Mon. Dec 2nd, 2024

 

 ‘എല്ലാ പാര്‍ട്ടികളെയും നമ്മള്‍ പരീക്ഷിച്ചു, ഇനി ആസാദ് സമാജ്വാദി പാര്‍ട്ടിയെ പരീക്ഷിക്കാം’ എന്ന മുദ്രാവാക്യമുയര്‍ത്തി ഒറ്റക്ക് മത്സരിക്കുകയായിരുന്നു

സാമൂഹിക നീതിക്ക് വേണ്ടിയാണ് തന്റെ പോരാട്ടം. ഇതിനായി പ്രതിപക്ഷത്തെ ഒന്നിപ്പിക്കുമെന്നും അല്ലെങ്കില്‍ സ്വയം പോരാടുമെന്നും പറഞ്ഞ് ലോകസഭയിലേയ്ക്ക് പോരാടിക്കയറിയിരിക്കുകയാണ് ചന്ദ്രശേഖര്‍ ആസാദ്. ഉത്തര്‍പ്രദേശിലെ നാഗിനയില്‍ നിന്നും 151473 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആസാദ് സമാജ് പാര്‍ട്ടി (കാന്‍ഷി റാം) പാര്‍ട്ടിയുടെ പ്രതിനിധിയായി ചന്ദ്രശേഖര്‍ ലോക്‌സഭയിലേയ്ക്ക് എത്തുന്നത്.

ദളിത് രാഷ്ട്രീയത്തിന് പുതിയ ദിശ നല്‍കിയ ആസാദ് തുടര്‍ച്ചയായ പോരാട്ട വഴികളിലൂടെയാണ് ഇപ്പോള്‍ അധികാരത്തിന്റെ ഭാഗമായിരിക്കുന്നത്. മായാവതി, രാംവിലാസ് പസ്‌വാന്‍, മീരാ കുമാര്‍ തുടങ്ങിയ നിരവധി ദേശീയ ദളിത് നേതാക്കള്‍ നേരത്തെ മത്സരിച്ച ബിജ്നോര്‍ സീറ്റിന്റെ ഭാഗമായിരുന്നു നാഗിന.

മായാവതി Screengrab, Copyright: The Telegraph Online

ബിഎസ്പിയുടെ ശക്തി കേന്ദ്രമായാണ് ഈ മണ്ഡലം കണക്കാക്കപ്പെടുന്നത്. നാഗിനയില്‍ നിന്ന് മത്സരിച്ച് വിജയിച്ചു എന്നതിനര്‍ത്ഥം ആസാദ് യുപിയില്‍ ബിഎസ്പിയെ നേരിട്ട് വെല്ലുവിളിക്കുക കൂടി ചെയ്തു എന്നതാണ്. പടിഞ്ഞാറന്‍ യുപിയില്‍ കാര്യമായ സ്വാധീനമുള്ള ആസാദിന്റെ പാര്‍ട്ടിയ്ക്ക് നിലവില്‍ ഒമ്പത് ജില്ലാ കൗണ്‍സില്‍ സീറ്റുകളുണ്ട്.

ജാതി സമവാക്യങ്ങള്‍ വിധി നിര്‍ണയിക്കുന്ന ഉത്തര്‍പ്രദേശില്‍ തന്റെ മണ്ഡലത്തിലെ ദളിത് വോട്ടുകള്‍ കൃത്യമായി ബാലറ്റില്‍ എത്തിക്കാന്‍ ആസാദിന് കഴിഞ്ഞു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കിയിരിക്കുന്ന സൂചന. ഒരുകാലത്ത് ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ തേരോട്ടമുണ്ടായിരുന്ന ഉത്തര്‍പ്രദേശില്‍ ഇന്ന് സംപൂജ്യമാണ്. ആ വിടവിലേയ്ക്കാണ് ബിഎസ്പിയുടെ സ്ഥാപകനായ കാന്‍ഷിറാമിന്റെ രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ആസാദിന്റെ പാര്‍ട്ടി കയറിയിരിക്കുന്നത്.

ആസാദ് സമാജ് പാര്‍ട്ടിയില്‍ നിന്നുള്ള ഏക സ്ഥാനാര്‍ത്ഥി ചന്ദ്ര ശേഖര്‍ ആസാദായിരുന്നു. ബിജെപിയുടെ നയത്തെയും യുപി മുഖ്യമന്ത്രി ആദിത്യനാഥിനെയും വലിയ രീതിയില്‍ വിമര്‍ശിക്കുന്ന ആസാദ്, 2022-ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെതിരെ ഗോരഖ്പൂരില്‍ മണ്ഡലത്തില്‍ മത്സരിച്ച് കെട്ടിവെച്ച പണം നഷ്ടപ്പെട്ടിരുന്നു. 4,501 വോട്ടുകള്‍ മാത്രമാണ് അന്ന് ആസാദിന് നേടാനായത്.

