Mon. Jul 15th, 2024

ആദിവാസി ഊര് എന്നത് ജനാധിപത്യപരമായ അധികാരങ്ങളുള്ള സ്ഥാപനമാണ്. അവിടത്തെ നിയമങ്ങള്‍ എന്തായിരിക്കണം, അവിടെ ആര്‍ക്കൊക്കെയാണ് അവകാശങ്ങള്‍ ഉള്ളത്, ആര്‍ക്കൊക്കെയാണ് അവകാശങ്ങള്‍ ഇല്ലാത്തത്, എന്ത് പേരാണ് സ്വീകരിക്കേണ്ടത് തുടങ്ങിയ ഒരു ഊരിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങളാണ്

ദിവാസി, ദളിത് സമൂഹങ്ങള്‍ അധിവസിക്കുന്ന മേഖലകളെ കോളനി, സങ്കേതം, ഊര് എന്നിങ്ങനെ വിശേഷിപ്പിക്കുന്നത് ഒഴിവാക്കിയുള്ള ഉത്തരവ് പുറപ്പെടുവിച്ചാണ് മന്ത്രിസ്ഥാനവും എംഎല്‍എ സ്ഥാനവും കെ രാധാകൃഷ്ണന്‍ രാജിവെച്ചത്. ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ച് കെ രാധാകൃഷ്ണന്‍ രാജിവെച്ചു എന്നാണ് മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.

പേര് മാറ്റുന്നതിലൂടെ ആദിവാസികളുടെ സാമൂഹിക ജീവിതത്തിന് എന്തെങ്കിലും മാറ്റം ഉണ്ടാകാന്‍ പോകുന്നുണ്ടോ? ഇല്ല. അടിമത്തിന്റെ അടയാളമായ കോളനി എന്ന പേര് മാറ്റുന്നു എന്ന് എംപി രാധാകൃഷ്ണന്‍ പറയുമ്പോഴും അത് കോളനി ജീവിതങ്ങളെ പ്രതിനിധീകരിക്കുന്നുണ്ടോ? അതും ഇല്ല. ആദിവാസികളെയും ദളിതരെയും കോളനിവല്‍ക്കരിച്ചതില്‍ പ്രധാന പങ്കുവഹിച്ച ഇടതുപക്ഷത്തിന്റെ ഒരു നേതാവും ഒരു സര്‍ക്കാരുമാണ് ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് എന്നത് തമാശയാണ്.

കോളനി, സങ്കേതം, ഊര് എന്നിങ്ങനെയുള്ള പേരുകള്‍ മാറ്റി നഗര്‍, ഉന്നതി, പ്രകൃതി എന്നീ പേരുകളോ ഓരോ സ്ഥലത്തും പ്രാദേശികമായി താല്‍പ്പര്യമുള്ള കാലാനുസൃതമായ പേരുകളോ നല്‍കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. കോളനി തുടങ്ങിയ പേരുകളില്‍ അഭിസംബോധന ചെയ്യുന്നത് അവമതിപ്പിനു കാരണമാകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇവയ്ക്ക് പകരം കാലാനുസൃതമായി നാമകരണം നടത്തുന്നതാണ് ഉചിതമെന്ന പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്.

എംപി കെ രാധാകൃഷ്ണൻ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറുന്നു Screengrab, Copyright: Deccan Chronicle

ഇത്തരം പ്രദേശങ്ങള്‍ക്ക് വ്യക്തികളുടെ പേരുകള്‍ നല്‍കുന്നത് പല സ്ഥലത്തും തര്‍ക്കങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ വ്യക്തികളുടെ പേരുകള്‍ പരമാവധി ഒഴിവാക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ നിലവില്‍ വ്യക്തികളുടെ പേര് നല്‍കിയിട്ടുള്ള സ്ഥലങ്ങളില്‍ അത് തുടരാമെന്നും നിര്‍ദേശമുണ്ട്.

