Sat. Jan 18th, 2025

പ്രവാസി ആണെങ്കിലും സമ്പന്നന്‍ ആണെങ്കിലും വ്യവസായം നടത്തുന്ന ആളാണെങ്കിലും ആളുകള്‍ക്ക് ജോലി കൊടുക്കുന്ന ആളാണെങ്കിലും നിയമം അനുസരിക്കണ്ടേ. ആ പുറമ്പോക്ക് കയ്യേറിയിട്ടില്ലാ എന്ന് അയാള്‍ പറയുന്നില്ല. അത് കൃത്യമായി ടാറിട്ട് അയാളുടെ സ്ഥാപനത്തിലേയ്ക്ക് വരുന്ന കാറുകളൊക്കെ പാര്‍ക്ക് ചെയ്യുകയാണവിടെ

കോട്ടയത്ത് കടുത്തുരുത്തി മാഞ്ഞൂര്‍ വഴിയരികില്‍ നിന്ന പ്ലാവ് ഉണക്കിയത് അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ പരിസ്ഥിതി പ്രവര്‍ത്തകയും എന്‍എപിഎം സംസ്ഥാന കണ്‍വീനറുമായ പ്രൊഫ. കുസുമം ജോസഫിനെതിരെ വധ ഭീഷണി മുഴക്കിയ പ്രവാസി വ്യവസായി ഷാജിമോനെതിരെ പ്രതിഷേധം കനക്കുന്നു.

പരിസ്ഥിതി, മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ മെയ് 13 ന് രാവിലെ 11 മണിയോടെ നടന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രൊഫ. കുസുമം ജോസഫ് മാഞ്ഞൂരില്‍ എത്തിയത്. സമരം തന്റെ സ്ഥാപനത്തിനെതിരെ ആണെന്ന് ആരോപിച്ചാണ് ഷാജിമോന്‍ കുസുമം ജോസഫ് അടക്കമുള്ളവരെ തടഞ്ഞതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും.

മാഞ്ഞൂരിലെ ബീസാ ക്ലബ് ഹൗസ് ഉടമയായ ഷാജിമോന്‍ കെട്ടിട നമ്പര്‍ ലഭിക്കാന്‍ വഴിയില്‍ കിടന്ന് പ്രതിഷേധിച്ചത് നേരത്തെ ചര്‍ച്ചയായിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ മന്ത്രിമാരായ വി എന്‍ വാസവന്‍, പി രാജീവ്, എം ബി രാജേഷ് അടക്കം ഷാജിമോന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ഇടപെടല്‍ നടത്തിയിരുന്നു. 25 കോടി ചെലവഴിച്ച് നിര്‍മിച്ച സ്‌പോര്‍ട്ടിങ് ക്ലബ് പദ്ധതിയ്ക്ക് ലൈസന്‍സ് നല്‍കുന്നില്ലാ എന്നായിരുന്നു അന്ന് ഷാജിമോന്റെ പരാതി.

കുസുമം ജോസഫും ഷാജി മോനും Screengrab, Copyright: Facebook

ഷാജിമോന്റെ സ്ഥാപനത്തിന്റെ മുമ്പിലുള്ള റോഡ് പുറമ്പോക്കിലെ പ്ലാവാണ് ഉണങ്ങിപ്പോയത്. പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ മരം ഉണങ്ങിയതുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് പരിസ്ഥിതി- മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. സംഭവത്തെ കുറിച്ച് പ്രൊഫ. കുസുമം ജോസഫ് വോക്ക് മലയാളത്തോട് സംസാരിക്കുന്നു.