ഇന്ത്യ മുന്നണിയോട് ചേര്‍ന്ന് നില്‍ക്കാനുള്ള ക്ഷണം നിരസിച്ച ആസാദ്, ‘എല്ലാ പാര്‍ട്ടികളെയും നമ്മള്‍ പരീക്ഷിച്ചു, ഇനി ആസാദ് സമാജ്വാദി പാര്‍ട്ടിയെ പരീക്ഷിക്കാം’ എന്ന മുദ്രാവാക്യമുയര്‍ത്തി ഒറ്റക്ക് മത്സരിക്കുകയായിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ഗിരീഷ് ചന്ദ്രയാണ് നാഗിനയില്‍ നിന്ന് വിജയിച്ചത്. 568378 വോട്ടായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. ഇത്തവണ ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുരേന്ദ്രപാല്‍ സിങ്ങിന് മണ്ഡലത്തില്‍ നാലാം സ്ഥാനത്ത് എത്താനെ പറ്റിയുള്ളൂ. 2014-ല്‍ 367825 വോട്ടുകള്‍ നേടി ബിജെപി സ്ഥാനാര്‍ത്ഥി യശ്വന്ത് സിങ്ങാണ് ഒന്നാമത് എത്തിയത്.

ചന്ദ്രശേഖര്‍ ആസാദ് Screengrab, Copyright: Facebook

2009 ല്‍ മണ്ഡല പുനക്രമീകരണത്തിലൂടെ രൂപീകരിക്കപ്പെട്ട നാഗിന അന്ന് മുതല്‍ എസ്പി, ബിഎസ്പി, ബിജെപി എന്നീ സ്ഥാനാര്‍ത്ഥികളെ മാറിമാറി പാര്‍ലമെന്റില്‍ എത്തിച്ചു. ഇപ്പോഴിതാ പാരമ്പര്യ ശക്തികള്‍ ഉണ്ടായിരിക്കെ കെറ്റില്‍ ചിഹ്നത്തില്‍ വോട്ട് തേടിയ, ബദല്‍ രാഷ്ട്രീയ മുന്നേറ്റത്തെ അംഗീകരിച്ചിരിക്കുകയാണ്.

വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചും നിരവധി തവണ ജയിലിലടച്ചും വീട്ടുതടങ്കലിലാക്കിയും ബിജെപി പരാജയപ്പെടുത്താന്‍ ശ്രമിച്ച രാവണ്‍ എന്ന് വിളിപ്പേരുണ്ടായിരുന്ന ചന്ദ്രശേഖര്‍ ആസാദ് ആരാണ്?

ഉത്തര്‍പ്രദേശിലെ ശരണ്‍പുരിലെ ഘഡ്കൗലിയില്‍ 1986 ലാണ് ചന്ദ്രശേഖരിന്റെ ജനനം. ശരണ്‍പുരിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് പ്രഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആസാദ്, ലഖ്നൗ സര്‍വകലാശാലയില്‍നിന്ന് നിയമത്തില്‍ ബിരുദം കരസ്ഥമാക്കി. നിയമജ്ഞനെന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തകനായും അറിയപ്പെട്ടു തുടങ്ങി.

ആസാദിന്റെ പിതാവ് ഗോവര്‍ദ്ധന്‍ ദാസ് ഒരു സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പലായിരുന്നു. പ്രധാനാധ്യാപകന്‍ ആയിരുന്നിട്ടും ദളിതന്‍ ആയതുകൊണ്ട് തന്റെ പിതാവിന് നേരിടേണ്ടി വന്ന വിവേചനം കണ്ടു വളര്‍ന്ന ചന്ദ്രശേഖരിന് ബിആര്‍ അംബേദ്കറുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാന്‍ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.

ദളിത് സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്നതിനിടയില്‍ 2014ല്‍ സതീഷ് കുമാറിനും വിനയ് രത്തന്‍ സിങ്ങിനും ഒപ്പം ഭീം ആര്‍മി രൂപീകരിച്ചു. ദളിതരെ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കാനും വിമോചനം നേടാനും ഉത്തര്‍പ്രദേശില്‍ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഭീം ആര്‍മി ശ്രമങ്ങള്‍ നടത്തി തുടങ്ങി. ഇതിനായി ഭീം ആര്‍മി സ്‌കൂളും സ്ഥാപിച്ചിട്ടുണ്ട്.