ആദിവാസികള്‍ക്ക് അവകാശപ്പെട്ടതൊക്കെ പറിച്ചെടുക്കുന്ന പ്രവണത എക്കാലത്തും ഭരണകൂടങ്ങള്‍ക്കുണ്ട്. ആദിവാസിയുടെ ഭൂമി, സംസ്‌ക്കാരം, ജീവിതം തുടങ്ങി ആദിവാസിക്ക് അവകാശപ്പെട്ടതൊക്കെ ഭരണകൂടങ്ങള്‍ കയ്യടക്കുകയും ഭരണഘടനാ അവകാശങ്ങള്‍ കാലങ്ങളായി നിഷേധിക്കുകയും ചെയ്യുന്നു. മാത്രമല്ല എല്ലായിപ്പോഴും ആദിവാസിയുടെ ഏജന്‍സി കയ്യടക്കുന്ന ഭരണകൂടം, അവരുടെ പരമ്പരാഗത നിയമനിര്‍മാണ സഭയായ ഊരുകൂട്ടങ്ങളെ പോലും പരിഗണിക്കാതെ തങ്ങള്‍ക്ക് തോന്നുംപടി ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നു. ആ ശ്രേണിയിലെ ഏറ്റവും പുതിയ ഉത്തരവാണ് പടിയിറങ്ങുമ്പോള്‍ കെ രാധാകൃഷ്ണന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

2007 ലെ തദ്ദേശ ജനതയുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്ര സഭ പ്രഖ്യാപന പ്രകാരം ആദിവാസികള്‍ക്ക് അവരുടെ ചരിത്രം, ഭാഷ, വാമൊഴി, ആചാരങ്ങള്‍, എഴുത്ത് സമ്പ്രദായങ്ങള്‍, സാഹിത്യം,  സ്വന്തം പ്രദേശത്തിന്റെയും വ്യക്തികളുടെയും പേരുകള്‍ ഇവയൊക്കെ നിലനിര്‍ത്താനും സംരക്ഷിക്കുവാനുമുള്ള അവകാശമുണ്ട്. ആദിവാസികളെ സംബന്ധിച്ച രാഷ്ട്രീയവും നിയമപരവും ഭരണപരവുമായ രേഖകള്‍ അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നവയാണ് എന്ന് രാജ്യങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. കാര്യങ്ങള്‍ വ്യക്തമാക്കുന്നതിന് വേണ്ടി ഉചിതമായ രീതിയില്‍ വിവര്‍ത്തനമോ വ്യാഖ്യാനമോ ഉപയോഗപ്പെടുത്തുകയും ചെയ്യണം. പ്രസ്തുത നിര്‍ദേശങ്ങളും കൂടി മാനിച്ചുകൊണ്ട് ആയിരിക്കണം സംസ്ഥാന സര്‍ക്കാരും സംവിധാനങ്ങളും മറ്റും പ്രവര്‍ത്തിക്കേണ്ടത്. ഈ പ്രഖ്യാപനം ഒന്നും അറിയാതെ ആയിരിക്കില്ലല്ലോ സര്‍ക്കാര്‍ ഇങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടാവുക.

ഊര്, സെറ്റില്‍മെന്റ്, കുടി, കോളനി ഇങ്ങനെ ഏത് പേരില്‍ അറിയപ്പെടുന്നതും ആദിവാസി വിഭാഗത്തിന്റെ അധിവാസ മേഖല അല്ലെങ്കില്‍ ആവാസ വ്യവസ്ഥ ആയിരിക്കും. അവിടെയുള്ള കാര്യങ്ങള്‍ എങ്ങനെയൊക്കെ ആയിരിക്കണമെന്നും തീരുമാനങ്ങള്‍ എടുത്ത് നടപ്പില്‍ വരുത്തുന്നതിനുള്ള അധികാരവും ആ ആദിവാസി ഊരിന് അല്ലെങ്കില്‍ ഊരുകൂട്ടത്തിനാണ്.

