Mon. Dec 23rd, 2024

 

ഇടുക്കി: ‘കുഞ്ഞുമക്കള്‍ക്ക് മുലപ്പാല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്’, വയനാട്ടില്‍ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയ്ക്കു വന്ന ഈ കമന്റ് കഴിഞ്ഞ ദിവസം എല്ലാവരുടെയും ന്യൂസ് ഫീഡുകളില്‍ നിറഞ്ഞുനിന്നിരുന്നു.

വയനാട്ടില്‍ നിന്നും ആവശ്യപ്പെട്ടതനുസരിച്ച് ഇടുക്കി ഉപ്പുതറ സ്വദേശി സജിന്‍ പാറേക്കരയും ഭാര്യ ഭാവനയും രണ്ട് മക്കളും ദുരന്തമുഖത്തേയ്ക്ക് പുറപ്പെട്ടു.

ദുരന്തത്തില്‍ അകപ്പെട്ട നിരവധി പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അമ്മയില്ലാതായെന്ന വിവരമാണ് ഭാവനയെ ഇതിന് പ്രേരിപ്പിച്ചത്. തുടര്‍ന്ന് മുലപ്പാല്‍ നല്‍കാന്‍ തയ്യാറാണെന്ന് സാമൂഹ്യമാധ്യമങ്ങള്‍ വഴി അറിയിക്കുകയായിരുന്നു.

നാലു വയസ്സും നാലുമാസവും പ്രായമുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് ഭാവന. ഉപജീവനമായ പിക്കപ്പ് ജീപ്പിലാണ് ഇവരുടെ യാത്ര. കഴിയുന്നതും വയനാട്ടില്‍ എത്രത്തോളം നില്‍ക്കാന്‍ കഴിയുമോ അത്രയും താമസിച്ച് സഹായിക്കാനാണ് ദമ്പതികളുടെ തീരുമാനം.