ചന്ദ്രശേഖര്‍ ആസാദ് പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരത്തിനിടെ Screengrab, Copyright: PTI

2016 ല്‍ ഘഡ്കൗലി ഗ്രാമത്തിന്റെ കവാടത്തില്‍ ദളിതര്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചു. ഈ ബോര്‍ഡില്‍ എഴുതിയിരുന്നത് ഇങ്ങനെയാണ്, ‘ദാ ഗ്രേറ്റ് ചമര്‍, ഡോ. ഭീംറാവു അംബേദ്കര്‍ വില്ലേജ്, ഘഡ്കൗലി, നിങ്ങളെ സ്വാഗതം ചെയ്യുന്നു’. ‘ഡാ ഗ്രേറ്റ്’ എന്ന വാക്കുകള്‍ക്കെതിരെ ഠാക്കൂര്‍ വിഭാഗം രംഗത്തുവരികയും പ്രദേശത്ത് സംഘര്‍ഷമുണ്ടാവുകയും ചെയ്തു. എടുത്തുമാറ്റിയ ബോര്‍ഡ് ഭീം ആര്‍മി ഇടപെട്ട് വീണ്ടും സ്ഥാപിച്ചു. ഇതോടെ ചന്ദ്രശേഖര്‍ പ്രശസ്തനാവാന്‍ തുടങ്ങി.

ശരണ്‍പുര്‍ കലാപമാണ് ചന്ദ്രശേഖര്‍ ആസാദ് എന്ന പേര് ഉത്തര്‍പ്രദേശിന്റെ പുറത്തേക്ക് എത്തിക്കുന്നത്. 2017ല്‍ അംബേദ്ക്കറിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടയില്‍ ദളിതരും രജപുത്രന്‍മാരും ഏറ്റുമുട്ടിയതോടെയാണ് കലാപത്തിന്റെ തുടക്കം. സംഭവവുമായി ബന്ധപ്പെട്ട് ദേശ സുരക്ഷാ നിയമത്തിന്റെ പേരില്‍ രണ്ട് ഡസനോളം എഫ്‌ഐആറിട്ട് ചന്ദ്രശേഖര്‍ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് അലഹാബാദ് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചു.

ജാമ്യം ലഭിച്ചതിനു ശേഷം മെയ് മാസത്തില്‍ ഭീം ആര്‍മി ഡല്‍ഹിയില്‍ ഒരു വലിയ പ്രതിഷേധ റാലിയും നടത്തി. ഇത് ഒരു ദളിത് നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ ജനപ്രീതി ഉറപ്പിച്ചു. 2017 ജൂണില്‍ ആസാദിനെ വീണ്ടും അറസ്റ്റ് ചെയ്തു. 2018 സെപ്റ്റംബറിലാണ് അദ്ദേഹം ജയില്‍ മോചിതനാകുന്നത്.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ആസാദ് പിന്നീട് ആ തീരുമാനം വേണ്ടെന്ന് വെച്ചു. ദളിത് വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ എസ്പി-ബിഎസ്പി സഖ്യത്തെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. രാമനും രാവണനും തമ്മിലുള്ള മത്സരമെന്ന് വോട്ടര്‍മാരോട് പ്രതിപക്ഷം പറയുന്നത് താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് രാവണ്‍ എന്ന വിളിപ്പേരും അദ്ദേഹം ഉപേക്ഷിച്ചു.

ചന്ദ്രശേഖര്‍ ആസാദ് പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരത്തിനിടെ Screengrab, Copyright: Wikimedia Commons

ഭരണഘടന കയ്യിലേന്തി, അതിലെ വരികള്‍ ചൊല്ലിക്കൊടുത്ത് നീല തലപ്പാവു ധരിച്ച ചെറുപ്പക്കാരന്‍ ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭകര്‍ക്ക് പുതിയൊരു ഊര്‍ജ്ജമായി. പൗരത്വ നിയമത്തിനെതിരെ ഭീം ആര്‍മി നടത്തിയ പ്രക്ഷോഭമാണ് ചന്ദ്രശേഖര്‍ ആസാദിനെ ഡല്‍ഹി പോലീസിന്റെ കണ്ണിലെ കരടാക്കുന്നത്. ആസാദിനെ അറസ്റ്റ് ചെയ്യാനുള്ള പോലീസ് നീക്കങ്ങളെല്ലാം പൊളിഞ്ഞു. ഡല്‍ഹി പോലീസിന്റെ കണ്‍മുന്നിലൂടെ ആസാദ് ഡല്‍ഹി ജുമാമസ്ജിദ് ഉള്ളില്‍ കടന്നു. ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ആസാദ് പറഞ്ഞിതങ്ങനെയാണ്.. ഒന്നിച്ചുനില്‍ക്കണം ഇതു നമ്മുടെ ഭരണഘടനയെ ഇല്ലാതാക്കാനുള്ള ശ്രമമാണ്…സമാധാനം കൈ വെടിയരുത്..അംബേദ്ക്കറുടെ മക്കള്‍ ആര്‍ക്കുമുന്നിലും തലകുനിക്കില്ല… അമിത് ഷാ നിങ്ങള്‍ക്ക് ഈ നിയമം പിന്‍വലിക്കേണ്ടിവരും.

