Wed. Jan 22nd, 2025

ന്യൂഡൽഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് 17 മാസത്തിന് ശേഷമാണ് സിസോദിയക്ക് ജാമ്യം ലഭിക്കുന്നത്.

ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രണ്ടു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

വിചാരണ വേഗത്തില്‍ നടത്താനുള്ള തടവ്പുള്ളിയുടെ അവകാശം ലംഘിക്കപ്പെട്ടുവെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഓരോ ആവശ്യങ്ങളുമായി കോടതിയെ സമീപിച്ച് സിസോദിയ വിചാരണ നീട്ടി കൊണ്ടുപോകുന്നുവെന്ന വിചാരണ കോടതിയുടെ പരാമര്‍ശത്തെയും സുപ്രീംകോടതി വിമര്‍ശിച്ചു. 493 സാക്ഷികള്‍ ഉള്ള കേസില്‍ വിചാരണ സമീപകാലത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നും മനീഷ് സിസോദിയക്ക് സമൂഹത്തില്‍ ആഴത്തിലുള്ള ബന്ധങ്ങള്‍ ഉണ്ടെന്നും അതിനാല്‍ അദ്ദേഹം ഒളിച്ചോടാന്‍ പോകുന്നില്ലെന്നും കോടതി വ്യക്തമാക്കി.