കോഴിക്കോട്: തിരുവമ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് അജ്മലിന്റെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. അഞ്ചാം തീയതി വൈദ്യുതി വിച്ഛേദിക്കാന്‍ എത്തിയപ്പോള്‍ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി.
അതിനിടെ കുടുംബത്തിന് നേരെയുണ്ടായത് മനുഷ്യാവകാശ ലംഘനം ആണെന്നാരോപിച്ച് നാട്ടുകാരും മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ അജ്മലിന്റെ മാതാപിതാക്കള്‍ കെഎസ്ഇബി ഓഫീസിന് മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചിരുന്നു.
പ്രതിഷേധത്തിനിടയില്‍ കുഴഞ്ഞുവീണ വീണ പിതാവ് റസാക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയ മാതാപിതാക്കള്‍ വീടിന്റെ മുന്നിലിരുന്ന് പ്രതിഷേധിക്കുകയാണ്. വൈദ്യുതി പുനസ്ഥാപിക്കും വരെ വീട്ടിലേക്ക് കയറില്ലെന്ന് മാതാവ് മറിയം പറഞ്ഞു.
സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് വൈകുന്നേരം കെഎസ്ഇബി ഓഫീസില്‍ റാന്തല്‍ കത്തിച്ചു പ്രതിഷേധിക്കും.
അതേസമയം, കെഎസ്ഇബിയുടേത് പ്രതികാര നടപടിയല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. ജീവനക്കാരെ സംരക്ഷിക്കാനാണ് എംഡി അത്തരമൊരു നടപടിയെടുത്തതെന്നാണ് മന്ത്രി പറഞ്ഞത്. വീട്ടില്‍ വൈദ്യുതി പുനസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.