Tue. Sep 10th, 2024

തിരുവനന്തപുരം: ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടെന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനമാണെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ മറുപടിയില്‍ നിന്ന് വ്യക്തമായെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു.

അന്വേഷണത്തില്‍ നിന്ന് ഈ ഉദ്യോഗസ്ഥരെ മാറ്റിയതായി മനസിലാക്കുന്നുവെന്നും ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്ന് നല്ല രീതിയിലുള്ള നടപടിയാണ് ഉണ്ടായിട്ടുള്ളതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

ഗുരുതരമായ പീഡനത്തിന് പെൺകുട്ടി ഇരയായിട്ടുണ്ടെന്ന് കമ്മീഷന് ലഭിച്ച പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥൻ്റെ സമീപനത്തെ കുറിച്ചും പരാതിയിലുണ്ട്. ലഭിച്ച പരാതി ചൊവ്വാഴ്ച തന്നെ വനിത കമ്മീഷൻ രജിസ്റ്റര്‍ ചെയ്തു.

നിയമപരവും ധാര്‍മികവുമായ എല്ലാ പിന്തുണയും പെണ്‍കുട്ടിക്ക് നല്‍കുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു. നിരവധി സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ് വേണം പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്തൃഗൃഹത്തിലേക്ക് പ്രവേശിക്കാന്‍ എന്ന ധാരണ സമൂഹത്തില്‍ ഉണ്ടാകുന്നത് വളരെ അപമാനകരമാണെന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.