ആദിവാസി ഊര് എന്നത് ജനാധിപത്യപരമായ അധികാരങ്ങളുള്ള സ്ഥാപനമാണ്. അവിടത്തെ നിയമങ്ങള്‍ എന്തായിരിക്കണം, അവിടെ ആര്‍ക്കൊക്കെയാണ് അവകാശങ്ങള്‍ ഉള്ളത്, ആര്‍ക്കൊക്കെയാണ് അവകാശങ്ങള്‍ ഇല്ലാത്തത്, എന്ത് പേരാണ് സ്വീകരിക്കേണ്ടത് തുടങ്ങിയ ഒരു ഊരിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളും തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങളാണ്.

ഇതില്‍ സര്‍ക്കാരിന് ഒരു അവകാശവാദവും ഉന്നയിക്കാന്‍ സാധിക്കില്ല. ഇനി അഥവാ എന്തെങ്കിലും ഇടപെടലുകള്‍ നടത്തുകയാണെങ്കില്‍ അത് ആദിവാസികള്‍ അവരുടെ ഊരിലെ കാര്യങ്ങള്‍ നോക്കി നടത്താനായി അധികാരപ്പെടുത്തിയ ഊരുമൂപ്പന്‍, ഊരുമൂപ്പത്തി, കാണി തുടങ്ങിയ ആളുകളുടെ അധികാരത്തെ ഒരു തരത്തിലും അംഗീകരിക്കാതിരിക്കലാണ്. എംപി കെ രാധാകൃഷ്ണന്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവും ഇത്തരത്തിലുള്ളതാണ്.

കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെക്കുമ്പോള്‍ പുറപ്പെടുവിച്ച ഉത്തരവിനെ കുറിച്ച് ആദിവാസി അവകാശപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ എം ഗീതാനന്ദന്‍ പ്രതികരിക്കുന്നു

ഊര് എന്നുള്ളത് പരമ്പരാഗതമായുള്ള പേരാണ്. ആദിവാസികളുടെത് മാത്രമല്ല താഴ്ന്ന പ്രദേശങ്ങളിലുള്ള ആളുകളുടേയും ജീവിത പരിസരങ്ങളെ വിശേഷിപ്പിക്കാന്‍ ഊര് എന്നുള്ളത് ഉപയോഗിച്ചു പോരുന്നു. കേരളത്തില്‍ ഒരുപാട് സ്ഥലങ്ങള്‍ ഇങ്ങനെ കാണാം. അട്ടപ്പാടിയില്‍ പ്രത്യേകിച്ച് മുതുവാന്‍ വിഭാഗങ്ങള്‍ക്കിടയില്‍ അവരുടെ ഗ്രാമസഭയെ വിശേഷിപ്പിക്കാന്‍ അവര്‍ സ്വയം കണ്ടെത്തിയിരിക്കുന്ന പേര് ഊര് എന്നുതന്നെയാണ്. ഇതൊക്കെ റദ്ദാക്കിയിട്ട് നഗര്‍ എന്നൊന്നും ഇടേണ്ട കാര്യമില്ല.

എം ഗീതാനന്ദന്‍ Screengrab, Copyright: Facebook

ഭരണകൂടത്തിന് പേര് മാറ്റാനുള്ള യാതൊരു അധികാരവും ഇല്ല. ഇല്ലാത്ത അധികാരം എടുത്ത് ഉത്തരവിറക്കി മന്ത്രി സ്ഥാനം ഒഴിഞ്ഞ് എംപി ആവുമ്പോള്‍ കാണിക്കുന്ന അങ്ങേയറ്റം വിഡ്ഢിത്തം നിറഞ്ഞ തീരുമാനം ആണിത്. കോളനി, ഊര് എന്നീ പേരുകള്‍ക്ക് പകരം ഉന്നതി, പ്രകൃതി തുടങ്ങിയ അസംബന്ധങ്ങള്‍ ആക്കണം എന്നാണ് പറയുന്നത്.

