Wed. Jan 22nd, 2025

ഹസീന രണ്ടാം വട്ടവും പ്രതിപക്ഷ നേതാവായ സമയത്ത് ബംഗ്ലാദേശില്‍ രാഷ്ട്രീയ അശാന്തിയും അക്രമവും വര്‍ധിച്ചു

തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമായ രാജ്യത്ത അവസരസമത്വവും സാമൂഹികനീതിയും നിഷേധിച്ച ഭരണകൂടത്തിനെതിരെ ഉയര്‍ന്ന വിദ്യാര്‍ഥി യുവജന പ്രക്ഷോഭം ഒടുവില്‍ ലോകത്തിലെ കരുത്തുറ്റ വനിതാ നേതാവിന്റെ രാജിയിലും ഒളിച്ചോട്ടത്തിലും എത്തിനില്‍ക്കുകയാണ്. പിതാവ് കൊണ്ടുവന്ന സംവരണ സംവിധാനം മകളെ അധികാരത്തില്‍ നിന്നിറക്കുന്ന കാഴ്ചയാണ് ബംഗ്ലദേശില്‍ കണ്ടത്.

ഷെയ്ഖ് ഹസീനയുടെ പിതാവും ബംഗ്ലാദേശ് സ്ഥാപക നേതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ ഉറപ്പാക്കിയ സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്ന വിദ്യാര്‍ഥി പ്രക്ഷോഭമാണ് അഞ്ചാം തവണയും ബംഗ്ലദേശ് പ്രധാനമന്ത്രിയായി ഏഴു മാസമാകുമ്പോഴേക്കും ഷെയ്ഖ് ഹസീനയെ അധികാരത്തില്‍നിന്ന് താഴെയിറക്കിയത്.

ഷെയ്ഖ് ഹസീന രാജ്യം വിട്ട ശേഷം ബംഗ്ലാദേശിന് ഒരിക്കലും മറക്കാനാവാത്തൊരു ദൃശ്യം ധാക്കയില്‍നിന്നും പുറത്തുവന്നു. സ്വാതന്ത്ര്യ സമര നായകനും രാഷ്ട്രപിതാവുമായ ബംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ പ്രതിമയ്ക്ക് മുകളില്‍ കയറിനിന്ന്, തല തകര്‍ക്കുന്ന പ്രക്ഷോഭകന്റെ ദൃശ്യമായിരുന്നു അത്. ബംഗ്ലാദേശ് ഇന്ന് കടന്നുപോകുന്ന ദയനീതയുടെ പ്രതീകമായിരുന്നു ആ ദൃശ്യം.

ഷെയ്ഖ് ഹസീന Screengrab, Copyright: The Hindu

ഷെയ്ഖ് ഹസീന ബംഗ്ലാദേശിന്റെ കപ്പിത്താന്‍ ആവുന്നതിന് സാക്ഷ്യം വഹിച്ച രാജ്യമാണ് ഇന്ത്യ. ഹസീനയെ എക്കാലത്തും എല്ലാ ഭരണകൂടങ്ങളും ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ആ രാജ്യം തന്നെയാണ് ഹസീനയ്ക്ക് ഇപ്പോള്‍ അഭയം കൊടുത്തിരിക്കുന്നതും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഷെയ്ഖ് ഹസീന എന്ന ഭരണാധികാരി പ്രിയപ്പെട്ടവളാണ്. ഇന്ത്യയുടെ ദേശീയ സുരക്ഷ മുതല്‍ വ്യാപാര ബന്ധങ്ങളും പാകിസ്താനോടുള്ള സമീപനവുമെല്ലാം ഇതിന് പിന്നിലുണ്ട്. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യയേറ്റിവിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ ചൈന അവരുടെ നിക്ഷേപം തുടരുമ്പോള്‍ മോദിയുടെ കണക്ടിവിറ്റി സ്വപ്നങ്ങളില്‍ ബംഗ്ലാദേശിന് പ്രധാന സ്ഥാനമുണ്ട്.

ചരക്ക് കപ്പലുകളുടെ ഗതാഗതത്തിനും ട്രാന്‍സ് ഷിപ്പ്മെന്റിനുമായി ഇന്ത്യ ബംഗ്ലാദേശിലെ ചാട്ടോഗ്രാം, മോംഗ്ല തുറമുഖങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഒപ്പം ഒന്നിലധികം റെയില്‍വേ ലൈനുകള്‍ ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്നുമുണ്ട്. ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ബംഗ്ലാദേശ് വേദിയാകില്ലെന്ന് ഉറപ്പിക്കുന്ന കരാറും ഗംഗാജലം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയുമൊക്കെ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. കൂടാതെ റൂപ്പുര്‍ ആണവനിലയത്തില്‍ ഇന്ത്യയ്ക്ക് നിക്ഷേപമുണ്ട്. ഈ ബന്ധങ്ങള്‍ എല്ലാം രൂപപ്പെട്ടത് ഷെയ്ഖ് ഹസീനയുടെ ഭരണകാലത്താണ്.

എന്താണ് സംവരണ വിരുദ്ധ പ്രക്ഷോഭം?

ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനു ശേഷം 1972 ലാണ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ സംവരണ സംവിധാനം കൊണ്ടുവരുന്നത്. തുടക്കത്തില്‍ 30% സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും 10% യുദ്ധത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകള്‍ക്കും 40% വിവിധ ജില്ലകള്‍ക്കും എന്നിങ്ങനെയായിരുന്നു സംവരണം. 1976 ല്‍ ജില്ലകള്‍ക്കുള്ള സംവരണം 20% ആക്കി കുറച്ചു. 1985 ല്‍, യുദ്ധത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള സംവരണം എല്ലാ സ്ത്രീകള്‍ക്കുമാക്കി മാറ്റി. ഗോത്രവര്‍ഗക്കാര്‍ക്ക് 5% സംവരണവും പുതുതായി കൊണ്ടുവന്നു.

