Sat. Jan 18th, 2025
BJP State President K Surendran Slams Rahul Gandhi's Remarks in Lok Sabha

തിരുവനന്തപുരം: ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാര്‍ശങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ഹിന്ദുക്കളുടെമേൽ രാഹുൽ ഗാന്ധി കുതിര കയറുകയാണ്. ഭഗവാൻ പരമശിവനെ അവഹേളിക്കുന്ന പ്രവൃത്തിയാണ് രാഹുൽ പാർലമെൻ്റിൽ നടത്തിയത്. ചിൻമുദ്ര സങ്കൽപ്പത്തെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കോൺഗ്രസ് വികലമാക്കി അവതരിപ്പിക്കുകയാണ്.

ഹിന്ദു ദൈവങ്ങൾ കൈയ്യിൽ ആയുധമേന്തിയത് ധർമ്മം സംരക്ഷിക്കാനാണ്. എന്നാൽ രാഹുൽ ഗാന്ധി എല്ലാം തെറ്റായി വ്യാഖ്യാനിക്കുകയാണ്. ശ്രീരാമൻ ജനിച്ചതിന് തെളിവില്ലെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം കൊടുത്തവരാണ് രാഹുലിൻ്റെ പാർട്ടിക്കാരെന്നും വർഗീയവാദികളെ പ്രീണിപ്പിക്കാനാണ് രാഹുൽ ഹിന്ദുക്കളെ അവഹേളിക്കുന്നതെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.