Sun. Dec 22nd, 2024

ടെഹ്റാന്‍: ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായി മൂന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച രാവിലെ ഹനിയ്യ കൊല്ലപ്പെട്ടതായി ഇറാന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇറാന്‍ സുപ്രീം ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തിലാണ് ഖമേനി ഉത്തരവിട്ടതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് ഉദ്യോഗസ്ഥരില്‍ രണ്ട് പേര്‍ ഇറാന്‍ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്സ് കോര്‍പ്സിലെ അംഗങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രായേല്‍ കഠിനമായ ശിക്ഷക്ക് കളമൊരുക്കിയതായി നേരത്തെ ഖമേനി തന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ടെഹ്റാനില്‍ എത്തിയതായിരുന്നു ഹനിയ്യ. ഹനിയ്യ താമസിച്ച വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിട്ടുണ്ട്.