Tue. Nov 5th, 2024

 

കല്‍പ്പറ്റ: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഷയത്തിന്റെ സാധ്യതയും സാധുതയും പരിശോധിക്കണമെന്നും അതിന് നടപടിക്രമങ്ങള്‍ ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്.

സുരേഷ് ഗോപി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു. മന്ത്രി മുഹമ്മദ് റിയാസുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ദുരന്തബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം കളക്ടറുടെ സാന്നിധ്യത്തില്‍ അവലോകനയോഗം ചേരും.

ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയെന്ന അമിത് ഷയുടെ പ്രസ്താവനയെകുറിച്ചുള്ള ചോദ്യത്തിന് അത് സബ്മിഷന് മറുപടി പറഞ്ഞതാണെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ എഴുന്നള്ളിച്ചു അസ്വസ്ഥത ഉണ്ടാക്കരുത് പറഞ്ഞ അദ്ദേഹം അമിത ഷായുടെ മറുപടി ഉപയോഗിച്ച് ദുരന്തത്തില്‍പ്പെട്ടവരുടെ മനസിനെ മഥിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.