Sun. Nov 17th, 2024

2019 ജനുവരി മുതല്‍ കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടെ സംസ്ഥാന പൊലീസില്‍ ആത്മഹത്യ ചെയ്തത് 81 പേരാണ്. 15 പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതേ കാലയളവില്‍ 175 പേര്‍ സ്വയം വിരമിക്കല്‍ തിരഞ്ഞെടുത്തു.

ജൂണ്‍ എട്ടിനും പതിനാലിനും ഇടയില്‍ കേരളാ പോലീസിലെ അഞ്ച് പേര്‍ ആത്മഹത്യ ചെയ്യുകയും രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. വിഴിഞ്ഞം എസ്‌ഐ ജോര്‍ജ് കുരുവിള, വണ്ടന്‍മേട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ്, എറണാകുളം ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മധു, രാമവര്‍മപുരം പോലീസ് അക്കാദമിയിലെ എസ് ഐ ജിമ്മി ജോര്‍ജ്, ആലപ്പുഴ എആര്‍ ക്യാമ്പിലെ പോലീസ് ഡ്രൈവര്‍ ഇഎസ് സുധീഷ് എന്നിവരാണ് ആത്മഹത്യ ചെയ്തത്.

2019 ജനുവരി മുതല്‍ കഴിഞ്ഞ അഞ്ചര വര്‍ഷത്തിനിടെ സംസ്ഥാന പൊലീസില്‍ ആത്മഹത്യ ചെയ്തത് 81 പേരാണ്. 15 പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതേ കാലയളവില്‍ 175 പേര്‍ സ്വയം വിരമിക്കല്‍ തിരഞ്ഞെടുത്തു.

2019 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് 30 വരെയുള്ള കണക്കുകള്‍ പറയുന്നത് ഈ കാലയളവില്‍ സംസ്ഥാനത്ത് 69 പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തു എന്നാണ്. 2019ല്‍ 18, 2020ല്‍ 10, 2021ല്‍ 8, 2022ല്‍ 20, 2023ല്‍ 13 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്തവരുടെ എണ്ണം.

തിരുവനന്തപുരം റൂറലിലാണ് കൂടുതല്‍ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത്, 10 പേര്‍. രണ്ടാമതുള്ള ആലപ്പുഴയിലും എറണാകുളം റൂറലിലും 7 പേര്‍ വീതം ജീവിതം അവസാനിപ്പിച്ചു. കുടുംബപരമായ കാരണങ്ങളാല്‍ 30 പേര്‍ ആത്മഹത്യ ചെയ്തു.

ആരോഗ്യ കാരണങ്ങളാല്‍ അഞ്ചു പേരും വിഷാദരോഗത്താല്‍ 20 പേരും ജോലി സമ്മര്‍ദ്ദത്തില്‍ ഏഴു പേരും സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ അഞ്ചു പേരും ആത്മഹത്യ ചെയ്തു. രണ്ട് ആത്മഹത്യകളുടെ കാരണം വ്യക്തമല്ല.

ആത്മഹത്യ ചെയ്ത ഞാറയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷിബു Screengrab, Copyright: മാതൃഭൂമി

2019 ജനുവരി മുതല്‍ 2023 ഓഗസ്റ്റ് 30 വരെ സ്വയം വിരമിക്കലിന് അപേക്ഷിച്ചത് 169 പൊലീസുകാരാണ്. കോഴിക്കോട് സിറ്റിയില്‍നിന്നാണ് കൂടുതല്‍ അപേക്ഷ, 22 പേര്‍. മലപ്പുറത്തുനിന്ന് 18 പേരും കോട്ടയത്തുനിന്ന് 15 പേരും വിരമിക്കലിന് അപേക്ഷ നല്‍കി.

ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 64 പേര്‍ വിരമിക്കലിന് അപേക്ഷിച്ചിട്ടുണ്ട്. കുടുംബപ്രശ്‌നങ്ങള്‍ കാരണം 27 പേരും മേലുദ്യോഗസ്ഥരുടെ മോശമായ ഇടപെടല്‍ കാരണം മൂന്ന് പേരും വിദേശ ജോലിക്കായി ഏഴ് പേരും സ്വന്തമായ സംരംഭം തുടങ്ങാന്‍ മൂന്ന് പേരും അപേക്ഷ നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.

