അഹമ്മദാബാദ്: ഗുജറാത്തില്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ ബിജെപി നേതാവിന്റെ ജന്മദിനാഘോഷം. അഹമ്മദാബാദിലാണ് സംഭവം. ബിജെപി നേതാവ് ഹിമാന്‍ഷു ചൗഹാനാണ് എഫ് ഡിവിഷന്‍ എസിപിയുടെ ഓഫീസില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്.
ആഘോഷത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ മാസം 23നാണ് ആഘോഷം നടന്നത്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കാനന്‍ ദേശായി ഉള്‍പ്പെടെ 10 പൊലീസ് ഉദ്യോഗസ്ഥരും ചൗഹാനടക്കം രണ്ട് നേതാക്കളും മറ്റ് മൂന്നു പേരുമാണ് കേക്ക് മുറിക്കല്‍ ചടങ്ങില്‍ പങ്കെടുത്തത്. ചൗഹാനെ കൂടാതെ വനിതാ ഉദ്യോഗസ്ഥരും കേക്ക് മുറിക്കുന്നത് വീഡിയോയില്‍ കാണാം.
ഇതിനു ശേഷം ഉദ്യോഗസ്ഥര്‍ ജന്മദിനാശംസകള്‍ നേരുന്നതും തുടര്‍ന്ന് ‘ഭാരത് മാതാ കീ’ മുദ്രാവാക്യം വിളിക്കുന്നതും കേള്‍ക്കാം. ഈ വീഡിയോ എക്‌സില്‍ പങ്കുവച്ച് പൊലീസിനെതിരെയും ബിജെപിക്കുമെതിരെ ഗുജറാത്ത് കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
‘ബിജെപിയുടെ പ്രിയപ്പെട്ടവര്‍ക്കായി പൊലീസിന്റെ പ്രത്യേക സംവിധാനം. ഗാന്ധിനഗറിലെ ബിജെപി ആസ്ഥാനമായ കമലത്തില്‍നിന്ന് ശമ്പളം വാങ്ങുന്നതുപോലെ പെരുമാറുന്ന ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനെ തന്നെ കമലമാക്കി.
ભાજપ ના લાલ માટે પોલીસ નું ખાસ આયોજન
કમલમના પગારદારની જેમ કામ કરતા અધિકારીઓએ #પોલીસ સ્ટેશનને જ કમલમ બનાવી દીધુ.
ભાજપના કાર્યકર્તા અને નેતાઓ માટે જન્મ દિવસની ઉજવણી માટે કમલમ તરફથી ખાસ આયોજન.
ગુજરાતની પ્રજાના ટેક્ષના પૈસાથી ચાલતા પોલીસ સ્ટેશનો કાયદો-વ્યવસ્થા સાચવવા છે કે કમલમના… pic.twitter.com/E8hArljo9I
— Gujarat Congress (@INCGujarat) June 28, 2024
ബിജെപി പ്രവര്‍ത്തകരുടെയും നേതാക്കളുടേയും ജന്മദിനം ആഘോഷിക്കാന്‍ കമലത്തിന്റെ പ്രത്യേക ക്രമീകരണങ്ങള്‍. നികുതിപ്പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന പൊലീസ് സ്റ്റേഷനുകള്‍ ക്രമസമാധാനത്തിന് വേണ്ടിയാണോ അതോ കമലം പാര്‍ട്ടി ഹാളാണോ? സര്‍ക്കാര്‍ ഉത്തരം പറയണം’, ഗുജറാത്ത് കോണ്‍ഗ്രസ് എക്സില്‍ കുറിച്ചു.
എന്നാല്‍ ഇത് ജന്മദിനാഘോഷ ചടങ്ങായിരുന്നില്ലെന്നും സൗജന്യ രക്തദാന ക്യാമ്പിന്റെ വിജയാഘോഷ പരിപാടിയായിരുന്നു എന്നുമാണ് സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥരുടെ വിശദീകരണം.
ജന്മദിനം ആഘോഷിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍, കേക്കില്‍ ‘ഹാപ്പി ബര്‍ത്ത്‌ഡേ’ എന്ന് എഴുതിയേനെയെന്നും എന്നാല്‍ അതില്ലായിരുന്നു എന്നുമാണ് അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ ജിഎസ് മാലിക്കിന്റെ വാദം. സംഭവത്തില്‍ വസ്തുതാപരമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ജൂണ്‍ 23ന് ദരിയാപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സാമുദായിക സൗഹാര്‍ദ്ദം വളര്‍ത്താനായി നടത്തുന്ന രഥ യാത്രയ്ക്ക് മുന്നോടിയായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. പ്രദേശത്തെ പ്രദേശവാസികളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഷാഹിബാഗിലെ ആര്‍മി കണ്‍ണ്ടോള്‍മെന്റ് ഏരിയയില്‍ നിന്നുള്ള ജവാന്‍മാരില്‍ നിന്നും 670 യൂണിറ്റ് രക്തം സ്റ്റേഷനില്‍ സ്വീകരിച്ചു.
തുടര്‍ന്ന്, പൊലീസ് ഉദ്യോഗസ്ഥരും മറ്റുള്ളവരും എസിപി എഫ് ഡിവിഷന്‍ ഓഫീസില്‍ യാത്ര ആസൂത്രണം ചെയ്യാന്‍ ഒത്തുകൂടിയപ്പോള്‍ പ്രദേശവാസിയായ നുസ്രത്ജഹാന്‍ ഷെയ്ഖ് രക്തദാന ക്യാമ്പിന്റെ വിജയം ആഘോഷിക്കാന്‍ മൂന്ന് കേക്കുകള്‍ കൊണ്ടുവരികയും ഞങ്ങളത് മുറിക്കുകയുമായിരുന്നു’ എന്നാണ് അഹമ്മദാബാദ് പൊലീസ് കമ്മീഷണറേറ്റിന് വേണ്ടി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (കണ്‍ട്രോള്‍ റൂം) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ക്യാമ്പ് സംഘടിപ്പിക്കുന്നതിലും രക്തം സമാഹരിക്കുന്നതിലും ചൗഹാനും പങ്ക് വഹിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. ചൗഹാന്റെ പിറന്നാള്‍ ദിനമായിരുന്നതിനാല്‍ കേക്കുകളിലൊന്ന് ചൗഹാനു വേണ്ടി മുറിച്ചതായും പൊലീസ് പ്രസ്താവനയില്‍ പറയുന്നു.