1997ല്‍ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കുള്ള സംവരണത്തിലേക്ക് അവരുടെ മക്കളെയും 2010ല്‍ പേരക്കുട്ടികളെയും ഉള്‍ക്കൊള്ളിക്കാമെന്ന ഉത്തരവു വന്നു. ഭിന്നശേഷിക്കാര്‍ക്കുള്ള 1% സംവരണം 2012ലും നടപ്പാക്കി. 44 ശതമാനം ഒഴിവുകള്‍ മാത്രമായിരുന്നു ബാക്കിയുള്ളവര്‍ക്കായി മാറ്റിവച്ചിരുന്നത്. രാജ്യത്തെ സാമൂഹിക സാമ്പത്തിക പശ്ചാത്തലം പരിഗണിക്കുമ്പോള്‍ ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന 4 ലക്ഷം ഉദ്യോഗാര്‍ത്ഥികളില്‍ തൊഴില്‍ സാധ്യതയും കുറവാണ്.

ധാക്കയില്‍ നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭം Screengrab, Copyright: AFP

17 കോടി ജനസംഖ്യയുള്ള ബംഗ്ലാദേശില്‍ അഞ്ചിലൊന്ന് പേര്‍ക്കും ജോലിയോ വിദ്യാഭ്യാസമോ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു 30 ശതമാനം സംവരണം നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനം ഉണ്ടാകുന്നത്. സ്വാതന്ത്ര്യസമരത്തിന് അരനൂറ്റാണ്ട് പിന്നിട്ടിട്ടും സ്വാതന്ത്ര്യസമര സേനാനികള്‍ക്കും അവരുടെ കുടുംബത്തിനുമുള്ള സംവരണം തുടരുന്നത് അനീതിയാണെന്ന് വിദ്യാര്‍ഥി സമൂഹം പറയുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരില്‍ ഏറിയ പങ്കും മുജീബുര്‍ റഹ്‌മാന്റെ പാര്‍ട്ടിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരാണെന്നതിനാല്‍ സംവരണത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍ അവാമി ലീഗാണെന്നതായിരുന്നു വിമര്‍ശനം.

‘സ്റ്റുഡന്റ്സ് എഗെയ്ന്‍സ്റ്റ് ഡിസ്‌ക്രിമിനേഷന്‍’ എന്ന സംഘടനയാണ് ജൂണ്‍ മാസത്തില്‍ സര്‍ക്കാരിനെതിരേ നിസ്സഹകരണസമരം തുടങ്ങിയത്. പ്രതിഷേധം ശക്തമായതോടെ സമരക്കാരെ അനുനയിപ്പിക്കുന്നതിന് പകരം അടിച്ചമര്‍ത്താനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്, ‘റസാക്കര്‍’ എന്ന് ഷെയ്ഖ് ഹസീന പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തതോടെ പ്രതിഷേധം ആളി കത്തി.

ബംഗ്ലാദേശ് സ്വാതന്ത്ര പോരാട്ട കാലത്ത് ബംഗ്ലാ വിമോചന സേനയായ മുക്തി ബാഹിനിയെ അമര്‍ച്ച ചെയ്യാന്‍ പാകിസ്താന്‍ രൂപീകരിച്ച അര്‍ദ്ധ സൈനിക സേനയായിരുന്നു റസാക്കര്‍. പാക് സൈന്യത്തെ സഹായിക്കാനായി എത്തിയ റസാക്കര്‍മാരാണ് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ഹീനമായ പല ക്രൂരതകളും ബംഗ്ലാ ജനതയോട് കാണിച്ചത്.

നിലവില്‍ ബംഗ്ലാദേശിന്റെ ഔദ്യോഗിക സ്വാതന്ത്ര്യ സമരസേനാനികളുടെ പട്ടികയില്‍ ഉള്ളത് രണ്ടു ലക്ഷത്തോളം പേരാണ്. ഈ കണക്കുപ്രകാരം സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ പിന്തുടര്‍ച്ചക്കാരെയും ചേര്‍ത്താലും ജനസംഖ്യയുടെ 1.5% പോലും ഇല്ലാത്ത ചെറിയൊരു വിഭാഗത്തിനായി സര്‍ക്കാര്‍ ജോലിയിലെ 30% മാറ്റിവയ്ക്കുന്നത് ഒട്ടും ആനുപാതികമല്ലെന്നു സംവരണ വിരുദ്ധ വിഭാഗം വാദിക്കുന്നു.

മാത്രമല്ല, സ്വാതന്ത്ര്യസമര സേനാനികളില്‍ മിക്കവരുടെയും കുടുംബങ്ങള്‍ സാമ്പത്തികമായി പിന്നാക്കമല്ല. വീണ്ടും വീണ്ടും അവര്‍ക്ക് സംവരണം നല്‍കുന്നത് രാജ്യത്ത് വലിയ അസമത്വമുണ്ടാക്കുമെന്നുമാണ് പ്രക്ഷോഭകര്‍ പറയുന്നത്. സംവരണ വിഭാഗത്തിലുള്ളവര്‍ പ്രാഥമിക പരീക്ഷ പോലും പാസാകാത്തതിനാല്‍ ഒട്ടേറെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

ഈ തസ്തികകളിലേക്കു 1997 മുതല്‍ 2010 വരെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ വിഭാഗത്തില്‍നിന്നു താല്‍കാലിക നിയമനം നടത്തിയെങ്കിലും സംവരണേതര വിഭാഗത്തില്‍നിന്നു നിയമനം നടത്തേണ്ടതില്ലെന്നു 2010ല്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ താല്‍ക്കാലിക ജോലിയിലേക്കു പോലും ജനറല്‍ വിഭാഗത്തിനു പ്രവേശനമില്ലാതായി.