ഒന്നാമത്തെ കാര്യം കോളനിയുടെ ഉപജ്ഞാതാക്കള്‍ ആണിവര്‍. കോളനി ലയത്തിലെയ്ക്ക് കേരളത്തിലെ ആദിവാസി ദളിത് വിഭാഗങ്ങളെ പൂര്‍ണമായും തള്ളിനീക്കിയതിന്റെ ചരിത്രപരമായ പൂര്‍ണമായ ഉത്തരവാദിത്തം കെ രാധാകൃഷ്ണനെ പോലുള്ള മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. ഭൂ പരിഷ്‌ക്കരണത്തിലൂടെ മൂന്ന് സെന്റും അഞ്ചു സെന്റും ഒക്കെ കൊടുത്ത് കോളനികളാക്കി, സിപിഐയുടെ വക വേറെ ലക്ഷംവീട് കോളനികളുണ്ടാക്കി, ഇപ്പോള്‍ അത് കോളനി ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടെയുള്ളവയാക്കി മാറ്റി. ദളിതര്‍ക്കും ആദിവാസികള്‍ക്കും ഭൂമി കൊടുക്കാതെ ഉള്ള ഭൂമി കോര്‍പറേറ്റുകളിലെയ്ക്ക് എത്തിക്കുന്നതിനുള്ള ആസൂത്രിത ഗൂഡാലോചനയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇവരെല്ലാവരും ചേര്‍ന്ന് നടത്തിയിരിക്കുന്നത്.

ആദിവാസിയുടെ ഭൂമി വന്‍ തോതില്‍ തട്ടിയെടുത്ത് കേരളം മുഴുക്കെ കുട്ടിച്ചോറാക്കി കൊണ്ടിരിക്കുകയാണ്. അട്ടപ്പാടിയിലോക്കെ നടക്കുന്നത് വലിയ ഭൂ മാഫിയകളുടെ നെറ്റ്‌വര്‍ക്കില്‍ സിപിഎമ്മിനും സിപിഐക്കും വലിയ പങ്കുണ്ട്. അഞ്ചു ലക്ഷം ഏക്കര്‍ ഭൂമി അനധികൃതമായി വ്യാജ രേഖകളിലൂടെ കൈവശം വെച്ചിരിക്കുന്നു എന്ന റിപ്പോര്‍ട്ട് അട്ടിമറിച്ച് ഇതെല്ലാം തന്നെ കോര്‍പ്പറേറ്റുകളുടെ കൈകളിലാക്കി കമ്മീഷന്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതില്‍ സര്‍ക്കാരിന്റെ പ്രതിനിധിയാണ് കെ രാധാകൃഷ്ണന്‍. എന്നിട്ട് പോകുന്ന വഴിക്ക് ഇദ്ദേഹം ഈ ഉത്തരവിലൂടെ ഇല്ലാത്ത ഒരു മുഖം ഉണ്ടാക്കിയെടുക്കാനുള്ള വ്യാജമായ ശ്രമമാണ് നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ മുഴുവന്‍ ആദിവാസി സമൂഹങ്ങളും ഒറ്റക്കെട്ടായി തള്ളിക്കളയും.

കോളനി എന്നുള്ള പേരല്ല പ്രശ്‌നം, കോളനി ജീവിതമാണ് പ്രശ്‌നം. കോളനി എന്ന പേരില്‍ ഇപ്പോള്‍ ഐഎഎസ് കോളനി തിരുവനന്തപുരത്തുണ്ട് ഇവര്‍ക്കാര്‍ക്കും ഈ അവമതികള്‍ ഇല്ലല്ലോ? കറുത്ത വര്‍ഗക്കാരന്റെ ജീവിത സാഹചര്യത്തെയാണ് പലപ്പോഴും കോളനി എന്നുള്ള ഒരു അവമതിയാക്കി അവരുടെ തലയില്‍ കെട്ടിവെക്കുന്നത്.