ടൈം മാഗസിന്‍ പുറത്തിറക്കിയ ലോകത്തിലെ ഭാവി നേതാക്കന്‍മാരുടെ പട്ടികയിലും ഇടംപിടിച്ച ചന്ദ്രശേഖര്‍ ആസാദ് 2020ലാണ് ആസാദ് സമാജ് പാര്‍ട്ടി സ്ഥാപിക്കുന്നത്. കേവലം നാലു വയസ്സുമാത്രം പ്രായമുള്ള ഒരു പാര്‍ട്ടി പാരമ്പര്യ സീറ്റ് പിടിക്കണമെങ്കില്‍, അത് ദളിതരുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണെന്ന് തന്നെ പറയാം.

യുപിയിലെ ദളിതര്‍ക്ക് ചന്ദ്രശേഖര്‍ ആസാദിനെ പോലെ ഒരു നേതാവിന്റെ, ഒരു യുവ നേതാവിന്റെ നേതൃത്വം അനിവാര്യമായിരുന്നു. മായാവതിയും ബിഎസ്പിയും പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നപ്പോഴാണ് ചന്ദ്രശേഖര്‍ ആസാദ് ഉദിക്കുന്നത്. ഉത്തര്‍പ്രദേശിലെ ദളിതര്‍ മായാവതിയില്‍ നിന്ന് പതുക്കെ ചന്ദ്രശേഖര്‍ ആസാദിന്റെ യുവ നേതൃത്വത്തിലേക്ക് കൂടുമാറി. ബിജെപിയിലേയ്ക്ക് പോയ ദളിത് വോട്ടുകളും ഇത്തവണ ചന്ദ്രശേഖര്‍ തിരിച്ചുപിടിച്ചു. ആസാദിന്റെ തീപ്പൊരി പ്രസംഗവും തീവ്രനിലപാടുകളും ബിഎസ്പി അണികളെ പോലും ആവേശത്തിലാഴ്ത്തി. ആസാദ് സമാജ് പാര്‍ട്ടി യുപിയിലെ ദളിതരുടെ കൊടിക്കൂറയായി പരിണമിക്കാന്‍ അധിക കാലം കാത്തുനില്‍ക്കേണ്ടി വരില്ല.

FAQs

ആരാണ് ചന്ദ്രശേഖർ ആസാദ്?

ഭിം ആർമി എന്ന സംഘടനയുടെ സഹസ്ഥാപകൻ, സാമൂഹ്യ ആക്ടിവിസിറ്, അംബേദ്‌കർ ആക്ടിവിസിറ്റ് എന്നീ നിലകളില്‍ പ്രശസ്തന്‍. ഉത്തര്‍പ്രദേശിലെ നാഗിനയില്‍ നിന്നും 151473 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച് ലോക്സഭയിലെത്തി.

എന്താണ് ഭീം ആർമി?

സതീഷ് കുമാർ, വിനയ് രത്തൻ സിംഗ് എന്നിവരോടൊപ്പം ചന്ദ്രശേഖര്‍ ആസാദാണ് ഇന്ത്യയിലെ വിദ്യാഭ്യാസത്തിലൂടെ ദളിതരുടെ വിമോചനത്തിനായി പ്രവർത്തിക്കുന്ന ഭീം ആർമി സ്ഥാപിച്ചത്. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ദളിതർക്കായി ഭീം ആർമി സൗജന്യ വിദ്യാലയങ്ങൾ നടത്തുന്നു.

എന്താണ് ബഹുജൻ സമാജ് പാർട്ടി?

ബഹുജൻ സമാജ് പാർട്ടി അല്ലെങ്കിൽ ബിഎസ്പി ഇന്ത്യയിലെ ഒരു ദേശീയ രാഷ്ട്രീയകക്ഷിയാണ്.
1984-ൽ കാൻഷിറാം ബഹുജൻ സമാജ് പാർട്ടി രൂപികരിച്ചു. ഹരിയാനയിലും മറ്റ് ചില സംസ്ഥാനങ്ങളിലും ദളിത് വോട്ടർന്മാരുടെ സഹയത്തോടെ ആരംഭിച്ച ചെറിയ പാര്‍ട്ടിയായ ബിഎസ്പി 1989ലും 1991ലും നടന്ന തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ വൻ മുന്നേറ്റം നടത്തി. 2007-ൽ ബിഎസ്പി അധികാരത്തിൽ വന്നു.

Quotes

“സാമൂഹിക ജനാധിപത്യത്തിന്‍റെ അടിത്തട്ടിൽ നിലകൊണ്ടില്ലെങ്കില്‍ രാഷ്ട്രീയ ജനാധിപത്യം നിലനിൽക്കില്ല- ഡോ. ബിആര്‍ അംബേദ്കർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.