പ്രക്ഷോഭം ശക്തമാകുകയും നൂറിലേറെപ്പേര്‍ കൊല്ലപ്പെടുകയും ചെയ്തതോടെ ജൂലൈ 21ന് ബംഗ്ലാദേശ് സുപ്രീംകോടതി വിഷയം അടിയന്തരമായി പരിഗണിക്കുകയും വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി സംവരണത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തി വിധി പ്രഖ്യാപിക്കുകയും ചെയ്തു. 93% സര്‍ക്കാര്‍ ജോലികളിലും മികവിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നടത്തിയാല്‍ മതിയെന്നായിരുന്നു കോടതി വിധി.

സ്വാതന്ത്ര്യ സമരസേനാനികളുടെ പിന്‍മുറക്കാര്‍ക്ക് 30% സംവരണം നല്‍കിയിരുന്നത് 5 % ആക്കി സുപ്രീംകോടതി വെട്ടിക്കുറച്ചു. ബാക്കി 2% പിന്നാക്ക ജില്ലകളില്‍നിന്നുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ലഭിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ സുപ്രീംകോടതി വിധിയോടെ പ്രക്ഷോഭത്തിന് താല്‍ക്കാലിക ശമനമായെങ്കിലും ഹസീനയുടെ രാജിയാവശ്യപ്പെട്ട് ഒരിടവേളയ്ക്ക്‌ശേഷം സമരം വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു.

സര്‍ക്കാര്‍ തൊഴിലുകളിലെ ക്വാട്ട സമ്പ്രദായം ഇല്ലാതാക്കുന്ന ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ 2018-ലെ ഉത്തരവ് നിയമവിരുദ്ധമെന്നു പറഞ്ഞ് ജൂണ്‍ അഞ്ചിന് ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ അപ്പീലിനെത്തുടര്‍ന്ന് ഹൈക്കോടതിയുടെ ഉത്തരവ് ബംഗ്ലാദേശ് സുപ്രീംകോടതി ജൂലായ് 10-ന് താല്‍ക്കാലികമായി മരവിപ്പിച്ചു. സര്‍ക്കാരിന്റെ വാദങ്ങള്‍ ഓഗസ്റ്റ് 7-ന് കേള്‍ക്കാനും കോടതി തീരുമാനിച്ചു. പിന്നാലെയാണ് സമരം തുടങ്ങിയത്.

ധാക്കയില്‍ നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭം Screengrab, Copyright: AP

സംവരണസമ്പ്രദായം പരിഷ്‌കരിച്ച് സര്‍ക്കാര്‍ സര്‍വീസുകളില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം പതുക്കെ ശക്തിയാര്‍ജിക്കുകയായിരുന്നു. ഇതിനിടെ ഭരണകക്ഷിയായ അവാമി ലീഗിന്റെ വിദ്യാര്‍ഥിസംഘടന ബംഗ്ലാദേശ് ഛാത്ര ലീഗും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

സമരക്കാര്‍ക്ക് നേരെ പോലീസ് റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും ഗ്രനേഡുകളും പ്രയോഗിച്ചു. വൈകാതെ സമരം വിവിധ നഗരങ്ങളിലേക്ക് വ്യാപിച്ചു. ധാക്ക, ചിറ്റഗോങ്, രംഗപൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. പിന്നാലെ രാജ്യത്തിന്റെ പലഭാഗങ്ങളിലും സുരക്ഷാസേനയും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

പ്രതിഷേധം ശക്തമായതോടെ സ്‌കൂളുകളും സര്‍വകലാശാലകളും അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ ബംഗ്ലദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ധാക്ക സര്‍വകലാശാല അനിശ്ചിതകാലത്തേക്ക് അടച്ചു. ഹോസ്റ്റലുകള്‍ ഒഴിഞ്ഞുപോകാന്‍ സര്‍വകലാശാലാ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇനിയൊരു അറിയിപ്പുണ്ടാകും വരെ എല്ലാ പൊതു-സ്വകാര്യ സര്‍വകലാശാലകളും കോളേജുകളും അടച്ചിടണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മിഷന്‍ നിര്‍ദേശിച്ചു. പിന്നാലെ സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് സ്‌കൂളുകളെല്ലാം അടച്ചു.

അക്രമത്തെ തുടര്‍ന്ന് ധാക്കയിലേക്കുള്ള റെയില്‍ഗതാഗതം നിര്‍ത്തി. മെട്രോ റെയില്‍ അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഇതിനിടെ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ക്ക് നേരെ അടക്കം ഹാക്കിങ് ശ്രമങ്ങളുണ്ടായി. ബംഗ്ലാദേശ് പോലീസിന്റെ വെബ്‌സൈറ്റിന് പ്രശ്നങ്ങള്‍ നേരിട്ടു. ബംഗ്ലാദേശ് ഛാത്ര ലീഗിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനലായ ബംഗ്ലാദേശ് ടെലിവിഷന്റെ ആസ്ഥാനത്തിന് പ്രതിഷേധക്കാര്‍ തീയിട്ടു.

ഓരോ വര്‍ഷവും ഏകദേശം മൂവായിരത്തോളം ഒഴിവുകളാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ സര്‍വീസില്‍ ഉണ്ടാകുക. എന്നാല്‍, ഏകദേശം 400,000 ബിരുദധാരികളാണ് പ്രതിവര്‍ഷം പഠനം പൂര്‍ത്തിയാക്കുന്നത്. തൊഴിലില്ലായ്മ രൂക്ഷമായ പശ്ചാത്തലത്തില്‍ ക്വാട്ട സംവിധാനത്തിനെതിരേ ഏറെക്കാലമായി ബംഗ്ലാദേശ് യുവാക്കള്‍ക്കിടയില്‍ രോഷം പുകയുകയായിരുന്നു.

