Wed. Dec 18th, 2024

ഞാന്‍ സംസാരിക്കുന്നത് ഒരിക്കലും സ്റ്റേറ്റിനെതിരെയോ പോലീസിനെതിരെയോ അല്ല. ഈ സംവിധാനങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന, ഈ സംവിധാനങ്ങള്‍ നേരെ നടത്താന്‍ സമ്മതിക്കാത്ത, അല്ലെങ്കില്‍ ഇതില്‍ അഴിമതികള്‍ കാണിക്കുന്നവര്‍ക്കെതിരെയാണ് എപ്പോഴും പറഞ്ഞിട്ടുള്ളത്.

കേരള പോലീസ് സേനയെ ജനാധിപത്യവല്‍ക്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് സേനയെയും നേതൃത്വങ്ങളെയും പൊതുജനത്തെയും നിരന്തരം ഓര്‍മിപ്പിക്കുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് ഉമേഷ് വള്ളിക്കുന്ന്. 

പോലീസിലെ പ്രശ്‌നങ്ങളും അഴിമതികളും ചൂണ്ടിക്കാണിച്ചതിന് 20 തോളം കാരണംകാണിക്കല്‍ നോട്ടീസുകള്‍ കൈപ്പറ്റിയിട്ടുള്ള ഉമേഷ് നിലവില്‍ സസ്‌പെന്‍ഷനിലാണ്. കൂടാതെ പിരിച്ചുവിടല്‍ ഭീഷണിയും നേരിടുന്നുണ്ട്. 

പോലീസും ഗുണ്ടകളും തമ്മിലുള്ള കൂട്ടുകെട്ടിനെ കുറിച്ച് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചതിന്റെ പേരിലാണ് നിലവിലെ സസ്‌പെന്‍ഷന്‍. 20 വര്‍ഷത്തെ കരിയറില്‍ ലഭിക്കേണ്ട എഎസ്‌ഐ പ്രമോഷനും ഇന്‍ഗ്രിമെന്റുകളൊക്കെ തടഞ്ഞുവെക്കപ്പെടുകയും ശമ്പളം കിട്ടാതായിട്ടും നാട്ടിലേയ്ക്ക് വരാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിക്കപെട്ടിട്ടും തന്റെ ഒറ്റയാള്‍ പോരാട്ടം തുടരുകയാണ് ഉമേഷ്. 

ഉമേഷ് വള്ളിക്കുന്ന് വോക്ക് മലയാളവുമായി സംസാരിക്കുന്നു

എന്തുകൊണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്യുന്നു?

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ആത്മഹത്യ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടാണ് എന്ന് പറയാന്‍ എളുപ്പമാണ്. കാരണം എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ലോണ്‍ ഉണ്ടാകും. സ്വാഭാവികമായും ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ ലോണോ കുടിശ്ശികയോ ഉണ്ടെങ്കില്‍ സാമ്പത്തിക ബാധ്യതയുണ്ട് എന്ന് പറയാന്‍ എളുപ്പമാണ്. 

മറ്റൊന്ന് കുടുംബ പ്രശ്‌നം ഉണ്ടാവാത്ത മനുഷ്യന്മാര്‍ ഉണ്ടാവില്ല. അപ്പോള്‍ ഒരാള്‍ ആത്മഹത്യ ചെയ്തുകഴിഞ്ഞാല്‍ അത് കുടുംബപ്രശ്‌നമായി കെട്ടിവെക്കാനും എളുപ്പമാണ്. പോലീസുകാരുടെ ഡ്യൂട്ടിയ്ക്ക് ഒരു സമയമോ കൃത്യമായ നിബന്ധനകളോ ആഴ്ചയില്‍ ഒരു ദിവസം അര്‍ഹതപ്പെട്ട ഓഫോ കൊടുക്കുന്നില്ല. ആവശ്യത്തിന് ലീവ് കിട്ടില്ല. കുടുംബത്തിലെ ഒരു കാര്യത്തിനും പങ്കെടുക്കാന്‍ കഴിയില്ല. ഇങ്ങനെയുള്ള ഒരു സാഹചര്യമാണ് പോലീസുകാര്‍ക്ക് സംഭവിക്കുന്നത്. 

ഉമേഷ്‌ വള്ളിക്കുന്നിന് ലഭിച്ച സസ്പെന്‍ഷന്‍ ഓര്‍ഡര്‍ Screengrab, Copyright: Facebook

ഒരു സാമ്പത്തിക പ്രശ്‌നം ഉണ്ടായി എന്ന് വെക്കുക, ഒരാളുടെ കയ്യില്‍ നിന്നും പൈസ കടം വാങ്ങിക്കാന്‍ പോലും സമയമുണ്ടാവില്ല. കാരണം മറ്റ് ആരുടെയോ കാര്യത്തിന് വേണ്ടിയിട്ടോ കാര്യമില്ലാതെയോ ഓടികൊണ്ടിരിക്കുകയാകും. ഒരു കുടുംബപ്രശ്‌നം ഉണ്ടായി വീട്ടില്‍ നിന്നിറങ്ങി അതിലും വലിയ പ്രശ്‌നങ്ങളിലൂടെ സഞ്ചരിച്ച് അന്ന് രാത്രി വീട്ടില്‍ തിരിച്ചെത്തുന്ന ഞങ്ങള്‍ക്ക് ഈ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാന്‍ സമയം ഉണ്ടാവില്ല. ഇത്തരം സാഹചര്യത്തില്‍ കുടുംബപ്രശ്‌നം രൂക്ഷമാവാനേ സാധ്യതയുള്ളൂ. ഈ പ്രശ്‌നങ്ങളൊക്കെ ഉണ്ടാകുന്നത് പോലീസുകാര്‍ക്ക് അര്‍ഹതപ്പെട്ട അവധിയും വിശ്രമവുമൊക്കെ നിഷേധിക്കുന്നതിലൂടെയാണ്. 

ആഴ്ചയില്‍ ഒരു ദിവസം ഓഫ് കൊടുക്കണം എന്ന് പറഞ്ഞ് ഡിജിപി ഇടയ്ക്കിടെ സര്‍ക്കുലര്‍ ഇറക്കും. എന്നാല്‍ സ്റ്റേഷനില്‍ ഇതൊക്കെ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഡിജിപിയ്ക്ക് യാതൊരു സംവിധാനവുമില്ല. ഞങ്ങളുടെ സ്റ്റേഷനില്‍ ഓഫ് ചാര്‍ട്ട് പോലും ഉണ്ടായിരുന്നില്ല. ഫേസ്ബുക്ക് പോസ്റ്റൊക്കെ ഇട്ടിട്ടാണ് അങ്ങനെയൊരു സംവിധാനം വന്നത്. ഉത്തരവുകളും നിയമങ്ങളും പലതരത്തിലുമുണ്ടാകും. പക്ഷേ, അതൊന്നും പോലീസ് സ്റ്റേഷനില്‍ നടപ്പാവില്ല. 

