Fri. Nov 22nd, 2024

 

മേപ്പാടി: വയനാട് ഉരുള്‍പൊട്ടല്‍ ബാധിത മേഖലയില്‍ സൈനികള്‍ പണിതുകൊണ്ടിരുന്ന ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നു. സൈനിക വാഹനം കടത്തിവിട്ട് പാലം പ്രവര്‍ത്തന സജ്ജമാണോ എന്ന് പരിശോധിച്ചു. ഇതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയവേഗം കൈവരിക്കും

കരസേനയുടെ മദ്രാസ് റെജിമെന്റ് ആണ് പാലം പണിതത്. ഭാരമേറിയ യന്ത്രസാമഗ്രികള്‍ ഉള്‍പ്പെടെ മുണ്ടക്കൈയിലെത്തിച്ച് തിരച്ചില്‍ നടത്തുമ്പോള്‍ കൂടുതല്‍പേരെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തേ ഇവിടെയുണ്ടായിരുന്ന പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നതോടെ പുഴയ്ക്ക് കുറുകെ വടംകെട്ടിയും താത്കാലിക പാലം സ്ഥാപിച്ചുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്..

190 അടിയാണ് ചൂരല്‍മലയില്‍ നിര്‍മ്മിച്ച ബെയ്ലി പാലത്തിന്റെ നീളം. 24 ടണ്‍ ഭാരം വഹിക്കാന്‍ പാലത്തിന് കഴിയും. നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മിച്ചത്. സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗമാണ് പാലം നിര്‍മ്മിച്ചത്

ഡല്‍ഹിയില്‍നിന്നും ബെംഗളൂരുവില്‍നിന്നുമാണ് പാലം നിര്‍മിക്കുന്നതിന് ആവശ്യമായ സാമഗ്രികള്‍ ചൂരല്‍മലയില്‍ എത്തിയത്. ഡല്‍ഹിയില്‍നിന്ന് വിമാനംവഴി കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച സാമഗ്രികള്‍ വയനാട്ടിലേക്ക് ട്രക്കുകളിലാണ് കൊണ്ടുവന്നത്.