Wed. Dec 18th, 2024

 

പറവൂര്‍: പോരാളി ഷാജിയെന്നത് പ്രധാനപ്പെട്ട ഒരു നേതാവിന്റെ സോഷ്യല്‍ മീഡിയ സംവിധാനമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചെങ്കതിരും പൊന്‍കരുമൊക്കെ മറ്റു രണ്ടു പേരുടേതാണെന്നും ഇപ്പോള്‍ ഇവരൊക്കെ തമ്മില്‍ പോരാടാന്‍ തുടങ്ങിയെന്നും പ്രതിപക്ഷ നേതാവ് പറവൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘വലിയ പൊട്ടിത്തെറി സിപിഎമ്മിലുണ്ടാകും. സിപിഎം സെക്രട്ടറിയും മുഖ്യമന്ത്രിയും തോല്‍വിയെക്കുറിച്ച് പറഞ്ഞത് പരസ്പരവിരുദ്ധമായാണ്. എന്നിട്ടും മാധ്യമങ്ങള്‍ കാണാതെ പോയത് എന്തുകൊണ്ടാണ്. എംവി ഗോവിന്ദനും പിണറായി വിജയനും ഇരുധ്രുവങ്ങളില്‍ നിന്നാണ് സംസാരിച്ചത്.

സര്‍ക്കാറിനെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നാണ് സിപിഎം ജില്ല കമ്മിറ്റികളുടെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും പാര്‍ട്ടി ഗ്രാമങ്ങളിലും വോട്ടുകള്‍ അടപടലം ഒഴുകിപ്പോയി. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സിപിഎമ്മിന് സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു.’, വിഡി സതീശന്‍ പറഞ്ഞു.

തൃശൂരില്‍ ഡിസിസി ചുമതല ജില്ലക്ക് പുറത്തുള്ള ആള്‍ക്ക് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി ഉപസമതി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.