Tue. Nov 5th, 2024

 

മേപ്പാടി: വയനാട്ടിലെ ദുരന്തമേഖലയില്‍ ഭക്ഷണവിതരണത്തില്‍ വീഴ്ചയെന്ന് വ്യാപക പരാതി. ഭക്ഷണവിതരണത്തില്‍നിന്ന് സന്നദ്ധസംഘടനയെ വിലക്കിയതിന് പിന്നാലെയാണ് പരാതി ഉയര്‍ന്നത്. വിതരണം കാര്യക്ഷമമല്ലെന്നാണ് പ്രധാന പരാതി. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ വെള്ളവും പ്രഭാതലഭക്ഷണം ഉള്‍പ്പെടെയുള്ളവയും ലഭിച്ചില്ലെന്നാണ് പലരും പരാതിപ്പെട്ടത്.

ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പുറമേ നിന്നുള്ളവരുടെ അനധികൃത പണപ്പിരിവ് ഒഴിവാക്കാനുമാണ് വിലക്കെന്നാണ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വിശദീകരണം. പുറത്തുനിന്നുള്ള ഭക്ഷണം ആവശ്യമില്ലെന്ന് അറിയിപ്പ് നല്‍കിയിരുന്നു.

സൈന്യമുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് ഭക്ഷണം നല്‍കേണ്ടതുണ്ട്. എല്ലാനിലയിലും ഗുണമേന്മ ഉറപ്പുവരുത്തിയാണ് ഭക്ഷണം നല്‍കുന്നത്. ഭക്ഷണവിതരണമുണ്ട്, ഇതിന് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പിരിവ് നടത്തിയാല്‍ ആര് ഉത്തരം പറയും. അതിനാലാണ് നിയന്ത്രണം വേണമെന്ന് ആലോചിച്ച് ഉറപ്പിച്ച് പരസ്യപ്പെടുത്തിയതെന്നായിരുന്നു മന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിലുള്ള വൈറ്റ് ഗാര്‍ഡ് എന്ന സന്നദ്ധസംഘടന നടത്തിവരുന്ന ഊട്ടുപുര പൂട്ടിച്ചതിനെതിരെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. കള്ളാടിയിലും ചൂരല്‍മലയിലും മുസ്ലിം ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭക്ഷണവിതരണമടക്കം സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചു.

റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷണം വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. ഞായറാഴ്ച രാവിലെ പ്രഭാത ഭക്ഷണം ലഭിച്ചില്ലെന്ന പരാതി വ്യാപകമായി ഉയര്‍ന്നു. പോലീസുദ്യോഗസ്ഥരടക്കം പലയിടത്തും ജോലി ചെയ്യുന്നവര്‍ക്ക് ഭക്ഷണം ലഭിച്ചില്ല. വെള്ളവും പ്രഭാതഭക്ഷണവും ലഭിച്ചില്ലെന്ന പരാതിയുമായി മറ്റ് രക്ഷാപ്രവര്‍ത്തകരും പരാതിപ്പെട്ടു.

ഭക്ഷണ വിതരണം തടസ്സപ്പെട്ട സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി കെ രാജന്‍ പ്രതികരിച്ചു. ഉച്ചയോടുകൂടി പ്രശ്നം പരിഹരിക്കുമെന്നും തിരുത്താനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഉച്ചയ്ക്കും ഭക്ഷണം ലഭിച്ചില്ലെന്ന് വിവിധ രക്ഷാപ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. കുടിവെള്ളം നല്‍കാതെ മടക്കിയയച്ചുവെന്നും കാലാവധി കഴിഞ്ഞ കേടായ ബ്രഡ് ലഭിച്ചുവെന്നും പലരും പറഞ്ഞു. വൈകീട്ട് മൂന്നുമണിയായിട്ടുപോലും ഭക്ഷണം ലഭിച്ചില്ലെന്നും ആരോപണമുണ്ട്.