Tue. Jan 14th, 2025

 

തൃശ്ശൂര്‍: തൃശ്ശൂര്‍ അകമല മേഖലയില്‍ നിന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ആളുകളോട് വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ജില്ലാ കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും കലക്ടര്‍ അറിയിച്ചു.

കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്

തൃശൂര്‍ അകമല മേഖലയില്‍ നിന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ആളുകളോട് വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്.

ജൂലൈ 31ന് (ഇന്നലെ) വടക്കാഞ്ചേരി മുനിസിപ്പാലിറ്റി സെക്രട്ടറി അകമല-മാരാത്തുകുന്ന് ഭാഗത്ത് മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വിദഗ്ധസംഘം പരിശോധിക്കണമെന്നും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശത്തുനിന്ന് ആളുകളെ മാറ്റണമെന്ന നിര്‍ദേശം നല്‍കുകയും, 25 കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്കും, ക്യാമ്പുകളിലേക്കും മാറിയിട്ടുള്ളതാണ്.

കൂടാതെ ജിയോളജിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസര്‍, ഭൂജലവകുപ്പ് തുടങ്ങിയവര്‍ അടങ്ങുന്ന വിദഗ്ധ സംഘത്തോട് സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് സ്ഥലം സന്ദര്‍ശിച്ചിട്ടുമുണ്ട്.

അവിടെ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആളുകളെ മാറ്റിത്താമസിപ്പിക്കണമെന്നും വിദഗ്ധസംഘം അറിയിച്ചതായി തഹസില്‍ദാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.

പരിസര പ്രദേശങ്ങളിലായി ഏകദേശം എട്ട് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരെയും മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അറിയിക്കുന്നു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.