മേപ്പാടി: മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സമുദ്ര നിരപ്പില്‍ നിന്നും 1550 മീറ്റര്‍ ഉയരത്തിലാണെന്ന് ഐഎസ്ആര്‍ഒ. ദുരന്തം സംബന്ധിച്ച റഡാര്‍ സാറ്റലൈറ്റ് ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. 8600 ചതുരശ്ര മീറ്ററാണ് ദുരന്ത മേഖല. ഉരുള്‍പൊട്ടലിലെ തുടര്‍ന്ന് പാറകെട്ടുകള്‍ ഒഴുകിയത് 8 കി.മീ ദൂരത്തിലാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
ദുരന്തത്തിന് മുമ്പ് 2023 മേയ് 22-ന് കാര്‍ടോസാറ്റ് മൂന്ന് പകര്‍ത്തിയ ചിത്രങ്ങളും ഉരുള്‍പൊട്ടലിന് ശേഷം ബുധനാഴ്ച റിസാറ്റും പകര്‍ത്തിയ ചിത്രങ്ങളുമാണ് പുറത്തുവിട്ടത്. നിലവിലെ പ്രഭവകേന്ദ്രം മുമ്പ് ഉരുള്‍പൊട്ടലുണ്ടായ സ്ഥലമാണെന്നും പാറക്കൂട്ടവും മണ്ണും ഒഴുകിയെത്തി ഇരുവഴിഞ്ഞിപ്പുഴയുടെ കരകള്‍ കവര്‍ന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു.
പുഴയുടെ കരയിലെ വീടുകള്‍ക്കടക്കം കേടുപാടുണ്ടായെന്നും പുറത്തുവിട്ട വിവരത്തിലുണ്ട്. ‘ഇസ്രോ’യുടെ കീഴിലുള്ള നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ ഹൈദരാബാദ് കഴിഞ്ഞദിവസം പുറത്തുവിട്ട ഉപഗ്രഹങ്ങളുടെ ഇമേജിങ് വഴി തയ്യാറാക്കിയിട്ടുള്ളതാണ് ആഘാതഭൂപടം.
40 വര്‍ഷം മുമ്പുണ്ടായ ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തിനോട് അടുത്താണ് പുതിയ ഉരള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമെന്നാണ് ആഘാതഭൂപടത്തില്‍നിന്ന് വ്യക്തമാവുന്നത്. 1984 ജൂലായ് ഒന്നിനുണ്ടായ അപകടത്തില്‍ 14 പേരുടെ ജീവന്‍നഷ്ടമായിരുന്നു.
അതേസമയം, മുണ്ടക്കൈ ദുരന്തത്തില്‍ ഇതുവരെ 299 പേര്‍ മരണപ്പെട്ടു. മുന്നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. 9328 പേര്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. നാലാം ദിവസവും രക്ഷാദൗത്യം തുടരുകയാണ്. ഉരുള്‍പൊട്ടല്‍ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് പ്രത്യേകം തിരച്ചിലാണ് രക്ഷാദൗത്യ സംഘം നടത്തുന്നത്.