Mon. Dec 23rd, 2024

 

മേപ്പാടി: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ മൂന്നാംദിനം രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുന്നു. ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ കൂടുതല്‍ യന്ത്രങ്ങള്‍ എത്തിച്ച് രക്ഷാപ്രവര്‍ത്തനം തുടരും.

അപകടത്തില്‍ കനത്ത നാശമുണ്ടായ പുഞ്ചിരിമട്ടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ മുണ്ടക്കൈയിലാണ്. ഇവിടങ്ങളില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ആദ്യ ദിവസം രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് പ്രവേശിക്കാനേ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇന്ന് പുഞ്ചിരിമട്ടം മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. തകര്‍ന്ന വീടുകള്‍ക്കുള്ളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്.

മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനായി കരസേനയുടെ പ്രത്യേക പരിശീലനം സിദ്ധിച്ച മൂന്ന് സ്‌നിഫര്‍ നായ്ക്കള്‍ ബുധനാഴ്ച രാത്രിയോടെ ദുരന്തമേഖലയില്‍ എത്തി. മണ്ണ് മാറ്റാനായി വലിയ യന്ത്രോപകരണങ്ങളും സ്ഥലത്തെത്തിച്ചിട്ടുണ്ട്.

ഏറെ നാശം വിതച്ച വില്ലേജ് റോഡില്‍ നിന്ന് ഇന്ന് മൂന്ന് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടാകുമെന്ന നിഗമനത്തില്‍ വില്ലേജ് റോഡില്‍ ഇന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുകയാണ്.

അതേസമയം, കാണാതായ ഉറ്റവരെ അന്വേഷിച്ചുള്ള ആവലാതികളിലാണ് അവരുടെ ബന്ധുക്കള്‍. കഴിഞ്ഞ രണ്ടുദിവസമായി ഭാര്യയുടെ പിതാവിന്റെ മൃതദേഹം കണ്ടെടുക്കാനായി എന്തുചെയ്യണമെന്നറിയാതെ അലയേണ്ടിവന്നതായി ബന്ധുക്കളിലൊരാള്‍ പറയുന്നു.

‘വില്ലേജ് റോഡിലുള്ള റോഡില്‍ വെള്ളം കയറിയപ്പോള്‍ തന്നെ അവിടെയുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും സമീപത്തെ വീടിന്റെ ടെറസിലേക്ക് മാറ്റിയിരുന്നു. ടെറസിലെ ഷീറ്റിട്ട ഭാഗത്ത് 10 ഓളം പേരുണ്ടായിരുന്നു.

രാത്രി 12 മണി കഴിഞ്ഞപ്പോ പട്ടി കരയുന്ന ശബ്ദം കേട്ടാണ് ഭാര്യാപിതാവും സഹോദരനും താഴേക്കിറങ്ങി. അപ്പോഴാണ് ഉരുള് പൊട്ടി ആദ്യത്തെ വെള്ളം വന്നത്. ടെറസിന്റെ മുകളിലൂടെ വെള്ളം കയറിപ്പോയി. എല്ലായിടത്തും നിന്നും കരച്ചിലും നിലവിളികളും മാത്രമായിരുന്നു’. അദ്ദേഹം പറയുന്നു.

‘വെള്ളമുണ്ടയിലുള്ള തന്നെ ഇക്കാര്യം വിളിച്ചു പറഞ്ഞു. ഞങ്ങളാണ് മേപ്പാടി ഫയര്‍ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ചത്. രണ്ടുമണിയോടെ സ്ത്രീകളെയും കുട്ടികളെയും ആരൊക്കയോ ചേര്‍ന്ന് മുകളിലത്തെ റോഡിലെത്തിച്ചിരുന്നു. ഈ സമയത്താണ് രണ്ടാമത്തെ ഉരുള്‍പൊട്ടിയത്.

ഭാര്യാസഹോദരനും പിതാവും ആ സമയത്ത് മുറ്റത്തായിരുന്നു. അവരെയും കൊണ്ടാണ് ചളിയും വെള്ളവും ഒലിച്ചുപോയത്. അളിയന്റെ ബോഡി മുറ്റത്ത് നിന്ന് കിട്ടി. ഭാര്യാ പിതാവിന്റെ ബോഡി ഇനിയും കിട്ടിയിട്ടില്ല. അത് ഈ മുറ്റത്ത് നിന്ന് പോയിട്ടുണ്ടാകില്ലെന്നാണ് ഇവിടെയുണ്ടായിരുന്നവര്‍ പറയുന്നത്.’, കണ്ണീരോടെ ഇദ്ദേഹം പറയുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് മേപ്പാടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള മുണ്ടക്കൈയില്‍ ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. 2.30 ഓടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. വെള്ളവും മണ്ണും കുത്തിയൊലിച്ച് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ചൂരല്‍മലയിലും കനത്ത നാശമുണ്ടായി. ഒഴുകിപ്പോയ നിരവധി മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറം നിലമ്പൂരിലെ ചാലിയാര്‍ പുഴയില്‍ നിന്നാണ് കണ്ടെത്തികൊണ്ടിരിക്കുന്നത്.