Sat. Sep 14th, 2024

ധാക്ക: പ്രക്ഷോഭത്തെ തുടർന്ന് ബം​ഗ്ലാദേശിൽ നിന്നും നാടുവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിയിൽ അഭയംതേടിയതിനു പിന്നാലെ ബം​ഗ്ലാദേശിൽ അവാമി ലീ​ഗിൻ്റെ 29 നേതാക്കളുടെയും കുടുംബാം​ഗങ്ങളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. 

 നിരവധി അവാമി ലീ​ഗ് നേതാക്കളുടെ വീടും വ്യാപാരസ്ഥാപനങ്ങളും പ്രതിഷേധക്കാർ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. മുൻ കൗൺസിലർ മുഹമ്മദ് ഷാ ആലത്തിൻ്റെ വീടിന് തീയിടുകയും തുടർന്ന് ആറുപേർ മരിക്കുകയും ചെയ്തു. അവാമി ലീ​ഗിൻ്റെ യുവജന വിഭാ​ഗമായ ജുബോ ലീ​ഗിൻ്റെ രണ്ട് നേതാക്കന്മാരുടെ മൃതദേഹങ്ങൾ നാട്ടുകാർ കണ്ടെത്തി. ജുബോ ലീ​ഗ് ജില്ലാ ജോയിൻ്റ് സെക്രട്ടറി സമുൻ ഖാൻ്റെ വീടിന് തിങ്കളാഴ്ച പ്രതിഷേധക്കാർ തീയിട്ടിരുന്നു. ഇവിടെനിന്ന് ആറ് മൃതദേഹങ്ങളും കണ്ടെടുത്തു. 

 ആഭ്യന്തരമന്ത്രിയുടേയും സുപ്രീംകോടതി ജഡ്ജിയുടെയും വീടുകൾക്കും തീയിട്ടു. നിരവധി സർക്കാർസ്ഥാപനങ്ങളും ആക്രമിച്ചു. മന്ത്രിമാരുടെയും അവാമി ലീഗ് എംപിമാരുടെയും വീടുകളും വ്യവസായസ്ഥാപനങ്ങളും തകർത്തു. ഹൈന്ദവക്ഷേത്രങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. 

ഹസീന നാടുവിട്ടെന്ന വാർത്ത പരന്നതോടെ ആയിരക്കണക്കിനാളുകൾ ധാക്കയിലെ അവരുടെ ഔദ്യോഗികവസതിയായ സുധസദൻ കൈയേറി. ഹസീനയുടെ പിതാവും ബംഗ്ലാദേശ് വിമോചനനേതാവും മുൻപ്രധാനമന്ത്രിയുമായ ശൈഖ് മുജീബുർ റഹ്‌മാന്റെ പ്രതിമ ചുറ്റികകൊണ്ട് അടിച്ചുതകർത്തു.

ഹസീനയുടെ കിടപ്പുമുറിയടക്കം നശിപ്പിച്ച സമരക്കാർ വസ്ത്രങ്ങൾ, മര ഉരുപ്പടികൾ, സാരികൾ, പരവതാനികൾ തുടങ്ങി എല്ലാ സാധനങ്ങളും കൊണ്ടുപോയി.ധാക്കയിലടക്കം വിവിധയിടങ്ങളിലുണ്ടായ അക്രമസംഭവങ്ങളിൽ 119 പേരാണ് കൊല്ലപ്പെട്ടത്. ധാക്ക മെഡിക്കൽ കോളേജിൽമാത്രം 37 മൃതദേഹങ്ങളെത്തിച്ചു.