പോലീസ് സ്റ്റേഷന്‍ വേറൊരു ലോകമാണ്. അവിടെ എന്ത് സംഭവിക്കുന്നു എന്ന് ഡിജിപിയ്‌ക്കോ ആഭ്യന്തര മന്ത്രിക്കോ ഒന്നും അറിയില്ല. ആഭ്യന്തര മന്ത്രി ആണെങ്കില്‍ തന്നെ പോലീസിന്റെ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സമയമില്ലാത്ത മന്ത്രി ആണെന്ന് നമ്മുക്കറിയാം. ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കൊടുക്കുന്ന റിപ്പോര്‍ട്ട് ആയിരിക്കും അദ്ദേഹത്തിന് കിട്ടുന്നുണ്ടാവുക. പലപ്പോഴും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ആയിരിക്കും പോകുന്നുണ്ടാവുക. ഡിജിപി അദ്ദേഹത്തിന്റെ ട്രെയിനിംഗ് സമയത്തായിരിക്കും ഒരു പോലീസ് സ്റ്റേഷനില്‍ സമയം ചിലവഴിച്ചിട്ടുണ്ടാവുക. 

ആകെയുള്ള പോലീസുകാരില്‍ 40 ശതമാനം പേരെ പോലീസ് സ്‌റ്റേഷനുകളില്‍ ജോലി ചെയ്യുന്നുണ്ടാവൂ.  ഈ കുറഞ്ഞ ശതമാനം പോലീസുകാരാണ് ഏറ്റവും വലിയ സമ്മര്‍ദ്ദങ്ങളില്‍ പെടുന്നതും കഷ്ട്‌പ്പെടുന്നതും. ആ പോലീസുകാരോട് ആരുംതന്നെ അവരുടെ പ്രശ്‌നങ്ങള്‍ എന്താണെന്ന് ചോദിക്കുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 80 തോളം ആത്മഹത്യകള്‍ ഉണ്ടായി. ആറു ദിവസത്തിനിടെ അഞ്ച് ആത്മഹത്യകള്‍ നടന്നു. 

ഇത്രയും ഉണ്ടായിട്ടും പോലീസ് സ്റ്റേഷനിലെ സാധാരണ പോലീസുകാരോട് ആരും ഇതിനെപറ്റി അന്വേഷിച്ചിട്ടില്ല. പല സ്ഥലത്തും കമ്മിറ്റികള്‍ ഉണ്ടാക്കുന്നുണ്ട്. അത് ശരിക്കും പ്രഹസനമാണ്. പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന പോലീസുകാരെ ഉള്‍പ്പെടുത്താതെ കമ്മിറ്റികള്‍ ഉണ്ടാക്കിയിട്ട് എന്ത് ചെയ്യാനാണ്. സത്യത്തില്‍ ഒരു ശബ്ദവുമില്ലാതെ അവകാശങ്ങളുമില്ലാതെ നീതി നിഷേധിക്കപ്പെട്ട് ജോലി ചെയ്യുന്ന ആളുകളാണ് ജനങ്ങള്‍ക്ക് വേണ്ടി നീതി നടപ്പാക്കാന്‍ നിയോഗികപ്പെട്ട പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍. 

അവര്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ പരിഹരിക്കാന്‍ സമയം കിട്ടുന്നില്ല. ജോലിയുടെ സമ്മര്‍ദ്ദം, മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം എല്ലാമുണ്ട്. എന്തെങ്കിലും ചെറിയ വീഴ്ച പറ്റിയാലോ എന്തെങ്കിലും ഒരു പ്രതികരണം ഉണ്ടായാലോ വരുന്ന അച്ചടക്ക നടപടി, അവരുടെ ഇന്‍ഗ്രിമെന്റ് വെട്ടിക്കുറക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ എല്ലാംകൂടി വരുമ്പോള്‍ അത് ആത്മഹത്യയിലേയ്ക്ക് നയിക്കും. 

ഞാന്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല

എനിക്ക് എഴു മാസമായി ശമ്പളം കിടുന്നില്ല. നാട്ടില്‍ നിന്നും ദൂരെയുള്ള സ്ഥലത്താണ് ജോലി ചെയ്യുന്നത്. സ്റ്റേഷനില്‍ പോലും കിടക്കാന്‍ അനുവദിക്കാതെ വാടകയ്ക്ക് വീടെടുക്കാന്‍ പറയുന്നു. എന്തോ ഭാഗ്യം കൊണ്ട് ഒരുപാട് സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ട് കാര്യങ്ങള്‍ നടക്കുന്നു. ചോദിച്ചില്ലെങ്കിലും അത്യാവശ്യം പൈസ കടം തരാനോ ബുദ്ധിമുട്ട് വരുമ്പോള്‍ വിളിക്കാനോ ആള്‍ക്കാരുണ്ട്. വീട്ടിലെ കാര്യങ്ങള്‍ ഭംഗിയായി നോക്കാന്‍ ഭാര്യക്ക് കഴിയുന്നുണ്ട്.

ഉമേഷ്‌ വള്ളിക്കുന്ന് Screengrab, Copyright: Facebook

മാത്രമല്ല, ഏത് ജില്ലയില്‍ ജോലി ചെയ്താലും പോലീസുകാര്‍ക്കിടയില്‍ നിന്നും വലിയ പിന്തുണയുണ്ട്. പോരാടി, പോരാടി ഉണ്ടാക്കിയെടുത്ത പിന്തുണയാണ്. ഇതൊക്കെയുള്ളത് കൊണ്ട് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നു. എന്റെ സ്ഥാനത്ത് വേറൊരു പോലീസുകാരന്‍ ആയിരുന്നെങ്കില്‍ അത്മഹത്യ അല്ലാതെ വേറൊരു വഴിയുമില്ല. ഭക്ഷണം കഴിക്കാന്‍ 60 രൂപ ഇല്ലാതെ ബുദ്ധിമുട്ടിയ സന്ദര്‍ഭങ്ങളുണ്ട്. എവിടുന്നെങ്കിലുമൊക്കെ സഹായം എത്തുന്നത് കൊണ്ടായിരുന്നു പിടിച്ചു നിന്നത്. ഇനി എത്രകാലം ഈ സഹായങ്ങളൊക്കെ കിട്ടും? ഇനിയിപ്പോ കുറച്ചുകൂടെ മുന്നോട്ട് പോയാല്‍ എനിക്കും ബുദ്ധിമുട്ടായിരിക്കും. 