”അയാളുടെ കയ്യില്‍ എല്ലാ രേഖകളും ഉണ്ടോ, ബാര്‍ ലൈസന്‍സുണ്ടോ ഇതൊന്നും നമ്മുടെ വിഷയമല്ല. എന്നോട് അവിടുത്തെ പരിസ്ഥിതി പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമായ ആളുകള്‍ വിളിച്ച് പറഞ്ഞു, ഒരു ഹോട്ടലിനു മുമ്പിലെ റോഡ് പുറമ്പോക്ക് ഭൂമിയില്‍ ഒരു പ്ലാവ് ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ആ പ്ലാവ് ഉണങ്ങിനില്‍ക്കുന്നുണ്ട് എന്ന്.

പ്ലാവ് ഉണക്കിയത് ഈ വ്യവസായി ആണെണോ, സ്ഥാപനത്തിലുള്ളവര്‍ ആണെന്നോ ഒന്നും ഇവര്‍ ആരോപിക്കുന്നില്ല. ഇത് ചെയ്ത ആളുകളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം എന്നേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. അതനുസരിച്ച് ഈ മരം ഉണക്കിയത് എങ്ങനെ എന്നാണ് അറിയേണ്ടിയിരുന്നത്. അത് ഏതെങ്കിലും രാസ പദാര്‍ത്ഥം വെക്കാതെ ഉണങ്ങില്ല. ആരുടെയെങ്കിലും കൃത്യമായ ഇടപെടലോടുകൂടിയേ നടന്നിട്ടുണ്ടാവുകയുള്ളൂ. അത് ആരാണെന്ന് കണ്ടെത്തി നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്യാനാണ് എന്നെ വിളിക്കുന്നത്.

ഇത്ര ദൂരത്ത് നിന്ന് ഞാന്‍ അവിടെ വരണോ എന്നാണ് ആദ്യം ചോദിച്ചത്. ഈ വ്യവസായിക്കെതിരെ പരാതി പറയുന്നവര്‍, അയാളുടെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയുന്നവര്‍ അയാളുടെ കയ്യില്‍ നിന്നും പൈസ തട്ടിയെടുക്കാന്‍ വേണ്ടി ചെയ്യുന്നതാണ് എന്നൊരു ആരോപണം പരസ്യമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. പ്ലാവ് ഉണങ്ങി എന്ന് പറഞ്ഞ് പ്രതിഷേധം സംഘടിപ്പിക്കുക, എന്നിട്ട് പൈസ വാങ്ങിച്ചെടുത്ത് പരാതി പിന്‍വലിക്കുക അതാണ് ചെയ്യാന്‍ പോകുന്നത് എന്നായിരുന്നു ഇയാളുടെ ആരോപണം. അതുകൊണ്ട് ആരോപണത്തിന് സാധ്യത ഇല്ലാത്ത ഒരാള്‍ വന്ന് ഉദഘാടനം ചെയ്യണം എന്നുള്ളത് കൊണ്ടാണ് എന്നെ വിളിച്ചത്.

തിങ്കളാഴ്ചയായിരുന്നു പരിപാടി. ശനിയാഴ്ചയും ഞായറാഴ്ചയും ഷാജിമോന്‍ എന്നെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞു എനിക്ക് നിങ്ങളെ പറ്റിയോ നിങ്ങളുടെ സ്ഥാപനത്തെ പറ്റിയോ യാതൊരു പരാതിയും ഇല്ല. എന്റെ പരാതി റോഡ് പുറമ്പോക്കിലെ പ്ലാവ് ഉണങ്ങിയതിനെ കുറിച്ചാണ്. ഈ സീസണില്‍ പ്ലാവ് ഉണങ്ങില്ല. പ്ലാവ് പൊതുവേ ഉണങ്ങാത്ത മരമാണ്. ആരുടെയെങ്കിലും നിര്‍ബന്ധിത ഇടപെടല്‍ ഇല്ലാതെ ഇങ്ങനെ സംഭവിക്കില്ലാ എന്നുള്ളത് കൊണ്ട് അതിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്, അല്ലാതെ നിങ്ങള്‍ക്കെതിരേയല്ല എന്നും പറഞ്ഞു.