രണ്ടാമത്തൊരു പ്രശ്‌നം ഊരുകള്‍ എന്ന് പറയുന്ന ഒരു നാമം വളരെ പരമ്പരാഗതമായി ആദിവാസി സമൂഹങ്ങളുടെ ഗ്രാമങ്ങളെ വിശേഷിപ്പിക്കാന്‍ അവര്‍ തന്നെ പറയുന്ന കാര്യമാണ്. അട്ടപ്പാടിയിലും ഇടുക്കിയിലുമൊക്കെ ചെന്നുകഴിഞ്ഞാല്‍ വളരെ ജനകീയമായി ഉപയോഗിക്കുന്ന പേരാണ് ഊര്. അത് റദ്ദാക്കന്‍ മന്ത്രി രാധാകൃഷ്ണന്‍ എന്നല്ല ആര്‍ക്കും യാതൊരു അധികാരവുമില്ല. അതുകൊണ്ട് ഈ ഉത്തരവ് എത്രയും വേഗം പിന്‍വലിക്കണം.

ഈ ഭരണം പത്തു വര്‍ഷം പൂര്‍ത്തീകരിക്കാന്‍ പോകുമ്പോള്‍, എന്താണ് ഈ സര്‍ക്കാര്‍ എന്ന് ചോദിക്കുമ്പോള്‍, മന്ത്രി രാധാകൃഷ്ണന്റെ ഏറ്റവും വലിയൊരു സംഭാവനയായി പറയാവുന്നത്, പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് ആകെ കിട്ടികൊണ്ടിരിക്കുന്ന ഒരു വികസന നേട്ടം വിദ്യാഭ്യാസം മാത്രമായിരുന്നു. ആ ഫണ്ട് പൂര്‍ണമായും അട്ടിമറിച്ച് കുട്ടികള്‍ക്ക് ഈ ഗ്രാന്‍ന്റ്‌സ് കിട്ടിയിട്ട് രണ്ടര വര്‍ഷമായി. നൂറു കണക്കിന് വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തി പോകുന്ന സാഹചര്യമുണ്ടായി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഈ ഗ്രാന്റ് അട്ടിമറിക്കാന്‍ എന്തെല്ലാം അഭിപ്രായങ്ങളും ഗൈഡ്‌ലൈനും ഇറക്കിയിട്ടുണ്ടോ, ആ ഗൈഡ്‌ലൈന്‍ ചോദ്യം ചെയ്യാതെ അതുപോലെ നടപ്പാക്കുക മാത്രമല്ല, കൂടുതല്‍ സങ്കീര്‍ണമാക്കിയ മന്ത്രിയാണ് ഇദ്ദേഹം.

ഇദ്ദേഹം ഡല്‍ഹിയില്‍ എംപിയായി പോയിക്കഴിഞ്ഞാല്‍ ഇതിനെതിരെ ചോദ്യം ചെയ്യാനുള്ള ധാര്‍മിക ബലം ഇദ്ദേഹത്തിനുണ്ടോ? അതുകൊണ്ട് ഇത്തരത്തിലുള്ള വിഡ്ഢിത്തപൂര്‍ണമായ ഉത്തരവുകള്‍ ഇറക്കി നല്ല മുഖമുണ്ടാക്കാമെന്ന് കരുതണ്ട. ഉത്തരവ് പിന്‍വലിക്കണം. അല്ലെങ്കില്‍ ജനങ്ങള്‍ ഇടപെട്ട് പിന്‍വലിപ്പിക്കും.

