Sun. Dec 22nd, 2024

 

ഹൈദരാബാദ്: ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ വയനാടിനെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മമ്മൂട്ടി. പതിനഞ്ചാമത് ഫിലിം ഫെയര്‍ അവാര്‍ഡ് ആണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്.

നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് മമ്മൂട്ടി നേടിയത്.

ചിത്രത്തിന്റെ സംവിധായകനും ക്രൂവിനും നന്ദി അറിയിച്ച മമ്മൂട്ടി ഇത് തന്റെ പതിനഞ്ചാമത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് ആണെന്നും എന്നാല്‍ ഈ അവാര്‍ഡ് നേട്ടം തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും പറഞ്ഞു.

വയനാടിന്റെ വേദനയാണ് മനസിലെന്നും ജീവനും ഉപജീവനും നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണെന്നും മമ്മൂട്ടി പറഞ്ഞു. വയനാടിനെ എല്ലാവരും സഹായിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഉരുള്‍പൊട്ടലിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 35 ലക്ഷം രൂപ നല്‍കിയിരുന്നു. കഴിഞ്ഞദിവസം എറണാകുളം ജില്ലാ ഭരണകൂടം കൊച്ചി കടവന്ത്രയില്‍ ശേഖരിച്ച ആവശ്യ വസ്തുക്കള്‍ വയനാട്ടിലേക്ക് അയക്കുന്നതിന് നേതൃത്വം നല്‍കാന്‍ മന്ത്രി പി രാജീവിനൊപ്പം മമ്മൂട്ടിയും എത്തിയിരുന്നു. ആദ്യഘട്ടമായാണ് ഈ തുകയെന്നും കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം മന്ത്രിയെ അറിയിച്ചു.