പോലീസുകാരുടെ നാടുവിടലും വിആര്‍എസും

 നാടുവിടല്‍ എന്നതിലുപരി ഒളിച്ചോടല്‍ എന്ന് പറയുന്നതായിരിക്കും നല്ലത്. നമ്മുടെ വീടുകളില്‍ ഒരാള്‍ക്ക് അസുഖം വരുന്നു എന്ന് പറയുമ്പോള്‍ നമ്മള്‍ ഏറ്റവും സമ്മര്‍ദ്ദത്തില്‍ ആയിരിക്കും. ലീവ് ചോദിച്ചാല്‍ കിട്ടാത്ത സാഹചര്യം വരുന്നു. നമ്മുടെ കുട്ടികള്‍ക്ക് എന്തെങ്കിലും ആവശ്യം വരുമ്പോഴും ലീവ് അനുവദിക്കാതെ വരിക, ഡിപ്പാര്‍ട്ട്‌മെന്റിന്റെ അകത്താണെങ്കില്‍ വേട്ടയാടപ്പെടുന്ന സാഹചര്യമുണ്ടാവുക. ജനങ്ങള്‍ക്ക് നീതി കൊടുക്കുന്ന നീതിപാലകര്‍ ആണെങ്കില്‍ പോലും അതിനും പറ്റുന്നില്ല. 

ഇങ്ങനെ എല്ലാ നിരാശയിലും നില്‍ക്കുന്ന ഒരാള്‍ ഒരു ആത്മഹത്യയില്‍ നിന്നോ അല്ലെങ്കില്‍ ഒരു കൊലപാതകത്തില്‍ നിന്നോ രക്ഷപ്പെടാന്‍ ആയിരിക്കും ഈ ഒളിച്ചോടല്‍. ഈ സംഘര്‍ഷത്തില്‍ നിന്നും സമാധാനം കിട്ടുമ്പോഴായിരിക്കാം തിരിച്ചുവരുന്നത്. തിരിച്ചുവരാന്‍ പറ്റാതെ, പോകുന്നപോക്കില്‍ ആത്മഹത്യ ചെയ്‌തേക്കാം. അതാണ് ലോഡ്ജ് മുറിയിലൊക്കെ പോലീസുകാര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടാകുന്നത്. ഒരാളെ കാണാതാവുമ്പോള്‍ അയാള്‍ തിരിച്ചുവരുമോ ഇല്ലയോ എന്ന സാഹചര്യം കൂടി ഞങ്ങളെ വല്ലാതെ പേടിപ്പിക്കുന്നുണ്ട്.

വിആര്‍എസ് എടുക്കുന്നവരുടെ എണ്ണവും ഒരുപാട് കൂടുന്നുണ്ട്. എങ്ങനെയെങ്കിലും ഇതില്‍ നിന്നും രക്ഷപ്പെട്ട് പോവുക എന്ന ചിന്തയാണ്. മരിക്കുന്നതിനേക്കാളും നല്ലത് രക്ഷപ്പെട്ട് പോകുന്നതാണല്ലോ. പലപ്പോഴും ശമ്പളവും ബാക്കിയുള്ള ആനുകൂല്യങ്ങളും കിട്ടുന്നത് കുറവായിരിക്കും. അങ്ങനെ പോകുന്നവരുണ്ട്. 25 വര്‍ഷം കഴിഞ്ഞാല്‍ മതി എന്ന് ചിന്തിക്കുന്നവരുമുണ്ട്. എസ്ഐ ആയി എന്ന് വെച്ചോളൂ, പല കേസുകളുടെയും  അന്വേഷണ ചുമതല ഇവരുടെ പേരിലുണ്ടാവും. പക്ഷേ, ഈ കേസുകള്‍ എന്താണെന്ന് ഇവര്‍ അറിയുകപോലുമുണ്ടാവില്ല.പിന്നീട് കോടതിയില്‍ ഈ കേസ് എത്തുമ്പോള്‍ ഇവര്‍ ഇതിനെകുറിച്ച് പറയാന്‍ പോകേണ്ടി വരികയും ചെയ്യുന്ന അവസ്ഥയുണ്ട്. 

പോലീസില്‍ ഗ്രേഡ് പ്രമോഷനാണ്. ഒരു സിപിഒ സീനിയര്‍ സിപിഒ ആകുന്നത് വേക്കന്‍സിയ്ക്ക് അനുസരിച്ചായിരിക്കും. സര്‍വീസ് അനുസരിച്ച് ചിലപ്പോള്‍ എസ്‌ഐ വരെയുള്ള ഗ്രേഡ് ലഭിക്കും. ഒരാള്‍ക്ക് എസ്‌ഐ ഗ്രേഡ് കിട്ടിനില്‍ക്കുന്ന സമയത്തായിരിക്കും പ്രമോഷന്‍ പ്രകാരം സീനിയര്‍ സിപിഒ ആകുന്നത്. ഇതിലെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ ഇങ്ങനെയുള്ള ഒരാള്‍ സീനിയര്‍ സിപിഒന്റെ പണി എടുക്കണം, ഗ്രേഡ് എസ്‌ഐയുടെ പണിയും എടുക്കണം. 

ഒരു പ്രശ്‌നം വന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഗ്രേഡ് എസ്‌ഐയോട് പറയും. എന്നാല്‍ എന്തെങ്കിലും കാര്യം കിട്ടുന്ന സംഭവം ആണെങ്കില്‍ അത് എസ്‌ഐ ചെയ്താല്‍ മതി, ഗ്രേഡ് എസ്‌ഐ നോക്കണ്ട എന്ന് പറയും. എസ്പി ഒരു പാര്‍ട്ടി വിളിക്കുകയാണെന്ന് വിചാരിച്ചോളൂ, ക്ഷണം കിട്ടുന്നത് ഡയറക്റ്റ് എസ്‌ഐമാര്‍ക്കാണ്. ഗ്രേഡ് എസ്‌ഐമാര്‍ക്ക് അവിടെ വിലയില്ല. ഗ്രേഡ് എസ്‌ഐമാര്‍ കേസ് പിടിക്കരുത് എന്നൊക്കെ ഉത്തരവുകള്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ പണി എടുപ്പിക്കുന്നത് എല്ലാം ഇവരെകൊണ്ടാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളൊക്കെയാണ് വിആര്‍എസ് എടുക്കാന്‍ പ്രേരിപ്പിക്കുന്നത്. 

പോലീസിനകത്തെ അധികാര പ്രയോഗങ്ങള്‍

അധികാരശ്രേണിയിലുള്ള ഒരു അടിച്ചമര്‍ത്തല്‍, ഭീഷണി, അല്ലെങ്കില്‍ നീതി നിഷേധം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലുള്ളത് പോലെ വേറെ എവിടെയും ഉണ്ടാവില്ല. സ്റ്റേഷനില്‍ ഒരു വിഷയമുണ്ടായാല്‍ ആദ്യം സസ്‌പെന്റ് ചെയ്യപ്പെടുന്നത് ഏറ്റവും താഴെയുള്ള പോലീസുകാരെ ആയിരിക്കും. പോലീസുകാരെ ബലികൊടുത്ത് ആ പ്രശ്‌നത്തില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം എന്നാണ് ഉന്നത അധികാരികള്‍ ചിന്തിക്കുക. 