ഇനിയിപ്പോ എന്താ സംഭവിക്കാന്‍ പോകുന്നത് എന്ന് ഇപ്പോള്‍ തന്നെ പറയാം. ഉന്നതി കോളനി എന്ന് പറയും, പ്രകൃതി കോളനി എന്ന് പറയും. എന്ത് ഉന്നതിയാണ് ഈ സമൂഹത്തിന് ഉണ്ടാക്കുന്നത്? ഉന്നതിയും സമുന്നതിയുമൊക്ക സവര്‍ണര്‍ക്ക് മാത്രമാണ് ഇവര്‍ ഉണ്ടാക്കികൊടുക്കുന്നത്. ഈ പേരൊക്കെ ഇവിടുത്തെ പട്ടികജാതിക്കാരന്റെയും പട്ടിക വര്‍ഗക്കാരന്റെയും തലയില്‍ കേട്ടിവേക്കണ്ട കാര്യമില്ല. അവര്‍ സ്വയം തീരുമാനിക്കും അവര്‍ക്ക് എന്ത് വേണം, വേണ്ടാ എന്നൊക്കെ. അവര്‍ക്ക് നഗര്‍ വേണോ വേറെ എന്തെങ്കിലും പേര് വേണോ എന്നുള്ളത് അതാത് വാസസ്ഥലങ്ങളിലെ ആളുകളുടെ കൂട്ടായ്മകള്‍ തീരുമാനിക്കട്ടെ.

കോളനി എന്നുള്ള പേരുകള്‍ ഒന്നും ആദിവാസികള്‍ ഉണ്ടാക്കിയതല്ല. സര്‍ക്കാര്‍ രേഖകളില്‍ കോളനി എന്നാക്കിയത് അവര്‍ തന്നെയാണ്. മേലാല്‍ കോളനി എന്നുള്ള പേര് സര്‍ക്കാര്‍ രേഖകളില്‍ ഉപയോഗിക്കില്ലാ എന്ന് രാധാകൃഷ്ണന്‍ ഉറപ്പിച്ച് തീരുമാനിച്ചാല്‍ മതി. ബാക്കി ഊരുകള്‍ എങ്ങനെ അറിയപ്പെടണം എന്നൊക്കെ അവര്‍ തീരുമാനിച്ചോളും. ഒരു പ്രത്യേക വാസസ്ഥലത്തെ ജനങ്ങള്‍ അവരുടെ കൂട്ടായ്മയില്‍ പ്രാദേശികമായി അവരുടെ ഗ്രാമത്തിന് നഗര്‍ എന്നുള്ള പേര് ഇടാമെന്ന് തീരുമാനിക്കുകയാണെങ്കില്‍ അങ്ങനെ ചെയ്യട്ടെ. അല്ലാതെ ഉത്തരവിറക്കി പേര് തീരുമാനിക്കേണ്ട ആവശ്യമില്ല.

മുമ്പും ഇതുപോലുള്ള വിഡ്ഢിത്തങ്ങള്‍ ഇവര്‍ ചെയ്തിട്ടുണ്ട്. ആദിവാസി ഊരുകളില്‍ പോകാന്‍ ഇവരുടെ അനുമതി വേണമെന്ന് പറഞ്ഞ് ഉത്തരവ് ഇറക്കി. ആരെയാണ് ഇവര്‍ അനുമതിക്കേണ്ടത്. അതൊക്കെ ഊരുകള്‍ തീരുമാനിക്കും അവിടെ ആരോക്ക് കയറണം കയറേണ്ട എന്നൊക്കെ. സര്‍ക്കാര്‍ നയങ്ങള്‍ക്ക്, ഭരണകൂടത്തിനു ഭീഷണി ആകുന്ന എന്തെങ്കിലും ആരെങ്കിലും ചെയ്യുന്നുണ്ടോ എന്നത് നിരീക്ഷിക്കാന്‍ സര്‍ക്കാരിന് അതിന്റെ ബാധ്യതയുണ്ട്. ഉത്തരവാദിത്തമുണ്ട്. അതൊക്കെ അവര്‍ ചെയ്‌തോട്ടെ. നമുക്ക് വിരോധമില്ല.

