Sun. Dec 22nd, 2024

 

തൃശ്ശൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഒത്തൊരുമയോടെ കൈത്താങ്ങാവുകയാണ് മലയാളികള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്ന രീതിയില്‍ സംഭാവന ചെയ്തവരും ഏറെയാണ്.

സിനിമാ താരങ്ങളും വ്യവസായികളും മാത്രമല്ല, കൊച്ചുകുട്ടികള്‍ മുതല്‍ അവരുടെ കുഞ്ഞുസമ്പാദ്യവും വയനാട്ടിലെ ദുരന്തഭൂമിയിലെ മനുഷ്യര്‍ക്കായി മാറ്റിവെക്കുകയാണ്.

വലപ്പാട് ആര്‍സിഎല്‍പി സ്‌കൂളിലെ നാലാംക്ലാസ്സുകാരന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 10333 രൂപയാണ്. നാലു വര്‍ഷത്തോളമായി കിട്ടുന്ന കാശ് കുടുക്കയിലിട്ട് സൂക്ഷിച്ച പണമാണ് വലപ്പാട് സ്വദേശി മുഹമ്മദ് റാഫിയുടെ മകന്‍ ഐദാന്‍ മുഹമ്മദ് വലപ്പാട് പഞ്ചായത്ത് അധികൃതരെ ഏല്‍പ്പിച്ചത്.

രണ്ടുവര്‍ഷമായി കുടുക്കയില്‍ സൂക്ഷിച്ച പണം വയനാട് ദുരിതബാധിതര്‍ക്കായി നല്‍കിയിരിക്കുകയാണ് ഒന്നാം ക്ലാസുകാരനായ അര്‍ണവ്. തൃശൂര്‍ ജില്ലാകലക്ടര്‍ക്കാണ് ഒന്നാം ക്ലാസുകാരന്‍ തന്റെ സമ്പാദ്യക്കുടുക്ക കൈമാറിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിക്കെതിരായ വ്യാജ പ്രചാരണങ്ങള്‍ക്കിടയില്‍ എല്ലാവര്‍ക്കും മാതൃകയാവുകയാണ് ഈ കൊച്ചു മിടുക്കന്മാര്‍.