സസ്‌പെന്റ് ചെയ്യപ്പെട്ട പോലീസുകാരനോട് അല്ലെങ്കില്‍ ശിക്ഷിക്കപ്പെട്ട പോലീസുകാരനോട് എന്താ കാരണം എന്ന് ആരും ചോദിക്കാറില്ല. അയാള്‍ക്ക് പറയാനുള്ള ധൈര്യവും ഉണ്ടാവാറില്ല. ഈ ഒരു സാഹചര്യത്തിലാണ് എനിക്ക് സസ്‌പെന്‍ഷന്‍ കിട്ടാനുണ്ടായ കാരണമൊക്കെ മീഡിയകളോടും മറ്റും പറയുന്നത്. സാധാരണ പോലീസുകാരെ സംബന്ധിച്ച് ഇത്തരം വിഷയങ്ങള്‍ കുടുംബത്തില്‍ പോലും പറയാനുള്ള സാഹചര്യം ഉണ്ടാവില്ല. 

കേരളാ പോലീസ് Screengrab, Copyright:

ജാതി വ്യവസ്ഥയുടെ അതേരൂപമാണ് പോലീസിനകത്തെ അധികാരശ്രേണി എന്നുപറയുന്നത്. പോലീസുകാര്‍ ഉള്‍പ്പെടുന്ന പാര്‍ട്ടികളില്‍ ഉപയോഗിക്കുന്ന പാത്രങ്ങളില്‍ പോലും അതുകാണാന്‍ പറ്റും. ഒരു എസ്പി കോണ്‍ഫറന്‍സ് നടത്തുമ്പോള്‍ കണ്ടിട്ടുണ്ട്, കപ്പും സോസറും എസ്പി പോലുള്ള ആള്‍ക്കാര്‍ക്ക്, ഡിവൈഎസ്പിമാര്‍ക്ക് കപ്പ് മാത്രം, പുറകില്‍ എസ്‌ഐമാരുടെ അടുത്തെത്തുമ്പോള്‍ അത് പേപ്പര്‍ ഗ്ലാസ് ആവും. അനൂപ് കുരുവിള കോഴിക്കോട് കമ്മീഷണര്‍ ആയിരിക്കെ അദ്ദേഹം പറഞ്ഞത് ഒന്നുങ്കില്‍ എല്ലാവര്‍ക്കും പേപ്പര്‍ ഗ്ലാസ്, അല്ലെങ്കില്‍ എല്ലാവര്‍ക്കും കപ്പും സോസറും. അങ്ങനെ പറയാനുള്ള ആര്‍ജവമുള്ള ഉദ്യോഗസ്ഥരൊന്നും ഇപ്പോഴില്ല. 

സ്റ്റേഷനില്‍ ആണെങ്കിലും അധികാരശ്രേണിയുടെ പ്രയോഗങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഫറോക്ക് സ്റ്റേഷനിലെ ഇപ്പോഴുള്ള സിഐ ഓഫീസില്‍ ജോലി ചെയ്യുന്ന വനിതാ പോലീസുകാരിയോട് കട്ടന്‍ചായ ഉണ്ടാക്കികൊടുക്കാന്‍ പറഞ്ഞു. മെസ്സിലെ ചേച്ചി ഉണ്ടെങ്കില്‍ ചായയുണ്ടാക്കാം. അല്ലെങ്കില്‍ സ്റ്റേഷന്റെ തൊട്ടുമുന്നിലുള്ള പ്രകാശ് ഹോട്ടലില്‍ നിന്നും കുടിക്കാം എന്ന് വനിതാ പോലീസുകാരി പറഞ്ഞു. അടുത്ത ദിവസം ഇവര്‍ക്ക് അനുസരണയില്ലാ എന്ന് പറഞ്ഞ് ഓഫീസ് വര്‍ക്കില്‍ നിന്നും മാറ്റിനിര്‍ത്തുകയാണുണ്ടായത്. ഒന്ന് ഞാന്‍ എസ്എച്ച്ഒ ആണെന്നുള്ള ഭാവം, രണ്ടാമത്തേത് അവര്‍ സ്ത്രീയാണ്. അവിടെയുള്ള ആണ്‍  പോലീസുകാരോട് പറയാതെ ഇവരോടാണ് പറയുന്നത്. പോലീസ് സ്റ്റേഷനില്‍ ചായ ഇട്ടുകൊടുക്കേണ്ടത് വനിതാ പോലീസുകാരാണ് എന്ന ചിന്തകളുള്ള ആളുകളാണ് സേനക്കകത്തുള്ളത്. 

സ്ത്രീകളുടെ പ്രാതിനിധ്യത്തില്‍ ഇപ്പോഴും വിവേചനം നിലനില്‍ക്കുന്ന സ്ഥാപനമാണ്‌ പോലീസ് ഡിപ്പാര്‍ട്ട്മെന്റ്. ഞങ്ങളുടെ സ്റ്റേഷനില്‍ വെറും രണ്ട് പേരാണ് വനിതകളാണുള്ളത്. 50 പോലീസുകാരുള്ള സ്റ്റേഷനില്‍ രണ്ട് വനിതാ പോലീസുകാരാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്. വനിതാ ഓഫീസര്‍മാര്‍ക്ക് മാത്രം ഇടപെടാന്‍ കഴിയുന്ന കേസുകളുണ്ട്. ഇപ്പോള്‍ പോക്സോ പോലെയുള്ളത്, വനിതകള്‍ മരിച്ചാലുള്ള ഇന്‍ക്വസ്റ്റ് തുടങ്ങിയ കാര്യങ്ങള്‍. അതേസമയം, പുരുഷ പോലീസുകാര്‍ ചെയ്യുന്ന എല്ലാ ജോലിയും വനിതകള്‍ക്ക് ചെയ്യാം. അപ്പോള്‍ എല്ലാ ജോലിയും ചെയ്യാന്‍ പറ്റുന്ന വനിതകളുടെ എണ്ണം ഞങ്ങളെ സ്റ്റേഷനെ സംബന്ധിച്ച് രണ്ടാണ്. മിക്ക സ്റ്റേഷനുകളിലും രണ്ടോ മൂന്നോ ആയിരിക്കും വനിതകളുടെ പ്രാതിനിധ്യം. വനിതകളുടെ എണ്ണം പുരുഷ പോലീസുകാര്‍ക്ക് തുല്യമാവാതെ ഒരിക്കലും സമത്വം എന്നത് പോലീസില്‍ ഉണ്ടാവില്ല. 

