ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഖുര്‍ജയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വാക്സിന്‍ ഫ്രീസറില്‍ ബിയര്‍ ക്യാനുകളും വെള്ളക്കുപ്പികളും സൂക്ഷിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍.
ഖുര്‍ജയില്‍ ധര്‍പ്പയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ധര്‍പ്പയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വാക്സിന്‍ ഫ്രീസറില്‍ ബിയര്‍ ക്യാനുകളും വെള്ളക്കുപ്പികളും കണ്ടെത്തിയതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ വിനയ് കുമാര്‍ സിങ് പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചട്ട പ്രകാരം, വാക്‌സിനുകളല്ലാതെ മറ്റൊന്നും ഫ്രീസറില്‍ സൂക്ഷിക്കാനാവില്ല. ഫ്രീസറില്‍ ബിയര്‍ ക്യാനുകളും വെള്ളക്കുപ്പികളും സൂക്ഷിക്കുന്നത് ഗുരുതരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ ഇമ്മ്യൂണൈസേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഇമ്മ്യൂണൈസേഷന്‍ ഓഫീസര്‍ ഹരിപ്രസാദിനെ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തി സസ്പെന്‍ഡ് ചെയ്തു.
ബിയര്‍ ക്യാനുകളും വാട്ടര്‍ ബോട്ടിലുകളും ഫ്രീസറില്‍ വെച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും വിനയ് കുമാര്‍ സിങ് പറഞ്ഞു.