ജോലിഭാരം, വിശ്രമത്തിന്റെ കുറവ്, ജോലിയിലെ സങ്കീര്‍ണത തുടങ്ങിയവയാണ് ആത്മഹത്യയുടെ കാരങ്ങളായി കണ്ടെത്തിയിട്ടുള്ളത്. ആത്മഹത്യകള്‍ തുടരുമ്പോഴും എന്തുകൊണ്ടാണ് സേനയ്ക്കകത്ത് ഈ ദുരന്തം സംഭവിക്കുന്നത് എന്നതിനെ കുറിച്ച് പഠിക്കാന്‍ ബന്ധപ്പെട്ട വകുപ്പോ ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല.

ഓരോ മരണങ്ങള്‍ സംഭവിക്കുമ്പോഴും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഉദ്യോഗസ്ഥര്‍ക്കുള്ള സാമ്പത്തിക ബാധ്യതകളും കുടുംബ പ്രശ്‌നങ്ങളുമാണ്. കേരളത്തിലെ പോലീസുകാര്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്ന് ഒരു ഡിജിപി തന്നെ സമ്മതിച്ചതാണ്. എന്നിട്ടും കുടുംബ പ്രശ്‌നങ്ങളുടേയും സാമ്പത്തിക പ്രശ്‌നങ്ങളുടെയും മറവില്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഒതുക്കാനാണ് സേനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.

സേനയിലെ മിക്ക പരിഷ്‌കാരങ്ങളും സൃഷ്ടിക്കുന്ന ജോലിഭാരം അവസാനം എത്തിനില്‍ക്കുക പൊലീസ് സ്റ്റേഷനുകളിലാണ്. ജനമൈത്രി, ജാഗ്രതാ സമിതി, ശിശു സൗഹൃദ പൊലീസ് തുടങ്ങിയ പദ്ധതികള്‍ വകുപ്പ് നടപ്പാക്കുന്നുണ്ട്. എന്നാല്‍ ഈ പദ്ധതികളുടെ നടത്തിപ്പിന് ആവശ്യമായ വിഭവശേഷി പോലീസിലില്ല. അങ്ങനെയുണ്ടെങ്കില്‍ മണിക്കൂറുകള്‍, ഓഫ് ഡെ ഇല്ലാതെ ഉദ്യോഗസ്ഥര്‍ക്ക് പണി എടുക്കേണ്ടി വരില്ലല്ലോ?

‘ജനമൈത്രി എന്ന പേരിലുള്ള കമ്യൂണിറ്റി പൊലീസിങ് സമ്പ്രദായത്തെ സ്റ്റേഷന്റെ മുഖ്യധാരാ പ്രവര്‍ത്തനങ്ങളില്‍നിന്നു വേര്‍പെടുത്തി മറ്റൊരു വിഭാഗമാക്കുന്നത് സ്റ്റേഷനിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് മാത്രമല്ല, അത് കമ്യൂണിറ്റി പൊലീസിങ് പദ്ധതിയുടെ അന്തസത്തയ്ക്കു വിരുദ്ധവുമാണ്.

എല്ലാ രംഗത്തും സാങ്കേതികവിദ്യ ജോലിഭാരം കുറയ്ക്കുമ്പോള്‍ പൊലീസിലെ അനുഭവം മറിച്ചാണ്. ഗതാഗത നിയന്ത്രണത്തിന് ഓട്ടോമാറ്റിക് സിഗ്നലും നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ക്യാമറയുമൊക്കെ ഉണ്ടെങ്കിലും ട്രാഫിക് പൊലീസിന്റെ ജോലിഭാരം ഒട്ടും കുറഞ്ഞിട്ടില്ല.

പെറ്റിക്കേസുകളുടെ എണ്ണം കാര്യക്ഷമതയുടെ മാനദണ്ഡമായി കരുതുന്ന ഉദ്യോഗസ്ഥരും അപൂര്‍വമല്ല. വിദ്യാസമ്പന്നരായ ചെറുപ്പക്കാരാണ് പൊലീസില്‍ പുതിയതായി എത്തുന്നത്. ഇവര്‍ക്കു കൃത്യമായ പരിശീലനം നല്‍കിയാല്‍ സൈബര്‍ ക്രൈം കേസുകളില്‍ കാര്യക്ഷമമായ അന്വേഷണം നടത്താനാകും.