തിരുവിതാംകൂറില്‍ കേള്‍ക്കുന്ന ഏറ്റവും വൃത്തികെട്ട തെറിയാണ് ഞങ്ങളുടെ എസ്എച്ച്ഒ സ്ഥിരം സ്റ്റേഷനില്‍ പ്രയോഗിക്കുന്നത്. രാവിലെ ഡ്യൂട്ടിയ്ക്ക് വന്നതുമുതല്‍ പോലീസുകാരന്‍ കേള്‍ക്കുന്നത് ഇതാണ്. ചെറിയ ചെറിയ വീഴ്ചകള്‍ക്ക് പോലും ഇതേ തെറി കേള്‍ക്കുന്ന ആളുകളാണ് ജനങ്ങളുടെ ഇടയിലേയ്ക്ക് ഡ്യൂട്ടിയ്ക്ക് പോകുന്നത്. അവരുടെ ജനങ്ങളോടുള്ള പെരുമാറ്റം എത്രത്തോളം നല്ലതായിരിക്കും എന്ന് പറയാന്‍ പറ്റോ? ദുര്‍ബലരായ മനുഷ്യരുടെ അടുത്ത് വരുമ്പോള്‍ ആയിരിക്കും ചിലപ്പോള്‍ എല്ലാ നിരാശകളും തീര്‍ക്കുക.ആത്യന്തികമായി ഇതെല്ലം സാധാരക്കാരെ അല്ലെങ്കില്‍ പൊതുജനത്തെയാണ് ബാധിക്കുന്നത്. 

പോലീസ് സംവിധാനത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ എങ്ങനെ പോലീസിനെതിരാവും

ഞാന്‍ സംസാരിക്കുന്നത് ഒരിക്കലും സ്റ്റേറ്റിനെതിരെയോ പോലീസിനെതിരെയോ അല്ല. ഈ സംവിധാനങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന, ഈ സംവിധാനങ്ങള്‍ നേരെ നടത്താന്‍ സമ്മതിക്കാത്ത, അല്ലെങ്കില്‍ ഇതില്‍ അഴിമതികള്‍ കാണിക്കുന്നവര്‍ക്കെതിരെയാണ് എപ്പോഴും പറഞ്ഞിട്ടുള്ളത്. പിന്നെ ഈ സിസ്റ്റത്തിന്റെ പോരായ്മകളെ കുറിച്ചും. അതിനെ പോലീസിനെതിരായ ഒന്നായി വ്യാഖ്യാനിച്ചാണ് എനിക്കെതിരെ നടപടികള്‍ വരുന്നത്. പോലീസില്‍ ഒരാള്‍ കള്ളത്തരം കാണിക്കുന്നു, അല്ലെങ്കില്‍ അയാള്‍ കള്ളനാണ് എന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ ഞാന്‍ പോലീസിനെതിരായി സംസാരിക്കുന്നു എന്ന് പറഞ്ഞ് അതേ കള്ളനാണ് എനിക്കെതിരെ ഉത്തരവിടുന്നത് അല്ലെങ്കില്‍ അന്വേഷണം നടത്തുന്നത്. 

പോലീസ് സ്റ്റേഷനുകളില്‍ ആവശ്യത്തിനുള്ള ജീവനക്കാരെ അനുവദിക്കുകയും അത് വേണ്ടരീതിയില്‍ നടപ്പാക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥര്‍ വരികയുമാണെങ്കില്‍ ഇതൊക്കെ എളുപ്പത്തില്‍ നടപ്പാക്കാവുന്ന കാര്യമാണ്. ഒരു മാനേജ്‌മെന്റ് വൈദ്യഗ്ധ്യവുമില്ലാത്ത ആളുകള്‍ സ്റ്റേഷനുകള്‍ ഭരിക്കുമ്പോഴാണ് ഈ പ്രശ്‌നങ്ങള്‍ വരുന്നത്. പ്രശ്‌നങ്ങള്‍ ഇല്ലാതെ സന്തോഷത്തോടുകൂടി നടന്നുപോകുന്ന സ്റ്റേഷനുകള്‍ കേരളത്തിലുണ്ട്. അതുപോലെ ഭരണകൂടത്തിന് ഒരു ഇച്ഛാശക്തിയും വേണം. പോലീസുകാര്‍ക്ക് എട്ട് മണിക്കൂര്‍ ഡ്യൂട്ടി എന്ന് പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിനനുസരിച്ചുള്ള സംവിധാനങ്ങള്‍ നടപ്പാക്കാന്‍ ഭരണകൂടവും ശ്രമിക്കുന്നില്ല. 

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അവിശുദ്ധ കൂട്ടുക്കെട്ടുകളുണ്ടാക്കുന്ന സമ്മര്‍ദ്ദം

പോലീസ് സ്റ്റേഷനില്‍ ഒരു സാധാരണ പോലീസുകാരന് ഒരു അവിശുദ്ധ ബന്ധമുണ്ടായാല്‍ അത് ചെറിയ രീതിയിലേ ബാധിക്കൂ. പക്ഷേ, ഒരു എസ്എച്ച്ഒയ്ക്ക് ഒരു കൂട്ടുക്കെട്ടുണ്ടായാല്‍ അത് സ്റ്റേഷന്‍ മുഴുവന്‍ ബാധിക്കും. അതുപോലെ ജില്ലാ പോലീസ് മേധാവിയ്ക്ക് ഇങ്ങനെയൊരു ബന്ധം ഉണ്ടെങ്കില്‍ അത് ജില്ല മുഴുവന്‍ ബാധിക്കും. പോലീസിനെ ഭരിക്കുന്ന ഉന്നതര്‍ക്കാണെങ്കില്‍ സംസ്ഥാനം മുഴുവന്‍ അതിന്റെ റിസള്‍ട്ട് ഉണ്ടാകും.

ഇത് സത്യസന്ധമായി ജോലി ചെയ്യുന്ന, സാധാരണക്കാര്‍ക്ക് നീതി നല്‍കാന്‍ ആഗ്രഹിക്കുന്ന പോലീസുകാരെ സംബന്ധിച്ച് വലിയ ദുസ്സഹമായിരിക്കും. ഒരുപാട് പ്രശ്‌നങ്ങള്‍ക്കിടയില്‍ നീതിയ്ക്ക് വിരുദ്ധമായി അല്ലെങ്കില്‍ നിയമവിരുദ്ധമായി അഴിമതിയ്ക്ക് കൂട്ടുനിന്ന് ജോലി ചെയ്യേണ്ടി വരുന്നത് വലിയ സമ്മര്‍ദ്ദത്തിലേയ്ക്ക് നയിക്കും. അങ്ങനെ വരുമ്പോള്‍ കുറച്ച് ആത്മബോധമുള്ളവര്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കും. ചിലര്‍ ജോലി ഉപേക്ഷിച്ച് പോകും. 