കുസുമം ജോസഫും ഷാജി മോനും Screengrab, Copyright: Facebook

ഈ ആരോപണം ആരൊക്കെയോ ആസൂത്രിതമായി ഇടപെട്ട് ചെയ്യിക്കുന്നതാണ് എന്നാണ് അയാള്‍ പറഞ്ഞത്. അയാള്‍ക്കെതിരെ വേറെ എന്തൊക്കെയോ ആരോപണങ്ങള്‍ ഉണ്ട് എന്നും പറഞ്ഞു. ഇയാള്‍ പണം കൊടുക്കാത്ത രാഷ്ട്രീയക്കാര്‍ ഇയാള്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും സര്‍ക്കാരിലും കോടതിയും പരാതികള്‍ കൊടുക്കുന്നുണ്ടെന്നും അവരുടെ ഇടപെടല്‍ കൊണ്ടാണ് പ്ലാവിന്റെ ആരോപണം ഉന്നയിക്കുന്നത് എന്നുമാണ് ഷാജിമോന്‍ പറയുന്നത്. ഇത്തരം കാര്യങ്ങള്‍ ഒന്നും എനിക്കറിയില്ലെന്നും ഞാന്‍ പ്ലാവ് കരിഞ്ഞ കാര്യം മാത്രമാണ് പറയാന്‍ വരുന്നത് എന്നും പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഞാന്‍ ഇദ്ദേഹത്തെ വിളിച്ച് പറഞ്ഞു, നിങ്ങളെ ബുദ്ധിമുട്ടിക്കാനോ സ്ഥാപനം പൂട്ടിക്കാനോ ഞങ്ങള്‍ക്ക് ഒരു ഉദ്ദേശവും ഇല്ലാ എന്ന്. നമ്മുക്ക് ആ പ്ലാവ് നില്‍ക്കുന്ന സ്ഥലത്ത് മറ്റൊരു പ്ലാവും ഒന്ന് രണ്ട് മാവും നടാം എന്നൊക്കെയും പറഞ്ഞു. ഞങ്ങള്‍ ആകെ എട്ട് പേരാണ് ഉണ്ടായിരുന്നത്. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ തന്നെ എല്ലാ ചാനലുകാരെയും ഇയാള്‍ വിളിച്ച് കൊണ്ടുവന്നിട്ടുണ്ട്. പോലീസുകാരെ സജ്ജരാക്കിയിട്ടുണ്ട്. അതുമാത്രമല്ല, ഒരുപാട് ആളുകളെ വിളിച്ചുവരുത്തി നിര്‍ത്തിയിരിക്കുകയാണ്.

ഞങ്ങള്‍ അവിടെ എത്തിയതും ഇയാള് ചാടി വന്ന് ഇവിടെ നടക്കില്ല, ഇവിടെ നടക്കില്ല എന്ന് പറഞ്ഞ് ബഹളം വെക്കുകയാണ്. റോഡിന്റെ രണ്ട് സൈഡിലുമുള്ള വെള്ള വരയില്ലേ, ആ വരയുടെ ഉള്ളിലേയ്ക്ക് കടക്കാന്‍ പാടില്ലാ എന്നാണ് അയാള്‍ പറഞ്ഞത്. അങ്ങനെ ബഹളമായി. എന്റെ കൂടെ ഉണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തി മറുഭാഗത്തേയ്ക്ക് ആക്കി. ഞാന്‍ ആള്‍ക്കൂട്ടത്തിനിടെ തന്നെ നിന്നു. പൊതു സ്ഥലത്ത് നില്‍ക്കുന്ന എന്നെ ഉപദ്രവിക്കാന്‍ വരുന്ന ഒരാളെ കുട്ടികളെ കൈകാര്യം ചെയ്യുന്നപോലെ ആണോ പോലീസ് കൈകാര്യം ചെയ്യേണ്ടത്. അയാളെ പിടിച്ച് കോമ്പൗണ്ടിന്റെ ഉള്ളിലേയ്ക്ക് കൊണ്ടുപോവണ്ടേ.