ആത്മഹത്യ ചെയ്ത കളമശ്ശേരി എആർ ക്യാമ്പിലെ പോലീസ് ഡ്രൈവർ ജോബി ദാസ് Screengrab, Copyright: കേരള കൗമുദി

സ്റ്റേഷനുകളില്‍നിന്നു കൂടുതല്‍ പൊലീസുകാരെ സൈബര്‍ സെല്‍ എന്ന പേരില്‍ മാറ്റിനിര്‍ത്തുന്ന സാഹചര്യം ഇതിലൂടെ ഒഴിവാക്കാം. സവിശേഷ സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള സൈബര്‍ കുറ്റകൃത്യങ്ങളില്‍ മാത്രമേ പ്രത്യേക സംവിധാനം ആവശ്യമായി വരൂ.

കുറ്റാന്വേഷണവും ക്രമസമാധാനപാലനവും വേര്‍തിരിക്കുന്ന നിലയില്‍ ഇടയ്ക്കിടെ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങള്‍ പൊലീസിന്റെ ജോലിയെ എങ്ങനെ ബാധിക്കുന്നു എന്നതില്‍ ഗൗരവമായ പഠനം ആവശ്യമാണ്.

കുറ്റാന്വേഷണത്തിനു മെച്ചപ്പെട്ട പരിഗണന ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെ ധര്‍മവീര കമ്മിഷന്‍ മുതല്‍ പല നിര്‍ദേശങ്ങളും വച്ചിട്ടുണ്ട്. പക്ഷേ, യാന്ത്രികമായ ഒരു ഉത്തരവിലൂടെ സാധ്യമാകുന്ന ഒന്നല്ല അത്. കേരളത്തിലെ അവസ്ഥ സൂക്ഷ്മമായി പഠിച്ച് ആശയരൂപീകരണത്തിലൂടെ നടപ്പാക്കിയാല്‍ മാത്രമേ ലക്ഷ്യം കാണൂ.

ജനങ്ങള്‍ക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കണമെങ്കില്‍ പൊലീസിന്റെ ജോലിഭാരം കുറച്ചേ തീരൂ. ജനങ്ങളുമായി നിരന്തരം ഇടപഴകുന്ന സിവില്‍ പൊലീസിന്റെ എണ്ണം കൂട്ടണം. ക്രമസമാധാനനില മെച്ചപ്പെടുന്നതനുസരിച്ച് ആംഡ് പൊലീസിനെ ആശ്രയിക്കുന്ന അവസ്ഥ കുറയും.

സംസ്ഥാനത്ത് ആംഡ് പൊലീസും സിവില്‍ പൊലീസും തമ്മിലുള്ള അനുപാതം പുനക്രമീകരിക്കുന്ന കാര്യം പഠനവിധേയമാക്കണം. പുനക്രമീകരണത്തിലൂടെ സിവില്‍ പൊലീസിന്റെ എണ്ണം വര്‍ധിപ്പിച്ച് സ്റ്റേഷനുകളിലെ ജോലിഭാരം കുറയ്ക്കാന്‍ കഴിഞ്ഞേക്കും.’ കേരളത്തിലെ മുന്‍ ഡിജിപിയുടെ വാക്കുകള്‍ ആണിത്.

12 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യേണ്ട സാഹചര്യം മിക്ക സ്റ്റേഷനിലുമുണ്ട്. ഡ്യൂട്ടി സമ്പ്രദായം പരിഷ്‌ക്കരിക്കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പായിട്ടില്ല. എന്തിനേറെ ആഴ്ചയില്‍ ഒരു ദിവസം അവകാശപ്പെട്ട ലീവ് പോലും നല്‍കുന്നില്ല.

സേനയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യ പ്രവണത ഇല്ലാതാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 2023 ഡിസംബറില്‍ കേരള പോലീസിന്റെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരെയും ആത്മഹത്യാ പ്രവണതയുള്ളവരെയും കണ്ടെത്തി ആവശ്യമായ കൗണ്‍സിലിങ് നല്‍കണമെന്നാണ് സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്.

ജോലി സംബന്ധവും വ്യക്തിപരവുമായ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ വേദി ഒരുക്കണമെന്നും മെന്ററിങ് സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു.

