Sat. Jul 27th, 2024

ന്യൂഡൽഹി: ചൈനീസ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ ഉടൻ വിട്ടയക്കണമെന്ന് സുപ്രീം കോടതി. പ്രബീർ പുരകായസ്തയുടെ അറസ്റ്റും റിമാൻഡും നിയമവിരുദ്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ബി ആർ ഗവായ്, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കസ്റ്റഡി അപേക്ഷ വിചാരണ കോടതി തീർപ്പാക്കുന്നതിന് മുമ്പ് റിമാൻഡ് അപേക്ഷയും അറസ്റ്റിന്‍റെ കാരണവും പ്രബീർ പുരകായസ്തയ്ക്കോ അദ്ദേഹത്തിന്റെ അഭിഭാഷകനോ നൽകിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതുകൊണ്ട് തന്നെ ഡല്‍ഹി പോലീസിന്‍റെ അറസ്റ്റും റിമാന്‍‍ഡും നിയമവിരുദ്ധമാണെന്നും പ്രബീർ പുരകായസ്തയെ വിട്ടയക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം, ചൈന അനുകൂല പ്രചാരണത്തിനായി പണം സ്വീകരിച്ചുവെന്ന ആരോപണത്തിലാണ്‌ യുഎപിഎ ചുമത്തി പ്രബീർ പുര്‍കായസ്തയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷമാണ് പ്രബീർ പുരകായസ്തയെയും ന്യൂസ് ക്ലിക്കിന്‍റെ എച്ച് ആർ മാനേജർ അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തിരുന്നത്.

2019 ൽ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പീപ്പിൾസ് അലയൻസ് ഫോർ ഡെമോക്രസി ആൻഡ് സെക്കുലറിസം എന്ന സംഘടനയുമായി ചേർന്ന് പ്രബീർ പുരകായസ്ത ശ്രമിച്ചുവെന്നാണ് എഫ്ഐആറില്‍ പറഞ്ഞിരുന്നത്.