ആദിവാസി ഊരുകളിലേക്ക് പുറത്തു നിന്നുള്ളവർ അനുമതിയില്ലാതെ പ്രവേശിക്കരുത് എന്ന് പറഞ്ഞ് 2022 മേയില്‍ പട്ടികവര്‍ഗ വികസന വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ Copyright @ Woke Malayalam

അനാവശ്യമായ സര്‍വേ ആരെങ്കിലും പോയി എടുക്കുന്നു, അല്ലെങ്കില്‍ ആദിവാസികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും എതിരായി ഏതെങ്കിലും അന്യരായിട്ടുള്ളവര്‍ സര്‍ക്കാരിന്റെ അനുവാദമോ അവരുടെ അനുവാദമോ ഇല്ലാതെ കയറി ചെല്ലുന്നു. ഇതൊക്കെ പ്രശ്‌നം തന്നെയാണ്. അത് നിരീക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

പക്ഷെ, ഊരുകളില്‍ ആരുപോകണം പോകേണ്ട എന്ന് തീരുമാനിക്കാന്‍ ഭരണകൂടത്തിനാണ് അവകാശം എന്ന് പറയുമ്പോള്‍ അത് പ്രശ്‌നമാണ്. ആദിവാസി ഊരുകളില്‍ ആളുകള്‍ കയറുന്നത് ആദിവാസി ഊരിന്റെ അധികാരമോ അവകാശമോ ആണെന്ന് രണ്ടാമത് ഇറക്കിയ ഉത്തരവില്‍ സര്‍ക്കാരിന് പറയേണ്ടി വന്നു.

ആദിവാസികളുടെയും ദളിതരുടെയും ഉന്നമനത്തിന് വേണ്ടി പ്രത്യേകിച്ചും ഇടതുപക്ഷത്തിന്റെ രണ്ട് സര്‍ക്കാരുകളും ഒന്നും ചെയ്തില്ലാ എന്നത് അങ്ങേയറ്റം വിഷമമുള്ള കാര്യമാണ്.

ഇപ്പോള്‍ ആറളം ഫാമില്‍ 2600 റോളം പട്ടയങ്ങള്‍ റദ്ദാക്കാന്‍ പോകുന്നു. ഭൂരഹിതര്‍ക്ക് കൂടി അവകാശപ്പെട്ട തോട്ടം ഭൂമി വിമാനത്താവളങ്ങള്‍ ആക്കാനും റിയല്‍എസ്റ്റേറ്റിന് കൈമാറാനുള്ള തീരുമാനം എടുക്കുന്നു, അട്ടപ്പാടിയില്‍ ഉടനീളം ഭൂ മാഫിയകള്‍ക്ക് വേണ്ടി വന്‍ തോതില്‍ വ്യാജ ആധാരങ്ങള്‍ ഉണ്ടാക്കുന്നു. അതിന് പൂര്‍ണമായും ചുക്കാന്‍ പിടിക്കുന്നത് ഇടത് വലത് മുന്നണികള്‍ ആണെന്നുള്ളത് ഒരു വസ്തുതയാണ്. ഇതൊക്കെയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

കോളനി എന്ന പേരിന്റെ ഉപജ്ഞാതാക്കളായ ഇടതുപക്ഷം ഒരു കുറ്റസമ്മതം നടത്തി ഞങ്ങള്‍ക്കിങ്ങനെ ഗുരുതരമായ ഒരു തെറ്റ് ചരിത്രത്തില്‍ സംഭവിച്ചിട്ടുണ്ട് എന്നാണ് എംപി രാധാകൃഷ്ണന്‍ പറഞ്ഞത് എങ്കില്‍ അത് നമ്മുക്ക് മനസിലാക്കാം. അതൊന്നും പറയാന്‍ തയ്യാറല്ലല്ലോ. പകരം എന്തോ ഒരു മഹത്തായ കാര്യം ചെയ്തു എന്നാണല്ലോ പറയുന്നത്. കേരള മോഡലിന്റെ ഈ തട്ടിപ്പ് ഉണ്ടല്ലോ.. 50000 കോളനികള്‍ എങ്കിലും കാണും ഈ തരത്തില്‍.