എല്ലാ ആഴ്ചയിലും ലഭിക്കേണ്ട ഓഫുകള്‍ ഉള്‍പ്പെടെ അര്‍ഹമായതും അനുവദനീയമായതുമായ എല്ലാ അവധികളും നല്‍കണമെന്നും സര്‍ക്കുലര്‍ പറയുന്നുണ്ട്. ഉദ്യോഗസ്ഥരുടെ വിവാഹ വാര്‍ഷിക ദിനങ്ങളിലും മക്കളുടെ പിറന്നാള്‍ ദിവസങ്ങളിലും പരമാവധി അവധി നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

മാനസിക സമര്‍ദ്ദമുണ്ടാകുന്ന സമയങ്ങളില്‍ സഹപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും സമയോചിതമായ ഇടപെടലുകളുണ്ടാകണമെന്നും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യോഗ പോലുള്ള ശാരീരിക വ്യായാമങ്ങള്‍ക്കുള്ള പരിശീലനം നല്‍കേണ്ടതുണ്ടെന്നും ജീവിതശൈലി രോഗങ്ങളില്‍ കൃത്യസമയത്ത് ആവശ്യമായ ചികിത്സ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

കേരളാ പോലീസ് Screengrab, Copyright: India TV

മാനസികമായ പിരിമുറുക്കം കുറയ്ക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ സ്വയം പര്യാപ്തരാക്കണമെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്യുന്നത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ മാനസികാരോഗ്യം പരിഗണിച്ച് ഇത്തരമൊരു സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ പോലീസ് വകുപ്പ് തീരുമാനിക്കുന്നത്. എന്നാല്‍ കടലാസില്‍ പറഞ്ഞ നിര്‍ദേശങ്ങളൊക്കെ കടലാസില്‍ തന്നെയാണ് എന്നാണ് സേനയില്‍ തുടരുന്ന ആത്മഹത്യകള്‍ സൂചിപ്പിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് സംബന്ധമായും വ്യക്തിപരമായുമുള്ള പരാതികള്‍ പരിഹരിക്കാന്‍ ‘സഭ’ ചേരണമെന്ന് മുന്‍ ഡിജിപി അനില്‍കാന്ത് 2022 നവംബറില്‍ ഉത്തരവിറക്കിയിരുന്നു. സേനാംഗങ്ങളുടെ സര്‍വീസ് സംബന്ധമായ കാര്യങ്ങള്‍, ശമ്പളം, പെന്‍ഷന്‍, വ്യക്തിപരമായ പരാതികള്‍ എന്നിവ ജില്ലാ പോലീസ് മേധാവിമാര്‍ കൈകാര്യം ചെയ്യണം എന്നായിരുന്നു അനില്‍കാന്ത് നിര്‍ദേശിച്ചിരുന്നത്.

പോലീസ് ഉദ്യോഗസ്ഥരുടെ പരാതികള്‍ പരിഗണിക്കുന്നതിന് സാബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ എല്ലാ ആഴ്ചയും സ്റ്റേഷനുകള്‍ സന്ദര്‍ശിക്കണമെന്നും നിര്‍ദേശത്തിലുണ്ടായിരുന്നു. എന്നാല്‍ നാളിതുവരെ ഈ കാര്യങ്ങള്‍ നടപ്പായില്ല എന്ന് മാത്രമല്ല, സേനയിലെ ആത്മഹത്യാ നിരക്ക് വര്‍ദ്ധിക്കുകയും ചെയ്തു.

പോലീസ് സേനാംഗങ്ങളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ രൂപീകരിച്ച ഹാറ്റ്സില്‍ ആറു വര്‍ഷത്തിനിടെ ചികിത്സ തേടിയത് 6050 പേരാണ്. മാനസിക സമ്മര്‍ദ്ദം കാരണം സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ചവര്‍ക്ക് കൗണ്‍സിലിംഗ് കൊടുക്കാനുള്ള തീരുമാനവും ഉണ്ടായിരുന്നു. പക്ഷെ, അതും നടപ്പായില്ല.

സമൂഹത്തിലെ അധികാര ശ്രേണി അതേപോലെ നിലനില്‍ക്കുന്ന സ്ഥാപനമാണ് പോലീസ് സേനയും. മേലുദ്യോഗസ്ഥ, കീഴുദ്യോഗസ്ഥ ബന്ധങ്ങളിലെ സങ്കീര്‍ണതകളും ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന ഒരുകാരണമാണ്.

മേലുദ്യോഗസ്ഥര്‍ അര്‍ഹമായ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച് മാനസികമായി പീഡിപ്പിച്ചത് സഹിക്കാനാവാതെയാണ് കളമശേരി എആര്‍ ക്യാമ്പിലെ സീനിയര്‍ സിപിഒ ജോബി ദാസും മാളയിലെ സിപിഒ ഷാഫിയും ജീവനൊടുക്കിയത്.

