ന്യൂഡൽഹി: നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഒരു ലക്ഷത്തിൽ നിന്നും നിന്ന് 5 ലക്ഷം രൂപയായി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നടപടി ഉയർന്ന നികുതി ബാധ്യത വേഗത്തിൽ അടയ്ക്കാൻ നികുതിദായകരെ സഹായിക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. പണവായ്പ നയ അവലോകന യോഗത്തിന് ശേഷമായിരുന്നു റിസർവ് ബാങ്കിൻ്റെ പ്രഖ്യാപനം.
ചെക്ക് ക്ലിയർ ചെയ്യുന്ന പ്രക്രിയയിലും മാറ്റങ്ങൾ വരുത്തി. ചെക്ക് നൽകിയ ദിവസം തന്നെ അത് ക്ലിയർ ചെയ്യുന്ന രീതിയിലേക്ക് മാറാനാണ് ഒരുങ്ങുന്നതെന്ന് ആർബിഐ അറിയിച്ചു. നിലവിൽ ചെക്ക് ട്രാൻസാക്ഷൻ സിസ്റ്റം വഴി ഒരു ചെക്ക് മാറണമെങ്കിൽ രണ്ട് ദിവസം വരെയെടുക്കും. ഇത് മാറ്റി അന്ന് തന്നെ ചെക്ക് ക്ലിയർ ചെയ്യുന്ന സംവിധാനത്തിലേക്ക് മാറാനാണ് തീരുമാനം. ഇത് സംബന്ധിച്ച് വിശദമായ മാർഗനിർദേശം പുറപ്പെടുവിക്കുമെന്നും ആർബിഐ അറിയിച്ചു.
ആദ്യമായല്ല ആർബിഐ യുപിഐ പരിധി ഉയർത്തുന്നത്. 2023 ഡിസംബറിൽ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നടക്കുന്ന പണമിടപാടുകളിൽ ആർബിഐ യുപിഐ പരിധി 5 ലക്ഷം രൂപയായി ഉയർത്തിയിരുന്നു. സാധാരണയായി യുപിഐയിൽ ഒറ്റ ഇടപാടിൽ 1 ലക്ഷം രൂപ വരെ കൈമാറാം. ക്യാപിറ്റൽ മാർക്കറ്റുകൾ, കളക്ഷനുകൾ, ഇൻഷുറൻസ് തുടങ്ങി ചില പ്രത്യേക വിഭാഗങ്ങൾക്ക് യുപിഐ ഇടപാട് പരിധി 2 ലക്ഷം രൂപ വരെയാണ്. ഐപിഒ, റീട്ടെയിൽ ഡയറക്ട് സ്‌കീം എന്നിവയിൽ ഒറ്റ ഇടപാടിൽ 5 ലക്ഷം രൂപ വരെ കൈമാറാം.