വ്യക്തിപരമായി ഞങ്ങള്‍ കോളനി എന്ന പദം ഉപയോഗിക്കാറില്ല. ഭൂമി നല്‍കി പുതിയൊരു ജീവിതത്തിലേയ്ക്ക് വരുമ്പോള്‍ അതിന് പുനരധിവാസ മേഖല എന്നല്ലേ പറയേണ്ടത്. ഇപ്പോള്‍ ആറളം ഫാം, ആറളം ഫാമിലെ തദ്ദേശീയര്‍ ആയിട്ടുള്ള ആദിവാസികള്‍ പുതിയൊരു സ്ഥലനാമം കണ്ടെത്തുകയാണെങ്കില്‍ കണ്ടെത്തട്ടെ. അല്ലാതെ സര്‍ക്കാര്‍ ഉത്തരവിറക്കി ഉന്നതി, നഗര്‍ എന്നൊക്കെ വിളിച്ചോളണം എന്നൊന്നും പറയേണ്ട കാര്യമില്ല. കുറച്ച് കാലമായി ഉന്നതിയും സമുന്നതിയും കേട്ടുകൊണ്ടിരിക്കുന്നുണ്ട്. സെക്രട്ടേറിയറ്റിന്റെ കുഴിമാടത്തില്‍ ഇരുന്ന് ഇതുപോലെ വിഡ്ഢിത്തം നിറഞ്ഞ ചില തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ എടുത്തുകൊണ്ടിരിക്കുകയാണ്.

FAQs

എന്താണ് ഊര്?

ആദിവാസി ഊര് എന്നത് ജനാധിപത്യപരമായ അധികാരങ്ങളുള്ള സ്ഥാപനമാണ്. ഊരിലെ കാര്യങ്ങളിൽ എങ്ങനെയൊക്കെ ആയിരിക്കണമെന്ന് തീരുമാനങ്ങൾ എടുക്കേണ്ടതും നടപ്പിൽ വരുത്തേണ്ടതുമായ അധികാരം ആ ആദിവാസി ഊരിന് അല്ലെങ്കിൽ ഊരുകൂട്ടത്തിനാണ്.

ആരാണ് എം ഗീതാനന്ദൻ?

കേരളത്തിൽ ആദിവാസി ദളിത് വിഷയങ്ങളുമായി ബന്ധപ്പെട്ട സമരങ്ങൾക്ക് വർഷങ്ങളായി നേതൃത്വം നൽകി വരുന്ന വ്യക്തിയാണ് എം.ഗീതാനന്ദൻ.[1] 2002 ൽ വയനാട്ടിലെ മുത്തങ്ങ വന്യജീവിസങ്കേതത്തിൽ നടന്ന വനം കയ്യേറിയുള്ള ആദിവാസികളുടെ ഭൂസമരത്തിന് തേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു ഇദ്ദേഹം.

ആരാണ് കെ രാധാകൃഷ്ണൻ?

15-ാമത് കേരള നിയമസഭയിൽ സിപിഐഎം പ്രതിനിധിയായി ചേലക്കര നിയോജകമണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയ കെ രാധാകൃഷ്ണൻ നിലവിൽ ദേവസ്വം, പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ പാർലമെന്ററികാര്യ വകുപ്പ് മന്ത്രിയായിരുന്നു. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മന്ത്രി സ്ഥാനം രാജിവെച്ചു. ഇ കെ നായനാർ മന്ത്രിസഭയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമം, യുവജന കാര്യ വകുപ്പ് മന്ത്രിയായിരുന്ന രാധാകൃഷ്ണൻ 2001-2006 കാലയളവിൽ പ്രതിപക്ഷ ചീഫ് വിപ്പായിരുന്നു. 2006-2011 നിയമസഭയുടെ സ്പീക്കറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Quotes

“നിങ്ങളുടെ ഗോത്രം കണ്ടത്തേണ്ടത് പ്രധാനമാണ്-റുപോൾ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.