കണ്ടവന്റെ കാശ് മേടിച്ച് വന്നു, കാശ് മുടക്കിയവനെ അതിന്റെ ദണ്ണം അറിയൂ, സ്ഥാപനം പൂട്ടിക്കാന്‍ വന്നതാണ്, എന്നൊക്കെ പറഞ്ഞാണ് അയാള് ബഹളം വെക്കുന്നത്. ഇതിനിടെ ചാലക്കുടിയില്‍ നീ ജീവനോടെ എത്തില്ലാ എന്ന് പറഞ്ഞുള്ള ഭീഷണിയും. പിടിച്ചു തള്ളുകയും ചെയ്തു. ഫണ്ടിംഗ് ഏജന്‍സിയുടെ പണം വാങ്ങി വരികയാണ് എന്നൊക്കെ പറഞ്ഞാല്‍ അത് ശരിയല്ലല്ലോ. അയാള്‍ക്ക് അറിയുന്ന കാര്യമല്ലേ പറയേണ്ടത്. പ്ലാവ് ഉണങ്ങിയത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം ആയിരുന്നില്ലാ എങ്കില്‍ രണ്ട് കൂട്ടര്‍ക്കും കൂടെ ഇത് ആരാണ് ചെയ്തത് എന്ന് അന്വേഷിക്കാന്‍ പറഞ്ഞാല്‍ മതിയായിരുന്നല്ലോ.

ഉച്ചയോടെ പോലീസ് സ്റ്റേഷനില്‍ എത്തി ഷാജിമോനെതിരെ പരാതി കൊടുത്തു. എസ് ഐ പറഞ്ഞത് മേഡത്തിനെ അസഭ്യം പറഞ്ഞ്, ഭീഷണിപ്പെടുത്തി എന്നൊക്കെയുള്ളത് ശരിയാണ്. അത് ഞാനും കണ്ടതാണ്. പക്ഷെ, മേഡത്തിന്റെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ല. അതുകൊണ്ട് ആ വകുപ്പ് ചേര്‍ക്കാന്‍ പറ്റില്ല. വകുപ്പ് ചേര്‍ക്കണമെങ്കില്‍ എവിഡന്‍സ് വേണം എന്ന്. ഞാന്‍ രേഖാമൂലം കൊടുത്ത പരാതി എവിഡന്‍സായി കണക്കാക്കി കേസ് എടുക്കുക. അത് കഴിഞ്ഞിട്ട് നമ്മുക്ക് അടുത്ത എവിഡന്‍സ് നോക്കാമെന്ന് പറഞ്ഞു. സകലമാന മീഡിയയുടെ മുമ്പില്‍ വെച്ചാണല്ലോ അയാള്‍ ഇത് ചെയ്തത്. അതിലൊന്നും ഇല്ലെങ്കില്‍ അപ്പോള്‍ ആ വകുപ്പ് പിന്‍വലിക്കാം എന്ന് പറഞ്ഞു. അപ്പോള്‍ പോലീസുകാരന്‍ പറഞ്ഞത് ഇത്രയും പോലീസുകാരുടെ മുമ്പില്‍ വെച്ച് മാഡത്തിനെ കയ്യേറ്റം ചെയ്തു എന്ന് പറഞ്ഞാല്‍ പൊലീസുകാര്‍ എന്തെടുക്കയിരുന്നു എന്ന് ചോദിക്കില്ലേ എന്ന്. അതിന് ഞാന്‍ അല്ലല്ലോ മറുപടി പറയേണ്ടത്.