അസിസ്റ്റന്റ് കമ്മീഷണറുടെ ശകാരം കാരണം നാടുവിട്ട എറണാകുളം സെന്‍ട്രല്‍ സിഐയായിരുന്ന നവാസിനെ കോയമ്പത്തൂരില്‍ നിന്ന് കണ്ടെതി. ജോലിയിലെ പ്രശ്‌നങ്ങള്‍ കാരണം വയനാട്ടിലെ വനിതാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഡ്യൂട്ടിക്കിടെ മുങ്ങി.

പോലീസുകാരെ ആത്മഹത്യയില്‍ നിന്ന് രക്ഷിക്കാന്‍ പോലീസ് അക്കാദമിയില്‍ കൗണ്‍സലിംഗ് നടത്തുന്ന എസ്‌ഐ ഊമപ്പരാതികളിലെ നിരന്തര അന്വേഷണം താങ്ങാനാവാതെ ജീവനൊടുക്കി. കടുത്ത നടുവേദനയുണ്ടായിട്ടും അവധി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് നന്ദാവനം എആര്‍ക്യാമ്പിലെ പൊലീസുകാരന്‍ അസി. കമന്‍ഡാന്റ് ഓഫീസിനു മുകളില്‍ കയറി ആത്മഹത്യയ്‌ക്കൊരുങ്ങിയ സംഭവവും കേരളത്തിലുണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയന്‍ Screengrab, Copyright: The Economic Times

ആത്മഹത്യകള്‍ കൂടുമ്പോള്‍ സേനാംഗങ്ങള്‍ക്ക് കൗണ്‍സിലിംഗ് എന്ന പോംവഴിയും യോഗ ചെയ്യലുമാണ് നേതൃത്വം നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇതുകൊണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നുണ്ടോ? അതും ഇല്ല. മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ സേനാംഗങ്ങള്‍ക്ക് ദീര്‍ഘനേരം തുടര്‍ച്ചയായി ഡ്യൂട്ടി നല്‍കരുതെന്നും മാനസിക പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ലഘുവായ ഡ്യൂട്ടികള്‍ നല്‍കണമെന്നുമുള്ള നിര്‍ദേശവും ഫലം കണ്ടിട്ടില്ല.

‘മേലുദ്യോഗസ്ഥരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം ആരോഗ്യകരമാവണം. മോശമായ പെരുമാറ്റം ഒരുഭാഗത്തുനിന്നും ഉണ്ടാകരുത്. സേനാംഗങ്ങളുടെ വ്യക്തിപരമോ കുടുംബപരമോ ആയ പ്രശ്നങ്ങള്‍ ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹരിക്കണം.

ചുമതലകളെപ്പറ്റി നല്ല ബോധമുണ്ടാകണം. കുടുംബത്തെ വിട്ട് ജോലി ചെയ്യേണ്ട സാഹചര്യം മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കരുത്. പൊലീസിനെതിരെ ഉയരുന്ന ആക്ഷേപങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ചെവികൊടുക്കൂ, പക്ഷേ തെറ്റു ചെയ്യുന്നവരോട് ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല.

ആത്മഹത്യാപ്രവണതയും മാനസിക സംഘര്‍ഷവും തടയാന്‍ സേനയില്‍ സൗഹാര്‍ദ്ദപൂര്‍ണമായ അന്തരീക്ഷമുണ്ടാവണം. പ്രശ്‌നങ്ങള്‍ മനസിലാക്കി മേലുദ്യോഗസ്ഥര്‍ ഇടപെടണം. നല്ല കൂട്ടായ്മയും സൗഹൃദാന്തരീക്ഷവുമുണ്ടെങ്കില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളും പരിഹരിക്കാനാവും.

ഇക്കാര്യത്തില്‍ അനാവശ്യ സമ്മര്‍ദ്ദങ്ങളും ഇടപെടലുകളും മാറ്റിനിറുത്തിയുള്ള പ്രൊഫഷണല്‍ സമീപനം ആവശ്യമാണ്.”, മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയന്റെ വാക്കുകളാണ്. മുഖ്യമന്ത്രി നയിക്കുന്ന വകുപ്പ് ഈ പറഞ്ഞ വിഷയങ്ങളില്‍ കാര്യക്ഷമായി ഇടപെട്ടിരുന്നെങ്കില്‍ ഇക്കണ്ട ആത്മഹത്യകള്‍ സേനയില്‍ നടക്കില്ലായിരുന്നല്ലോ.