ഫസ്റ്റ് ക്ലാസ്, സെക്കന്‍ഡ് ക്ലാസ് സര്‍ക്കാര്‍ ജോലികളില്‍ യോഗ്യരായ വിദ്യാര്‍ഥികളുടെ റിക്രൂട്ട്‌മെന്റ് കുറയുന്നുവെന്നാരോപിച്ച് ക്വാട്ട സംവിധാനത്തിന്റെ പരിഷ്‌കരണത്തിനായി വിവിധ ഘട്ടങ്ങളില്‍ വിദ്യാര്‍ഥികളും യുവാക്കളും പ്രചാരണം നടത്തി.

ബംഗ്ലാദേശിലുടനീളമുള്ള സര്‍ക്കാര്‍-സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ക്വാട്ട സമ്പ്രദായത്തില്‍ പരിഷ്‌കരണം ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെയായിരുന്നു ക്വാട്ട സമ്പ്രദായം തന്നെ ഷെയ്ഖ് ഹസീന എടുത്തുകളയുന്നത്. എന്നാല്‍ ഈ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ഇതോടെയാണ് ഹൈക്കോടതി അത് പുനസ്ഥാപിക്കുന്നത്. ഇതിന് പിന്നാലെ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങുകയായിരുന്നു. വംശീയ ന്യൂനപക്ഷങ്ങള്‍ക്കും വികലാംഗര്‍ക്കും ജോലി സംവരണം ചെയ്യുന്നതിനെ സമരക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്.

ധാക്കയില്‍ ആരംഭിച്ച വിദ്യാര്‍ഥികളുടെ പ്രതിഷേധം ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തതോടെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങള്‍ നടന്നു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ രാജ്യ വ്യാപകമായി കര്‍ഫ്യു ഏര്‍പ്പെടുത്തി. കലാപം അടിച്ചമര്‍ത്താന്‍ സൈന്യത്തെയും നിരത്തിലിറക്കിയിരുന്നു.

ആളുകള്‍ കൂട്ടം ചേരുന്നത് കര്‍ശനമായി വിലക്കിയതിന് പുറമെ കോടതികള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തുന്നവര്‍ക്കെതിരേ ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവ് ഇട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

കഴിഞ്ഞ മാസം 150 ഓളം പേര്‍ മരിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 300 ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജ്യത്ത് 11,000 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സംവരണ വിരുദ്ധ പ്രക്ഷോഭം Screengrab, Copyright: AFP

ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 5 നു പ്രക്ഷോഭക്കാര്‍ ധാക്കയിലേക്ക് ലോംഗ് മാര്‍ച്ച് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും ലോംഗ് മാര്‍ച്ചിനായി ജനങ്ങള്‍ കുതിച്ചെത്തി. പ്രതിഷേധക്കാരും നിയമപാലകരും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തി നില്‍ക്കുന്നതിനിടെയാണ് കരസേന മേധാവി ജനറല്‍ വക്കര്‍ ഉസ്മാന്റെ പ്രസംഗമുണ്ടാകുന്നത്.

സ്ഥാനഭ്രഷ്ടയായ പ്രധാനമന്തി രാജിവെച്ചെന്നും രാജ്യം വിട്ടെന്നും അവര്‍ അറിയിച്ചു. പ്രതിഷേധത്തിനിടെ നടന്ന എല്ലാ കൊലപാതകങ്ങളുടെയും വിചാരണയെക്കുറിച്ച് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയും സമാധാനം പുനസ്ഥാപിക്കുന്നതിന് പ്രസിഡന്റുമായി കൂടിയാലോചിച്ച് ഒരു ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വാഗ്ദാനവും പ്രസംഗത്തില്‍ അദ്ദേഹം നല്‍കി. വിവരമറിഞ്ഞ പ്രക്ഷോഭകര്‍ നൃത്തം ചെയ്തും കൈ കൊട്ടി പാടിയും ഹസീനയുടെ രാജി ആഘോഷിച്ചാണ് ധാക്ക വിടുന്നത്.

ഷെയ്ഖ് ഹസീനയുടെ ഉദയവും പരാജയവും

‘മനുഷ്യത്വത്തിന്റെ മാതാവ്’ എന്നാണ് അണികള്‍ ഷെയ്ഖ് ഹസീനയെ വിശേഷിപ്പിക്കുന്നത്. പ്രതിപക്ഷത്തിനാവട്ടെ ഷെയ്ഖ് ഹസീന ഏകാധിപതിയാണ്. 19 തവണ വധശ്രമം നേരിട്ട ഹസീനയുടെ ജീവിതത്തിന് ബംഗ്ലാദേശിന്റെ ചരിത്രത്തോളം പ്രസക്തിയുണ്ട്.

പാക്കിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശിനെ മോചിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച, ആധുനിക ബംഗ്ലാദേശിന്റെ ശില്‍പി മുജീബ് റഹ്‌മാന്റെ മകള്‍ക്ക് രാഷ്ട്രീയ എന്നും വീട്ടുകാര്യം തന്നെയായിരുന്നു. ഒന്നുമില്ലായ്മയില്‍ നിന്ന് ഏഷ്യ-പസഫിക്കിലെ അതിവേഗം വികസിച്ചുകൊണ്ടിരുന്ന സമ്പദ് വ്യവസ്ഥയിലേക്ക് ബംഗ്ലാദേശിനെ അവര്‍ കൈപ്പിടിച്ചുയര്‍ത്തി.