കുസുമം ജോസഫ് Screengrab, Copyright: Facebook

ജാമ്യമില്ലാ വകുപ്പ് പ്രകാരം എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. അയാള്‍ അന്നുതന്നെ യുകെയില്‍ പോയി. ഇവിടെ നിന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന് അയാള്‍ക്ക് അറിയാമല്ലോ. എന്താണ് അയാളുടെ ഉദ്ദേശം എന്നതില്‍ നമ്മുക്ക് ഇപ്പോഴും ആശങ്കയുണ്ട്. ഭയങ്കരമായ ആണഹന്തയുടെ ഭാഗം കൂടിയാണ് ഇതൊക്കെ. അല്ലെങ്കില്‍ നമ്മളൊരു കാര്യം പറഞ്ഞ് ചെല്ലുമ്പോള്‍ മാന്യമായ ഒരു സംഭാഷണത്തിന് എന്താ തടസ്സം.

ആ സ്ഥലം അയാളുടെത് ആണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. അയാളുടെ സ്ഥാപനത്തിന് മുമ്പിലേയ്ക്ക് വരുന്നത് അയാളെ തകര്‍ക്കാന്‍ ആണെന്നാണ് അയാള്‍ പറയുന്നത്. ഇതിനു മുമ്പേ കുറെ ആളുകള്‍ ചെയ്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയാണ് ഈ പ്രതിഷേധം എന്നാണ് അയാള്‍ പറയുന്നത്. സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടും അവരുടെ ചില രാഷ്ട്രീയ ഇടപെടല്‍ കൊണ്ടും ചില പ്രവാസികള്‍ ബുദ്ധിമുട്ടുകയും ഒന്നു രണ്ട് പേര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തുവല്ലോ. അതുകൊണ്ട് പ്രവാസികള്‍ക്ക് എതിരാണ് സംസ്ഥാനം എന്നുള്ള ഒരു ചര്‍ച്ച ഉണ്ടാവുകയും ഇപ്പോള്‍ പ്രവാസി എന്തെങ്കിലും ചെയ്താല്‍ ആരും ഒന്നും പറയാന്‍ പാടില്ലാ എന്ന രീതിയിലെയ്ക്ക് പോയിരിക്കുകയാണ്.

അതാണ് ഇയാള്‍ക്കുണ്ടായ ഒരു നേട്ടം. ലൈസന്‍സിന് വേണ്ടി സമരം നടത്തിയപ്പോള്‍ ഇയാളോട് ആളുകള്‍ക്ക് അനുഭാവമൊക്കെയുണ്ട്. പ്രവാസി ആണെങ്കിലും സമ്പന്നന്‍ ആണെങ്കിലും വ്യവസായം നടത്തുന്ന ആളാണെങ്കിലും ആളുകള്‍ക്ക് ജോലി കൊടുക്കുന്ന ആളാണെങ്കിലും നിയമം അനുസരിക്കണ്ടേ. ആ പുറമ്പോക്ക് കയ്യേറിയിട്ടില്ലാ എന്ന് അയാള്‍ പറയുന്നില്ല. അത് കൃത്യമായി ടാറിട്ട് അയാളുടെ സ്ഥാപനത്തിലേയ്ക്ക് വരുന്ന കാറുകളൊക്കെ പാര്‍ക്ക് ചെയ്യുകയാണവിടെ.

