ടം: സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രമായ രാമക്കൽമേട്ടിലേക്കുള്ള വഴി തമിഴ്‌നാട് വനംവകുപ്പ് അധികൃതർ അടച്ചു. കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള ഇവിടേക്ക് പ്രവേശനം നിരോധിച്ച് ബോർഡും സ്ഥാപിച്ചു. 

തമിഴ്‌നാട് പരിധിയിലാണു രാമക്കൽമേട് സ്ഥിതിചെയ്യുന്നത്. ഇവിടേക്കുള്ള നടപ്പുവഴിയാണ് തമിഴ്‌നാട് ഉദ്യോഗസ്ഥർ ഇന്നലെ രാവിലെയോടെ അടച്ച് ബോർഡ് സ്ഥാപിച്ചത്.

സഞ്ചാരികൾ വനത്തിൽ വൻതോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് വനംവകുപ്പിൻ്റെ നടപടി. സമീപത്തെ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ബോർഡ് സ്ഥാപിക്കാനുള്ള തമിഴ്നാട് വനംവകുപ്പിന്റെ ശ്രമം നാട്ടുകാർ തടഞ്ഞു. 

രാമക്കൽമേട്ടിൽ എത്തുന്ന സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്നത് വ്യൂ പോയിൻ്റാണിത്. തമിഴ്നാട് വനമേഖലയിലൂടെയാണ് ഇവിടേക്ക് കടന്നു പോകുന്നത്. ഈ പാതയാണ് ബോർഡ് വെച്ച് വനംവകുപ്പ് തടഞ്ഞത്. ഇന്നലെ ഉച്ചയോടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ തമിഴ്‌നാട് വനംവകുപ്പ് സംഘം രാമക്കൽമേട്ടിൽ എത്തിയത്. 

രാമക്കല്ലിലേക്കുള്ള പാത മരക്കൊമ്പുകളിട്ട് ആദ്യം തടഞ്ഞു. തുടർന്ന് തമിഴ്‌നാട്ടിൽനിന്ന് എത്തിയ തൊഴിലാളികളെ ഉപയോഗിച്ച് ബോർഡ് സ്ഥാപിക്കുകയായിരുന്നു. അനുവാദമില്ലാതെ ഈ പാതയിൽ പ്രവേശിച്ചാൽ ആറുമാസം തടവും 500 രൂപ പിഴയും ഈടാക്കുമെന്ന മുന്നറിയിപ്പ് ബോർഡാണു സ്ഥാപിച്ചത്. ആദ്യബോർഡ് സ്ഥാപിച്ച ശേഷം തൊട്ടടുത്തുള്ള ശ്രീരാമക്ഷേത്രം തമിഴ്‌നാട് സംരക്ഷിത വനത്തിനുള്ളിലാണെന്ന് ഉദ്യോഗസ്ഥർ അവകാശവാദം മുഴക്കി. 

രാമക്കൽമേട് ക്ഷേത്രത്തിനു സമീപം ബോർഡ് വെക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.തുടർന്ന് ഉടുമ്പൻചോല തഹസിൽദാർ സ്ഥലത്തെത്തി തമിഴ്നാട് പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും തമിഴ്നാട് അധികൃതർ വഴങ്ങാൻ തയ്യാറായില്ല.