Sun. Dec 22nd, 2024

 

ദുബൈ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന വയനാട് ജനതക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യുഎയിലെ ഇമാറാത്തി സഹോദരിമാര്‍. മലയാളം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ നൂറയും മറിയയുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. സംഭാവന നല്‍കിയ തുക ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

മലയാളം സംസാരിച്ചുള്ള വിഡിയോകളിലൂടെയും റീലുകളിലൂടെയും ഇരുവരും മലയാളികള്‍ക്ക് സുപരിചിതരാണ്. ഇവരുടെ വിഡിയോകള്‍ക്ക് കേരളത്തില്‍നിന്ന് വലിയ രീതിയിലുള്ള ഫോളോവേഴ്‌സുമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ നടന്‍ മമ്മൂട്ടി നായകനായ ടര്‍ബോ സിനിമ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയപ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത് ഇരുവരുമായിരുന്നു.

കേരളത്തിലുണ്ടായ ദുരന്തത്തില്‍ അതീവ ദുഖം രേഖപ്പെടുത്തിയ ഇരുവരും തങ്ങളാലാവുന്ന സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രവാസി സമൂഹവും വലിയ രീതിയിലുള്ള സാമ്പത്തിക സഹായം വയനാടിനായി പ്രഖ്യാപിക്കുന്നുണ്ട്.