പരിസ്ഥിതി പ്രവര്‍ത്തനം എന്ന് പറഞ്ഞാല്‍ ഇത്ര മോശപ്പെട്ട സംഗതിയാണ് എന്ന് വിചാരിക്കുന്നത് എന്തുകൊണ്ടാണ്. നാട്ടില്‍ പരിസ്ഥിതി സംരക്ഷണം അനാവശ്യമാണ് എന്നാണ് പൊതുവേ ഇപ്പോഴുള്ള ബോധ്യം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം അതിന് വളംവെച്ച് കൊടുക്കുന്നുണ്ട് എന്ന് തോന്നുന്നു. ഇത്രയേറെ കാലാവസ്ഥാ വ്യതിയാനം വന്നിട്ടും അത്യുഷ്ണം വന്നിട്ടും ആളുകള്‍ അതിന്റെ ധാരണയിലേയ്ക്ക് വരുന്നില്ലാ എന്ന് പറഞ്ഞാല്‍ എന്താ ചെയ്യുക. സാധ്യമായിടത്ത് എല്ലാം മരം വെക്കുകയും ഉള്ളതെല്ലാം സംരക്ഷിക്കുകയും ചെയ്യേണ്ടതിന് പകരം വളര്‍ന്ന് നില്‍ക്കുന്നത് നശിപ്പിച്ചാല്‍ ആര്‍ക്കും ഒന്നും ഇല്ലാ എന്നാണ്. വല്ലാത്ത അവസ്ഥയാണ്. പത്തു കൊല്ലം മുമ്പേ ഉണ്ടായിരുന്ന പാരിസ്ഥിതിക അവബോധം ഇപ്പോള്‍ ഇല്ല. വികസനത്തിന് അനുകൂലമല്ലാത്ത എല്ലാം തകര്‍ത്ത് കളയുക. നാളത്തെ നിലനില്‍പ്പിന് അനുകൂലമായ കാര്യങ്ങള്‍ ചെയ്യണം അങ്ങനെയില്ല. സുസ്ഥിരത അന്ന വാക്ക് ഇപ്പോള്‍ ആരും പറയുന്നില്ല.”, കുസുമം ജോസഫ് വോക്ക് മലയാളത്തോട് പറഞ്ഞു.

FAQs

എന്താണ് പരിസ്ഥിതി?

ഒരു ജീവിയേയോ അതിന്റെ ആവാസ വ്യവസ്ഥയേയോ വലയം ചെയ്തിരിക്കുന്നതും അവയിൽ പ്രവർത്തിക്കുന്നതുമായ ഭൗതികവും രാസപരവും ജൈവപരവുമായ ഘടകങ്ങൾ ചേർന്നതാണ് പരിസ്ഥിതി. എന്നാൽ ഊർജത്തിന്റെയും പദാർത്ഥത്തിന്റെയും അവയുടെ സവിശേഷതകളുടെയും ശേഖരമെന്നാണ് ഭൗതികശാസ്ത്രവും രസതന്ത്രവും പരിസ്ഥിതിയെ നിർവചിക്കുന്നത്. ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ വികസനത്തെ സ്വാധീനിക്കുന്ന പ്രാഥമിക ഘടകം അവയുടെ പൊതുപരിസ്ഥിതിയും സാമൂഹിക പരിസ്ഥിതിയുമാണെന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് സാമൂഹ്യശാസ്ത്രം പരിസ്ഥിതിയെ നിർവചിച്ചിരിക്കുന്നത്.

എന്താണ് സുസ്ഥിര വികസനം?

വിഭവങ്ങളുടെ അമിതചൂഷണം നിയന്ത്രിച്ചും പാരിസ്ഥിത ആഘാതങ്ങൾ കുറച്ചും കൈവരിക്കുന്ന വികസനത്തെയാണ് സുസ്ഥിര വികസനം എന്ന് പറയുന്നത്. വിഭവങ്ങളുടെ അമിത ചൂഷണം നിയന്ത്രിക്കുന്നതിലൂടെ അവ വരും തലമുറയ്ക്കു കൂടി പ്രയോജനപ്പെടുത്താൻ ഉതകും വിധമുള്ള വികസനമാണ് സുസ്ഥിരവികസനം.

എന്താണ് വ്യവസായം?

ആയവ്യയ ചിട്ടയോടുകൂടി ഒരു രാജ്യത്തിന്റെയോ സ്ഥലത്തിന്റെയോ ആവശ്യാനുസരണം വസ്തുക്കളോ സേവനമോ ഉത്പാദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംരംഭമാണ് വ്യവസായം.

Quotes

“കിണർ വറ്റുന്നതുവരെ വെള്ളത്തിൻ്റെ വില നമുക്കറിയില്ല- തോമസ് ഫുള്ളർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.