1947 സെപ്റ്റംബര്‍ 28ന് കിഴക്കന്‍ ബംഗാളിലെ തുംഗിപാരയില്‍ ബംഗാളി ഷെയ്ഖ് കുടുംബത്തില്‍ ബംഗാളി ദേശീയ നേതാവ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെയും ബീഗം ഫാസില തുന്നീസ മുജീബിന്റെയും മകളായാണ് ഹസീന ജനിച്ചത്. തുംഗിപാരയില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് കുടുംബം ധാക്കയിലേക്ക് മാറി. ബിരുദ വിദ്യാഭാസത്തിനായി ഈഡന്‍ കോളേജില്‍ ചേര്‍ന്നു.

1966നും 1967നും ഇടയില്‍ ഈഡന്‍ കോളേജിലെ സ്റ്റുഡന്റ്‌സ് യൂണിയന്റെ വൈസ് പ്രസിഡന്റായിരുന്നു ഹസീന. ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ബംഗാളി ആണവ ശാസ്ത്രജ്ഞനായ എംഎ വാസിദ് മിയയെ 1967ല്‍ ഹസീന വിവാഹം കഴിച്ചു. പഠനകാലത്ത് തന്നെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച ഹസീന സ്റ്റുഡന്റ്‌സ് ലീഗിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

1975 ഓഗസ്റ്റ് 15ന് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ സൈനിക അട്ടിമറിയില്‍ കൊല്ലപ്പെട്ടു. ഹസീനയുടെ ഭര്‍ത്താവും മക്കളും സഹോദരി ഷെയ്ഖ് രഹനയും ഒഴികെയുള്ള മുഴുവന്‍ കുടുംബവും അന്ന് കൊല്ലപ്പെട്ടു. കൊലപാതകം നടക്കുമ്പോള്‍ ഹസീനയും സഹോദരി രഹനയും യൂറോപ്പ് സന്ദര്‍ശിക്കുകയായിരുന്നു. അതോടെ അവര്‍ പശ്ചിമ ജര്‍മ്മനിയിലെ ബംഗ്ലാദേശ് അംബാസഡറുടെ വീട്ടില്‍ അഭയം തേടി.

ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ Screengrab, Copyright: Siasat

പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്തു. ഇതോടെ കുടുംബത്തിലെ അവശേഷിക്കുന്ന അംഗങ്ങള്‍ ആറ് വര്‍ഷത്തോളം ന്യൂഡല്‍ഹിയില്‍ പ്രവാസജീവിതം നയിച്ചു. ഇക്കാലത്ത് സിയാവുര്‍ റഹ്‌മാനായിരുന്നു ബംഗ്ലാദേശിന്റെ പ്രസിഡന്റ്.

1981ല്‍ ഇന്ത്യയില്‍ പ്രവാസജീവിതം നയിക്കുന്നതിനിടയില്‍ അവാമി ലീഗിന്റെ പ്രസിഡന്റായി ഹസീന തിരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം തന്നെ സിയാവുര്‍ റഹ്‌മാന്റെ മരണത്തിന് ശേഷം മെയ് 17ന് രാജ്യത്ത് തിരിച്ചെത്തി. 1984ല്‍ ഫെബ്രുവരിയിലും നവംബറില്‍ അവര്‍ സൈനിക നിയമപ്രകാരം വീട്ടുതടങ്കലിലായി. 1985 മാര്‍ച്ചില്‍ വീണ്ടും മൂന്നു മാസത്തേക്ക് വീട്ടുതടങ്കലില്‍.

പ്രസിഡന്റ് ഹുസൈന്‍ മുഹമ്മദ് എര്‍ഷാദിന്റെ കീഴില്‍ നടന്ന 1986ലെ ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ ഹസീനയും അവാമി ലീഗും മത്സരിച്ചു. 1986-1987 കാലഘട്ടത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവായി അവര്‍ സേവനമനുഷ്ഠിച്ചു. എര്‍ഷാദിനെതിരേ പ്രതിപക്ഷമെന്ന നിലയില്‍ എട്ട് പാര്‍ട്ടികളുടെ സഖ്യത്തിന് അവര്‍ നേതൃത്വം നല്‍കി.

1987 ഡിസംബറില്‍ എര്‍ഷാദ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. പിന്നാലെ സിയാവുര്‍ റഹ്‌മാന്റെ വിധവ ഖാലിദ സിയയുടെ കീഴിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് അവാമി ലീഗ് ജനാധിപത്യം പുനസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടര്‍ന്നു. ഭരണഘടനാ ഹിതപരിശോധനയ്ക്ക് ശേഷം രാജ്യത്തെ പാര്‍ലമെന്ററി സംവിധാനത്തിലേക്ക് കൊണ്ടുവന്നു.

1991ല്‍ നടന്ന പാര്‍ലമെന്റ് പൊതുതിരഞ്ഞെടുപ്പില്‍ ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ഭൂരിപക്ഷം നേടി. അവാമി ലീഗ് ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായി. ഹസീന മത്സരിച്ച മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്ത് തോല്‍ക്കുകയും ഒന്നില്‍ വിജയിക്കുകയും ചെയ്തു. തോല്‍വി സമ്മതിച്ച് തുടക്കത്തില്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവെച്ചെങ്കിലും പാര്‍ട്ടി നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് സ്ഥാനത്ത് തുടര്‍ന്നു.

