Fri. Nov 22nd, 2024

 

മേപ്പാടി: മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മലപ്പുറം സ്വദേശിയും പ്രവാസിയുമായ സരിത കുമാറിന് നഷ്ടമായത് 10 ബന്ധുക്കളെയാണ്. സരിതയുടെ ചേച്ചിയുടെ വീട്ടില്‍ അന്തിയുറങ്ങിയ ബന്ധുക്കളും പരിസരവാസികളുമായ 10 പേരെ മലവെള്ളപ്പാച്ചില്‍ കൊണ്ടുപോയി. എട്ടുവയസ്സുകാരി അവന്തിക മാത്രമാണ് ബാക്കിയായത്.

സരിതയുടെ സഹോദരി രജിതയുടെ ഭര്‍ത്താവിന്റെ അമ്മ നാഗമ്മയും മറ്റു മക്കളും അവരുടെ കുടുംബാംഗങ്ങളുമാണ് ദുരന്തത്തില്‍പ്പെട്ടത്. രജിതയും ഭര്‍ത്താവും കുഞ്ഞുങ്ങളും ദുരന്ത ദിവസം അടിവാരത്തെ വീട്ടിലായിരുന്നതുകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് സരിത പറയുന്നു.

മഴ ശക്തമായപ്പോള്‍ സമീപത്തുണ്ടായിരുന്ന ബന്ധുക്കളെല്ലാം നാഗമ്മയുടെ വീട്ടില്‍ ഒന്നിച്ചുകൂടുകയായിരുന്നു. നാഗമ്മയുടെ മകള്‍ മരുത (48), മരുതയുടെ ഭര്‍ത്താവ് രാജന്‍ (59), മക്കളായ ഷിജു (23), ജിനു (26), ജിനുവിന്റെ ഭാര്യ പ്രിയങ്ക (23), സഹോദരന്റെ മകള്‍ വിജയലക്ഷ്മി (30), അവരുടെ ഭര്‍ത്താവ് പ്രശോഭ് (38), മകന്‍ അശ്വിന്‍ (14) എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

ഇതില്‍ ഏഴുപേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മരുതയുടെ മകള്‍ ആന്‍ഡ്രിയ (15), പ്രശോഭ്, ജിനു എന്നിവരുടെ മൃതദേഹം കണ്ടെത്തിയിട്ടില്ല. രക്ഷപ്പെട്ട അവന്തിക വിജയലക്ഷ്മിയുടെയും പ്രശോഭിന്റെയും മകളാണ്. ആരോ കൈയിലെടുത്തോടിയതുകൊണ്ടു മാത്രമാണ് അവന്തിക രക്ഷപ്പെട്ടത്. അവന്തികയുടെ പിതാവിന്റെ ബന്ധുക്കളാണ് ഇപ്പോള്‍ ആശുപത്രിയില്‍ കൂടെയുള്ളത്.