പോലീസുകാരെ കേള്‍ക്കാന്‍ തയ്യാറാവാത്ത ഉന്നത ഉദ്യോഗസ്ഥരും വകുപ്പ് മന്ത്രിയും 

വകുപ്പ് മന്ത്രിയ്ക്ക് നടക്കുന്ന കാര്യങ്ങളെല്ലാം അറിയും എന്ന് പറയാന്‍ കഴിയില്ല. കാരണം അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ളവര്‍ കൊടുക്കുന്ന വിവരം അല്ലാതെ പുറത്ത് നിന്നുള്ള വിവരങ്ങള്‍ കിട്ടാന്‍ സാധ്യതയില്ലാത്ത ആളാണല്ലോ? വകുപ്പിനെ മാത്രമായി ശ്രദ്ധിക്കാന്‍ സമയമുള്ള ആളുമല്ല. മുമ്പ് കോടിയേരി ആണെങ്കിലും തിരുവഞ്ചൂര്‍ രാധാകൃഷന്‍ ആണെങ്കിലും ഉമ്മന്‍ചാണ്ടി ആണെങ്കിലും പോലീസിന്റെ മന്ത്രി എന്ന നിലയില്‍ പോലീസുകാര്‍ക്ക് സന്തോഷം കൊടുത്തിട്ടുള്ള മന്ത്രിമാരാണ്. പോലീസുകാര്‍ക്ക് ഒരു മന്ത്രി എന്ന നിലയില്‍ അഭിമാനത്തോടെ പറയുന്ന ആളുകളാണ്. ഇപ്പോള്‍ പോലീസുകാര്‍ക്ക് ഒരു മന്ത്രി ഇല്ലാത്തതിന്റെ അനാഥത്വം നന്നായി അനുഭവപ്പെടുന്നുണ്ട്. ഒരു പ്രശ്‌നം വന്നാല്‍ പോലും പറയാനോ ചോദിക്കാനോ ആരുമില്ല. 

മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയന്‍ Screengrab, Copyright: The Economic Times

കുവൈത്തിലെ അപകടം ഉണ്ടായപ്പോള്‍ മന്ത്രി വീണാ ജോര്‍ജ് അവിടെ പോകാന്‍ തയ്യാറായി. അതേസമയം ഇവിടെ ആറ് ദിവസത്തിനുള്ളില്‍ അഞ്ച് പേര്‍ മരിച്ചിട്ട് അതൊന്നും പരിഗണിക്കാന്‍ പോലും ആരും തയ്യാറായില്ല. അതുകൊണ്ടാണ് ഞാന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ തയ്യാറാവുന്നത്. ഇത് വേറൊരു ഡിപ്പാര്‍ട്ട്‌മെന്റിലാണ് സംഭവിക്കുന്നതെങ്കില്‍ അത് ആ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ദുരന്തമായാണ് കണക്കാക്കുക. എനിക്കെതിരെ ഒരുപക്ഷേ നടപടി ഉണ്ടായേക്കും. മാധ്യമങ്ങളും ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. അപ്പോള്‍ പോലും ഡിജിപിയോ മുഖ്യമന്ത്രിയോ ഇതിനെപ്പറ്റി സംസാരിക്കാനോ അന്വേഷിക്കാനോ ഒന്നിനും തയ്യാറായിട്ടില്ല. 

ഞാന്‍ നേരത്തെ പറഞ്ഞതുപോലെ താഴെക്കിടയിലുള്ള പോലീസുകാരോട് ഇതുവന്ന് ചോദിയ്ക്കാന്‍ ആരുമില്ല. ആരും പറയാന്‍ തയ്യാറല്ലാത്ത സാഹചര്യം ആണെങ്കില്‍ എന്നോട് വന്ന് ചോദിക്കാമല്ലോ? ശരിയായ രീതിയില്‍ പോലീസുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം, ആത്മത്യകള്‍ ഒഴിവാക്കണം എന്നൊക്കെയുണ്ടെങ്കില്‍ പറയാന്‍ തയ്യാറുള്ള പോലീസുകാരോട് ചോദിക്കാമല്ലോ? ഇതൊന്നും ചെയ്യാതെ ഉന്നതരുടെ റിപ്പോര്‍ട്ടുകളും വാക്കുകളും മാത്രം വിശ്വസിക്കുന്ന ഭരണകൂടവും നേതൃത്വവും ഉണ്ടാകുമ്പോള്‍ എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ താഴേക്കിടയിലെ പോലീസുകാരെ സസ്‌പെന്റ് ചെയ്ത് മാനം രക്ഷിക്കുന്ന നിലപാട് തന്നെ ആയിരിക്കും എപ്പോഴും ഉണ്ടാവുക. 

പോലീസുകാരുടെ എല്ലാ പ്രശ്‌നങ്ങളെയും കുറിച്ച് പഠനം നടത്തണം

ഒരു ചാനല്‍ ചര്‍ച്ചയില്‍ പോലീസ് അസോസിയേഷനിലെ എറണാകുളത്തെ നേതാവ് പറഞ്ഞത് പോലീസുകാരിലെ ആത്മഹത്യക്ക് കാരണം സാമ്പത്തിക അച്ചടക്കമില്ലായ്മയും അമിത മദ്യപാനവുമാണ് എന്നാണ് ഞങ്ങളുടെ പഠനത്തില്‍ മനസ്സിലാക്കിയത് എന്നാണ്. ഇത്തരത്തില്‍ ഒരു പഠനം പോലും നടന്നിട്ടില്ല. അസോസിയേഷനും പഠനം നടത്തിയിട്ടില്ല. ആത്മഹത്യ ചെയ്ത പോലീസുകാരുടെ കണക്കുകള്‍ പറയുന്ന രേഖയും സൂക്ഷിക്കുന്നില്ല. 

പോലീസുകാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠനം നടത്തുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്. പക്ഷെ അതിനിവര്‍ തയ്യാറാകുന്നില്ല. പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടുക എന്ന നിലപാടാണ് ഇവര്‍ക്ക് എളുപ്പമായിട്ടുള്ളത് എന്ന് തോന്നുന്നു. എന്റെ കുടുംബത്തില്‍ ഇങ്ങനെയൊരു പ്രശ്‌നം സംഭവിക്കില്ലാ എന്ന തരത്തിലാണ് വിഷയങ്ങളെ കൈകാര്യം ചെയ്യുന്നത്. അവരുടെ കുഴപ്പം കൊണ്ട് ജീവിതം അവസാനിപ്പിച്ചു എന്ന രീതിയാണ്. 