അവാമി ലീഗ് അംഗത്തിന്റെ മരണശേഷം നടന്ന ഉപതിരഞ്ഞെടുപ്പിന് പിന്നാലെ 1994ല്‍ ബംഗ്ലാദേശിലെ രാഷ്ട്രീയം നിര്‍ണായക വഴിത്തിരിവിലെത്തി. ബിഎന്‍പി സ്ഥാനാര്‍ഥി കൃത്രിമത്വത്തിലൂടെ വിജയിച്ചുവെന്ന് തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാനെത്തിയ നിഷ്പക്ഷ നിരീക്ഷകന്‍ വെളിപ്പെടുത്തി. പിന്നാലെ പാര്‍ലമെന്റ് ബഹിഷ്‌കരിക്കാന്‍ ഹസീന നേതൃത്വം നല്‍കി. ഇതോടെ ഹസീനയും ഖാലിദ സിയയും തമ്മിലുള്ള ബന്ധം വഷളായി.

1996ലാണ് ഷെയ്ഖ് ഹസീന ആദ്യമായി ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ആദ്യത്തെ ടേമില്‍ 2002 ജൂലായ് വരെയാണ് അവര്‍ അധികാരത്തിലിരുന്നത്. ഒട്ടെറെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു. സാമ്പത്തിക ഉദാരവല്‍ക്കരണം, വര്‍ധിച്ച വിദേശ നിക്ഷേപം, ജീവിത നിലവാരത്തിലെ ശ്രദ്ധേയമായ ഉയര്‍ച്ച എന്നിവയുള്‍പ്പെടെയുള്ള നിരവധി വികസനങ്ങള്‍ ഒന്നാം ഷെയ്ഖ് ഹസീന മന്ത്രിസഭയ്ക്ക് നടപ്പാക്കാനായി. .

ഗംഗാജലം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി കരാര്‍ ഒപ്പുവെയ്ക്കുന്നത് ഈ സമയത്താണ്. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ വ്യവസായം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്തു. 1997 ഡിസംബറില്‍ ഹസീനയുടെ സര്‍ക്കാര്‍ ചിറ്റഗോംഗ് ഹില്‍ ട്രാക്ട്‌സ് സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചു. ഇതോടെ ചിറ്റഗോംഗ് ഡിവിഷനിലെ കലാപത്തിന് അറുതിയായി. പിന്നാലെ അവര്‍ക്ക് യുനെസ്‌കോ സമാധാന സമ്മാനവും ലഭിച്ചു. ഇക്കാലത്ത് അയല്‍ അയല്‍രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടു.

1999 ല്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയെ ശക്തിപ്പെടുത്തുന്ന പുതിയ വ്യവസായ നയം ആരംഭിച്ചു. വിവിധ മേഖലകളില്‍ നടത്തിയ പരിഷ്‌കാരങ്ങളുടെ ഫലമായി രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച കൈവരിച്ചു. ഭക്ഷ്യധാന്യ ഉല്‍പ്പാദനം 19 ദശലക്ഷം ടണ്ണില്‍ നിന്ന് 26.5 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. ഇതോടെ ദാരിദ്ര്യനിരക്കില്‍ വലിയ കുറവുണ്ടായി.

2001ലെ തിരഞ്ഞെടുപ്പില്‍ അധികാരം നഷ്ടപ്പെട്ട്, ഹസീന രണ്ടാം വട്ടവും പ്രതിപക്ഷ നേതാവായ സമയത്ത് ബംഗ്ലാദേശില്‍ രാഷ്ട്രീയ അശാന്തിയും അക്രമവും വര്‍ധിച്ചു. 2004 മേയില്‍ എംപി അഹ്‌സനുല്ല മാസ്റ്റര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 21ന് ധാക്കയില്‍ അവാമി ലീഗ് സമ്മേളനത്തിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ പാര്‍ട്ടി വനിതാ സെക്രട്ടറി ഐവി റഹ്‌മാന്‍ ഉള്‍പ്പെടെ 24 പാര്‍ട്ടി അനുഭാവികള്‍ കൊല്ലപ്പെട്ടു. ഹസീനയെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. ഹസീനയുടെ അടുത്ത ഉപദേഷ്ടാവും മുന്‍ ധനമന്ത്രിയുമായ എസ്എഎംഎസ് കിബ്രിയ ആ വര്‍ഷം ഗ്രനേഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

2007ലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള മാസങ്ങള്‍ രാഷ്ട്രീയ അശാന്തിയും വിവാദങ്ങളും നിറഞ്ഞതായിരുന്നു. ഖാലിദ സിയയുടെ സര്‍ക്കാരിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെ കെയര്‍ടേക്കര്‍ സര്‍ക്കാരിന്റെ തലവന്‍ ആരാകണം എന്നതിനെച്ചൊല്ലി പ്രതിഷേധങ്ങളുമുണ്ടായി. നാല്‍പതോളം പേരാണ് പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടത്. പിന്നാലെ വിവിധ കക്ഷികളെ ചര്‍ച്ചകളിലേക്ക് കൊണ്ടുവരാന്‍ കാവല്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടി.

പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് മുഖ്ലസൂര്‍ റഹ്‌മാന്‍ ചൗധരി ഹസീനയുമായും ഖാലിദ സിയയുമായും ചര്‍ച്ച നടത്തി സാഹചര്യങ്ങള്‍ അനുകൂലമാക്കി. ഇതോടെ 2007 ജനുവരി 22 ന് നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രധാന കക്ഷികള്‍ മത്സരിച്ചു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ഹുസൈന്‍ മുഹമ്മദ് എര്‍ഷാദിന്റെ നാമനിര്‍ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിട്ടേണിങ് ഓഫീസര്‍ റദ്ദാക്കി.

