Wed. Jan 22nd, 2025

കൊച്ചി: ബാഗിൽ ബോംബാണെന്ന യാത്രക്കാരൻ്റെ മറുപടിയിൽ വിമാനം വൈകിയത് രണ്ട് മണിക്കൂർ. ഇന്ന് പുലര്‍ച്ചെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആഫ്രിക്കയില്‍ ബിസിനസ് ചെയ്യുന്ന പ്രശാന്ത് കുടുംബത്തിനൊപ്പം തായ്‌ലന്‍ഡിലേക്ക് പോകാന്‍ എത്തിയതാണ്. ബാഗില്‍ എന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് ചോദിച്ചത് പ്രശാന്തിന് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ബാഗില്‍ ബോംബ് ആണെന്ന് പറയുകയായിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്ത് പരിശോധന നടത്തിയത്. ഒപ്പമുണ്ടായിരുന്നവരുടെ ബാഗും പരിശോധിച്ചു. അപ്പോഴേക്കും വിമാനം രണ്ട് മണിക്കൂര്‍ വൈകിയിരുന്നു. നെടുമ്പാശ്ശേരി പോലീസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് പ്രശാന്തിൻ്റെ ഭാര്യയും കുട്ടിയും ഒഴികെയുള്ളവര്‍ യാത്ര തുടർന്നു. ഒരേ ടിക്കറ്റ് ആയതിനാലാണ് പ്രശാന്തിന്റെ കൂടെയുണ്ടായിരുന്ന മറ്റു നാലുപേരുടെ ലഗേജുകള്‍ കൂടി വിമാനത്തില്‍ നിന്നിറക്കി പരിശോധിക്കേണ്ടി വന്നത്. പുലര്‍ച്ചെ 2.10 ന് പോകേണ്ടിയിരുന്ന വിമാനം 4.30 ന് ആണ് പുറപ്പെട്ടത്.