ആത്മഹത്യ ചെയ്ത പോലീസുകാരുടെ കുടുംബത്തിന്റെ ഗതികേട് എന്താണെന്ന് വെച്ചാല്‍, കുടുംബത്തിന് അയാളെ നഷ്ടപ്പെടുന്നു. മാത്രമല്ല ആത്മഹത്യ പോലീസിന്റെ ഭാഗത്ത് നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണെന്ന് വരാതിരിക്കാന്‍ അയാളെ ആക്ഷേപിച്ചു കൊണ്ടായിരിക്കും മിക്ക റിപ്പോര്‍ട്ടുകളും പോകുന്നത്. ആത്മഹത്യയുടെ കാരണം കടബാധ്യതയാണ്, കുടുംബപ്രശ്‌നമാണ് എന്നൊക്കെ പറഞ്ഞായിരിക്കും വാര്‍ത്തകളൊക്കെ വരുന്നുണ്ടാവുക. മരിച്ച ശേഷവും ഈ കുടുംബത്തെ അപമാനിക്കുന്ന തരത്തിലാകും വാര്‍ത്തകളും പ്രസ്താവനകളുമൊക്കെ വരുന്നത്. 

യോഗ എന്ന പ്രഹസനം

പോലീസുകാരുടെ പ്രശ്‌നങ്ങള്‍ കുറക്കാന്‍ യോഗയും കൗണ്‍സിലിങ്ങും നിര്‍ദേശിക്കുന്നവര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ ചികിത്സ നല്‍കേണ്ടത്. എട്ടു മണിക്കാണ് പോലീസുകാരന്റെ സാധാരണ ഡ്യൂട്ടി തുടങ്ങുന്നത്. അത് എത്ര മണിക്ക് തീരും എന്നതില്‍ യാതൊരു ഉറപ്പുമില്ല. അയാളുടെ വീട്ടില്‍ എന്തെങ്കിലും പരിപാടി നടന്നാലോ, മക്കളുടെ ബര്‍ത്ത് ഡേ ആണെങ്കിലും സമയത്തിന് അയാള്‍ക്ക് എത്താന്‍ സാധിക്കണം എന്നില്ല. അങ്ങനെ സമ്മര്‍ദ്ദത്തില്‍ ഡ്യൂട്ടി ചയ്യുന്ന ഒരാള്‍ വെള്ളിയാഴ്ച പരേഡിന് വരുന്നത് ഏഴു മണിക്കാണ്. ഒരു മണിക്കൂര്‍ നേരത്തെ വീട്ടില്‍ നിന്നും വരണം. 

യോഗ ചെയ്യുന്ന മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ Screengrab, Copyright: EPS

ഇനി യോഗയ്ക്ക് വേണ്ടി മാറ്റിവെക്കുന്ന സമയം ഇതുപോലെ രാവിലെ ഏഴു മണിയാണ്. അപ്പോള്‍ മറ്റൊരു ദിവസം കൂടി ഏഴു മണിക്ക് വരണം. അടുത്ത ചൊവ്വാഴ്ച സമര്‍ദ്ദം കുറയ്ക്കാന്‍ വേണ്ടി പോലീസുകാര്‍ക്ക് യോഗയുണ്ടെന്ന് പറയുമ്പോള്‍, ആ അറിയിപ്പ് വരുന്ന ദിവസം മുതല്‍ പല പോലീസുകാര്‍ക്കും ടെന്‍ഷന്‍ ആയിരിക്കും. ഒരു വനിതാ പോലീസുകാരി ആണെന്ന് വിചാരിക്കുക, ജോലി ചെയ്യുന്ന സ്റ്റേഷനില്‍ നിന്നും മുപ്പതോ, അറുപതോ കിലോമീറ്റര്‍ ദൂരത്തിലാണ് വീട് എന്ന് വെക്കുക, അടുത്ത ചൊവ്വാഴ്ച രാവിലെ യോഗയ്ക്ക് പോകുമ്പോള്‍ അന്നത്തെ ദിവസത്തെ വീട്ടിലെ കാര്യങ്ങള്‍ എങ്ങനെ ചെയ്യും മക്കളെ എന്ത് ചെയ്യും തുടങ്ങിയ കാര്യങ്ങളൊക്കെ ആലോചിച്ച് ആ ദിവസം വരെ ടെന്‍ഷന്‍ അടിച്ചിട്ടാണ് യോഗയ്ക്ക് പോകുന്നത്. അത്രയ്ക്ക് സമ്മര്‍ദ്ദം നല്‍കുന്ന ഒന്നാണ് യോഗ. ഇതുവെച്ചാണ് പോലീസുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്. 

സഹപ്രവര്‍ത്തകന്റെ ആത്മഹത്യയും അനീതിക്കെതിരെയായ ശബ്ദവും

പോലീസുകാര്‍ അനുഭവിക്കുന്ന അനീതിയ്‌ക്കെതിരെ ശബ്ദിക്കണം എന്ന് തോന്നിയത് ഒരു ആത്മഹത്യയുമായി ബന്ധപ്പെട്ട് തന്നെയാണ്. കോഴിക്കോട് നടക്കാവ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ഷാജി എന്ന പോലീസുകാരന്‍ ആത്മഹത്യ ചെയ്തു. ഐജിയൊക്കെ ഉള്‍പ്പെട്ട ഒആര്‍സിയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ പെനിസിന്റെ ചിത്രം ഇട്ടു എന്നതിന്റെ പേരില്‍ സസ്‌പെന്‍ഷനിലാവുകയും അത് കോഴിക്കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് പിറ്റേദിവസത്തെ പത്രത്തില്‍ കൊടുക്കുകയും ചെയ്തു. 

ഈ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ വീട്ടിലെത്തിച്ചു കൊടുത്തു. പിറ്റേ ദിവസം രാവിലെ ഭാര്യ അവരുടെ വീട്ടില്‍ പോയി. അന്ന് രാവിലെ പത്രം തുറക്കുമ്പോള്‍ കാണുന്നത് ആദ്യ പേജില്‍ തന്നെ ഇയാളെക്കുറിച്ചുള്ള വമ്പന്‍ വാര്‍ത്തയാണ്. ഭാര്യ തിരിച്ച് വീട്ടില്‍ എത്തുമ്പോഴേക്കും ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു. കുറച്ചു മണിക്കൂറുകള്‍ കൊണ്ട് നടന്ന ഭീകരമായ ഒരു നായാട്ടാണ് ആത്മഹത്യയിലേയ്ക്ക് എത്തിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാവരുടെ മനസ്സിലും സങ്കടവും പ്രതിഷേധവുമുനണ്ട്. പക്ഷേ, ഇതൊന്നും പറയാന്‍ പറ്റാതെ എല്ലാവരും നിശബ്ദരായി നില്‍ക്കാണ്. ഞാനും ആ കൂട്ടത്തിലുണ്ട്. അന്ന് ഉറങ്ങാന്‍ സാധിച്ചില്ല. ആ സാഹചര്യത്തിലാണ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇടുന്നത്. അതാണ് പോലീസുകാരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് ആദ്യം ഇടുന്ന പോസ്റ്റ്. 

(കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായിരുന്നു ഷാജി.  ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലേക്ക് അശ്ലീല ചിത്രം പോസ്റ്റ് ചെയ്തുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് അന്നത്തെ കമ്മീഷണര്‍ ആയിരുന്ന പിഎ വത്സന്‍ ഷാജിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഒരു പെണ്‍കുട്ടിക്ക് ലഭിച്ച അശ്ലീല ചിത്രം അന്വേഷണത്തിന്റെ ഭാഗമായി മേലുദ്യോഗസ്ഥന് കൈമാറുന്നതിനിടെയാണ് ഷാജിക്ക് അബദ്ധം സംഭവിച്ചത്. ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്റെ (ഒആര്‍സി) വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് ചിത്രം മാറി പോസ്റ്റ് ചെയ്തത്.  സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റായ വിദ്യാര്‍ത്ഥിനിക്ക് വാട്സ്ആപ്പിലൂടെ വന്ന അശ്ലീല ചിത്രമടങ്ങുന്ന സന്ദേശം വിദ്യാര്‍ത്ഥിനിയുടെ പിതാവാണ് ഷാജിക്ക് അയച്ച് കൊടുത്തത്. മേലാധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടി സ്വീകരിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. ഈ ഫോട്ടോ മേലധികാരിക്ക് അയക്കുന്നതിനിടെയാണ് അബദ്ധത്തില്‍ ഗ്രൂപ്പ് മാറി പോസ്റ്റ് ചെയ്യുന്നത്. സ്റ്റുഡന്റ്സ് കേഡറ്റുകളുടെ ഏകോപനത്തില്‍ പ്രശംസ നേടിയ പോലീസ് ഉദ്യോഗസ്ഥനായിരുന്നു ഷാജി.)

അന്ന് അതിനെതിരെ നടപടിയൊന്നും വന്നില്ല. പിന്നീട് പോലീസിലെ പ്രശ്ങ്ങള്‍ക്ക് എതിരെയും അഴിമതിയ്ക്ക് എതിരെയും ശബ്ദിക്കാന്‍ തുടങ്ങി. ഹെല്‍മെറ്റ് വിഷയത്തിലെ അഴിമതി, അതേപോലെ പോലീസുകാരുടെ ശമ്പളം എച്ച്ഡിഎഫ്‌സി ബാങ്കിന് മറിക്കാനുള്ള വലിയൊരു അഴിമതി തുടങ്ങിയ വിഷയങ്ങളില്‍ പരസ്യമായി പ്രതികരിച്ചിരുന്നു. എന്റെ രണ്ട് ഇന്‍ഗ്രിമെന്റ് പോയെങ്കിലും ആ പദ്ധതികള്‍ അവര്‍ക്ക് നടപ്പാക്കാന്‍ പറ്റിയില്ല. 

എന്റെ സര്‍വീസ് കാലാവധി വെച്ചുനോക്കുമ്പോള്‍ ഞാന്‍ എഎസ്‌ഐ ആവേണ്ടതാണ്. എല്ലാ ഇന്‍ഗ്രിമെന്റുകളും കിട്ടാത്തവിധം ആക്കിയിട്ടുണ്ട്. ഞാന്‍ റിട്ടയേര്‍ഡ് ആയി മരിച്ചു കഴിഞ്ഞാലും ഇന്‍ഗ്രിമെന്റ് കിട്ടാത്ത രീതിയില്‍ വെട്ടിയിട്ടുണ്ട്. ഇപ്പോള്‍ പിരിച്ചു വിടാനുള്ള നീക്കം നടക്കുന്നുണ്ട്. നിലവിലുള്ള എല്ലാ അച്ചടക്ക നടപടികളും കണക്കിലെടുത്താണ് പിരിച്ചുവിടാനുള്ള നീക്കം നടക്കുന്നത്.

പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്ന് എനിക്ക് തന്നിട്ടുള്ള കുറ്റാരോപണ പത്രികയിലുള്ളത് നിരന്തരമായ ദുര്‍നടപ്പുകാരനാണ് എന്നാണ്. ഈ ദുര്‍നടപ്പുകാരന്‍ ആണെന്നുള്ള സംഭവം മാത്രമായിരിക്കും മന്ത്രിതലത്തില്‍ അറിയുന്നുണ്ടാവുക. അതുവെച്ചായിരിക്കാം പിഎസ്‌സിയ്ക്കും റെക്കമെന്റ് ചെയ്യുന്നത്. അങ്ങനെ ഒരു നടപടി ഉണ്ടായാല്‍ നിയമപരമായി നേരിടാനാണ് തീരുമാനം. 

FAQs

എന്താണ് പോലീസ്?

സമൂഹത്തിൽ ക്രമസമാധാനപാലനവും നിയമപരിപാലനവും നീതി നിർ‌വഹണവും നടത്തേണ്ടതിന്റെ ചുമതല നിക്ഷിപ്തമായിരിക്കുന്ന ഭരണസം‌വിധാനത്തിന്റെ വിഭാഗമാണ്‌ പോലീസ്. മിക്ക രാജ്യങ്ങളിലും സംസ്ഥാന ഭരണസം‌വിധാനത്തിന്റെ കീഴിൽ വരുന്ന ഈ വകുപ്പ്, വ്യക്തമായ കീഴവഴക്കങ്ങളോടും, അധികാരപരിധികളോടും കൂടി പ്രവർത്തിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സം‌രക്ഷണം നൽകുക വഴി സ്വൈരജീവിതം ഉറപ്പാക്കുന്നത് പോലീസിന്റെ ചുമതലയാണ്‌.

ആരാണ് കോടിയേരി ബാലകൃഷ്ണൻ?

2006 മുതൽ 2011 വരെ നിലവിലിരുന്ന പന്ത്രണ്ടാം കേരള നിയമസഭയിലെ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ.

എന്താണ് ആത്മഹത്യ?

ഒരാൾ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനാണ് ആത്മഹത്യ എന്ന് പറയുന്നത്. സാധാരണഗതിയിൽ വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, അതിമദ്യപാനം, മയക്കുമരുന്നുപയോഗം തുടങ്ങിയ മാനസിക രോഗങ്ങൾ കാരണമുണ്ടാകുന്ന നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്.

Quotes

“എല്ലാം നിങ്ങൾക്ക് എതിരാണെന്ന് തോന്നുമ്പോൾ, വിമാനം കാറ്റിനെതിരെയാണ് പറക്കുന്നത് എന്ന് ഓർക്കുക, കാറ്റിനൊപ്പമല്ല -ഹെൻറി ഫോർഡ്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.