ഖാലിദ സിയ Screengrab, Copyright: Star

ഇതോടെ മഹാസഖ്യം തങ്ങളുടെ സ്ഥാനാര്‍ഥികളെ കൂട്ടത്തോടെ പിന്‍വലിച്ചു. വോട്ടര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇയാജുദ്ദീന്‍ അഹമ്മദ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനായി. ഇതോടെ ലെഫ്റ്റനന്റ് ജനറല്‍ മോയിന്‍ ഉദ്ദീന്‍ അഹമ്മദ് സര്‍ക്കാരിന്റെ നിയന്ത്രണം ഏറ്റെടുത്തു. രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചു.

ബംഗ്ലാദേശ് സൈന്യത്തിന്റെ പിന്തുണയോടെ ഫക്രുദ്ദീന്‍ അഹമ്മദ് മുഖ്യ ഉപദേഷ്ടാവായി. സൈന്യം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തതോടെ അഴിമതിക്കുറ്റം ചുമത്തി ഹസീനയെ ജയിലിലച്ചു. പക്ഷേ, ഹൈക്കോടതി ഹസീനയുടെ വിചാരണ നിര്‍ത്തിവയ്ക്കുകയും ജാമ്യത്തില്‍ വിടാന്‍ ഉത്തരവിടുകയും ചെയ്തു.

2008 ഡിസംബറില്‍ 9-ാമത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. പരക്കെ പ്രശംസിക്കപ്പെട്ട സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പില്‍ അവരുടെ പാര്‍ട്ടി കേവല ഭൂരിപക്ഷം നേടി. ഷെയ്ഖ് ഹസീന രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റു. വന്‍ വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയതോടെ ഹസീന തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു പുതിയ ഘട്ടത്തിന് തുടക്കം കുറിക്കുകയായിരുന്നു.

വ്യവസായത്തിനും അധുനിക സാങ്കേതിക വിദ്യകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള ഹസീനയുടെ രണ്ടാം ഇന്നിങ്ങ്സിലെ ഭരണം ആദ്യഘട്ടത്തില്‍ ജനപ്രതീ നേടിയിരുന്നു. സൈന്യത്തിനെ ആധുനിക വത്കരിക്കുന്നതും ഈ സമയത്താണ്. 2014ലും 2019ലും അവര്‍ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

2023 ല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ബംഗ്ലാദേശ് ഇന്ത്യയ്ക്ക് മുകളിലെത്തി. ലോകത്തെ ഏറ്റവും സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന രാജ്യങ്ങളിലൊന്നായി ബംഗ്ലാദേശ്. ലോക ബാങ്കിന്റെ കണക്കനുസരിച്ച് രണ്ടര കോടി ജനങ്ങളാണ് രണ്ട് പതിറ്റാണ്ടിനിടയില്‍ ദാരിദ്ര്യ രേഖയില്‍നിന്ന് പുറത്തു കടന്നത്. സാമ്പത്തിക രംഗത്തെ കുതിച്ചു ചാട്ടം സാമൂഹ്യ മേഖലകളിലും പ്രതിഫലിച്ചു.

ശിശുമരണ നിരക്കിലും വലിയ പുരോഗതിയുണ്ടായി. ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടപ്പോള്‍, 1973 ലെ കണക്കനുസരിച്ച് ശിശുമരണ നിരക്ക് 151.4 ആയിരുന്നു. അന്നത്തെ കണക്കില്‍ ഇന്ത്യയെക്കാള്‍ പിന്നില്‍. എന്നാല്‍ 2022 ല്‍ എത്തുമ്പോള്‍ സ്ഥിതി മാറി. ശിശുമരണ നിരക്ക് നിയന്ത്രിക്കുന്നതില്‍ ഇന്ത്യയെക്കാള്‍ നേട്ടം കൈവരിച്ചു ബംഗ്ലാദേശ്. ശിശു മരണ നിരക്ക് 24.1 ആയി കുറഞ്ഞു. ഇന്ത്യയില്‍ 27.69 ആയിരുന്നു.

സാമ്പത്തിക വളര്‍ച്ചയുടെ ചാലകമായി പ്രവര്‍ത്തിച്ചത് വസ്ത്ര വിപണിയായിരുന്നു. സാമ്പത്തിക രംഗത്തുണ്ടായ പുരോഗതി അടിസ്ഥാന സൗകര്യത്തിനും അവര്‍ ഉപയോഗിച്ചു. ഒരുകാലത്ത് സ്വന്തം ജനതയ്ക്ക് ആവശ്യത്തിന് ഭക്ഷണമില്ലാതിരുന്ന അവസ്ഥയില്‍നിന്ന് ഭക്ഷ്യ കയറ്റുമതി രാഷ്ട്രമായി ബംഗ്ലാദേശ് മാറി. രാജ്യത്ത് ഇന്ന് 98% പെണ്‍കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം നേടുന്നു. ഒപ്പം വലിയതോതില്‍ നിക്ഷേപവും രാജ്യത്തേക്ക് എത്തുന്ന സാഹചര്യന്‍ ഒരുക്കികൊടുത്തു.

സാമ്പത്തിക-മാനവ വിഭവ ശേഷി സൂചികകളിലെ വളര്‍ച്ച രാഷ്ട്രീയ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഉണ്ടായില്ല. ധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ബംഗ്ലാദേശിന്റെ സ്ഥാനം കുത്തനെ ഇടിഞ്ഞു. 180 രാജ്യങ്ങളില്‍ 165 സ്ഥാനമാണ് ബംഗ്ലാദേശിന്. ശക്തമായ അടിച്ചമര്‍ത്തലിന്റെ അടിത്തറയിലാണ് ഷെയ്ഖ് ഹസീന സാമ്പത്തിക മുന്നേറ്റമുണ്ടാക്കിയത് എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

ഈ വര്‍ഷം ജനുവരിയിലാണ് ഷെയ്ഖ് ഹസീന വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുന്നത്. വിശ്വാസ്യതയില്ലെന്നു പറഞ്ഞ് പ്രധാന പ്രതിപക്ഷകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും സഖ്യകക്ഷികളും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. അതോടെ വോട്ടെടുപ്പ് നടന്ന 299 മണ്ഡലങ്ങളില്‍ 223ലും ഭരണകക്ഷിയായ അവാമി ലീഗ് വിജയിച്ചു. ഷെയ്ഖ് ഹസീന തുടര്‍ച്ചയായി നാലാമതും പ്രധാനമന്ത്രിയാവുകയും ചെയ്തു.