പോലീസുകാര്‍ ഒരിക്കലും മനോബലം കൈവിടരുത് എന്ന കമന്റും മുഖ്യമന്ത്രി അടിക്കടി പറയാറുണ്ട്. താന്‍ നയിക്കുന്ന സേനയിലെ പോലീസുകാര്‍ക്ക് മനോബലം ഇല്ലാതായി കൊണ്ടിരിക്കുന്നു എന്ന വസ്തുത മുഖ്യമന്ത്രി മനസ്സിലാക്കുന്നില്ല.

മേലുദ്യോഗസ്ഥരുടെ അധികാര പ്രയോഗങ്ങള്‍, ശമ്പളം തടഞ്ഞുവെക്കല്‍, അമിത ജോലി, മാനസിക ഉല്ലാസത്തിനുള്ള സമയം കിട്ടാതെയാവല്‍, അര്‍ഹമായ ലീവ് കിട്ടാതിരിക്കല്‍, മണിക്കൂറുകള്‍ പണിയെടുക്കേണ്ട സാഹചര്യം, വിധേയപ്പെട്ട് തൊഴില്‍ എടുക്കേണ്ടി വരിക, ആവശ്യത്തിനുള്ള ഉദ്യോഗസ്ഥരുടെ അഭാവം തുടങ്ങി അനവധി പ്രശ്‌നങ്ങള്‍ സംസ്ഥാനത്തെ പോലീസ് നേരിടുന്നുണ്ട്.

ഈ പ്രശങ്ങളെ അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്. കൂടാതെ മറ്റേതൊരു സര്‍വീസിനെയും പോലെ പോലിസിനെ ജനാധിപത്യവല്‍ക്കരിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യേണ്ടതുണ്ട്. ക്രമസമാധാനം സംരക്ഷിക്കേണ്ട സേന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് ചൂഷണത്തിനിരകളായി നീതി നിഷേധിക്കപ്പെട്ട് തൊഴിലെടുക്കേണ്ടി വരികയും സഹിക്കെട്ട് ആത്മത്യ ചെയ്യേണ്ടി വരികയും ചെയ്യുന്നത് സിസ്റ്റത്തിന്റെ പരാജയമായാണ് വിലയിരുത്തേണ്ടത്.

FAQs

എന്താണ് പോലീസ്?

സമൂഹത്തിൽ ക്രമസമാധാനപാലനവും നിയമപരിപാലനവും നീതി നിർ‌വഹണവും നടത്തേണ്ടതിന്റെ ചുമതല നിക്ഷിപ്തമായിരിക്കുന്ന ഭരണസം‌വിധാനത്തിന്റെ വിഭാഗമാണ്‌ പോലീസ്. മിക്ക രാജ്യങ്ങളിലും സംസ്ഥാന ഭരണസം‌വിധാനത്തിന്റെ കീഴിൽ വരുന്ന ഈ വകുപ്പ്, വ്യക്തമായ കീഴവഴക്കങ്ങളോടും, അധികാരപരിധികളോടും കൂടി പ്രവർത്തിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സം‌രക്ഷണം നൽകുക വഴി സ്വൈരജീവിതം ഉറപ്പാക്കുന്നത് പോലീസിന്റെ ചുമതലയാണ്‌.

ആരാണ് പിണറായി വിജയൻ?

2016 മെയ് 25 മുതൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരുന്ന മുതിർന്ന സിപിഎം നേതാവാണ് പിണറായി വിജയൻ. നിലവിൽ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും പൊതുഭരണവും ഉൾപ്പെടെ മൊത്തം ഇരുപത്തിയേഴ് വകുപ്പുകളുടെ അധിക ചുമതലയുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.

എന്താണ് ആത്മഹത്യ?

ഒരാൾ സ്വയം ജീവിതം അവസാനിപ്പിക്കുന്നതിനാണ് ആത്മഹത്യ എന്ന് പറയുന്നത്. സാധാരണഗതിയിൽ വിഷാദരോഗം, ബൈപോളാർ ഡിസോർഡർ, സ്കീസോഫ്രീനിയ, അതിമദ്യപാനം, മയക്കുമരുന്നുപയോഗം തുടങ്ങിയ മാനസിക രോഗങ്ങൾ കാരണമുണ്ടാകുന്ന നിരാശയാണ് ആത്മഹത്യയിലേയ്ക്ക് നയിക്കുന്നത്.

Quotes

“ഒരിക്കലും, ഒരിക്കലും, ഒരിക്കലും വിട്ടുകൊടുക്കരുത്- വിൻസ്റ്റൺ ചർച്ചിൽ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.