ഷെയ്ഖ് ഹസീന Screengrab, Copyright: Dawn

ഇതിനിടെ വലിയ അഴിമതി ആരോപണങ്ങളുടെ ഹസീനക്കെതിരെ ഉയര്‍ന്നു. ഷെയ്ഖ് ഹസീനയുടെ വീട്ടിലെ ജോലിക്കാരനായ ജഹാംഗിര്‍ ആലത്തിന്റെ സമ്പാദ്യം 3.4 കോടി ഡോളറാണെന്ന റിപ്പോര്‍ട്ടുകള്‍ വലിയ പ്രതിഷേധത്തിന് കാരണമായി. ഹസീന സര്‍ക്കാരിന്റെ അഴിമതിക്കഥകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തിരുന്ന ബംഗ്ലാദേശ് മാധ്യമങ്ങളാണ് ജഹാംഗിറിന്റെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥി പ്രതിഷേധവും പൊട്ടിപ്പുറപ്പെടുന്നത്.

ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷം ഭരണം താല്‍ക്കാലികമായി സൈന്യം ഏറ്റെടുക്കുമ്പോള്‍ രാഷ്ടീയമായി എന്നും അസ്ഥിരമായ ബംഗ്ലാദേശിന്റെ ഭാവി എന്താകുമെന്ന് ഉറ്റുനോക്കുകയാണ് ലോകം. ഇന്ത്യയെ സംബന്ധിച്ചും ബംഗ്ലാദേശില്‍ ഇനി ആര് ഭരണത്തില്‍ വരുമെന്നത് നിര്‍ണായകമാണ്. പ്രതിപക്ഷ കക്ഷിയായ ബിഎന്‍പി ജമാഅത്തും സൈനിക ഭരണകൂടവും മുമ്പ് ബംഗ്ലാദേശ് ഭരിച്ചപ്പോള്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടായിരുന്നു. വീണ്ടും അത്തരരമൊരു സാഹചര്യത്തിലേക്ക് പോകാനുള്ള സാധ്യതകള്‍ ഉണ്ടാകുമോ എന്നാകും ഇന്ത്യ ഉറ്റുനോക്കുക.

FAQs

ആരാണ് ഷെയ്ഖ് ഹസീന?

2009 ജനുവരി 9 മുതൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ആയിരുന്നു ഷെയ്ഖ് ഹസീനയാണ്. 1996 മുതൽ 2001 വരെയും ഷേഖ് ഹസീന പ്രധാനമന്ത്രിയായിരുന്നു. ഏകദേശം 12 വർഷത്തോളം ഷേഖ് ഹസീന പ്രതിപക്ഷനേതൃസ്ഥാനത്തുമുണ്ടായിരുന്നു. 1981 മുതൽ ബംഗ്ലാദേശ് അവാമി ലീഗിന്റെ നേതൃസ്ഥാനവും വഹിക്കുന്നുണ്ട്. ഷെയ്ഖ് മുജീബുർ റഹ്മാന്റെ അഞ്ചു കുട്ടികളിൽ മൂത്തവളാണ് ഷെയ്ക്ക് ഹസീന. പരേതനായ ന്യൂക്ലിയർ ശാസ്ത്രജ്ഞൻ എംഎ വഹീദ് മിയ ആണ് ഭർത്താവ്.

ആരാണ് ഷെയ്ഖ് മുജീബുർ റഹ്മാന്‍?

ബംഗാളി രാഷ്ട്രീയനേതവാണ് . ഷെയ്ഖ് മുജീബുർ റഹ്മാന്‍. ബംഗ്ലാദേശിന്റെ സ്ഥാപകനും അവാമി ലീഗിന്റെ ആദ്യകാല നേതാക്കളിലൊരാളും ബംഗ്ലാദേശിന്റെ ആദ്യ പ്രസിന്റുമാണ്. ഷേയ്ഖ് മുജീബ് എന്നാണ് അദ്ദേഹം പൊതുവെ അറിയപ്പെടുന്നത്.

എന്താണ് ‘റസാക്കര്‍’?

ബംഗ്ലാദേശ് സ്വാതന്ത്ര പോരാട്ട കാലത്ത് ബംഗ്ലാ വിമോചന സേനയായ മുക്തി ബാഹിനിയെ അമര്‍ച്ച ചെയ്യാന്‍ പാകിസ്താന്‍ രൂപീകരിച്ച അര്‍ദ്ധ സൈനിക സേനയായിരുന്നു റസാക്കര്‍. പാക് സൈന്യത്തെ സഹായിക്കാനായി എത്തിയ റസാക്കര്‍മാരാണ് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ഹീനമായ പല ക്രൂരതകളും ബംഗ്ലാ ജനതയോട് കാണിച്ചത്.

Quotes

“പരസ്പരം മക്കളെ കൊന്നുകൊണ്ട് എങ്ങനെ സമാധാനത്തോടെ ഒരുമിച്ച് ജീവിക്കാമെന്ന് ഞങ്ങൾ പഠിക്കില്ല- ജിമ്മി കാർട്ടർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.