Sat. Jul 27th, 2024

ഹൈദരാബാദ്: പോളിങ് ബൂത്തിൽ മുസ്ലീം വോട്ടർമാരുടെ മുഖാവരണം മാറ്റി പരിശോധിച്ച് ബിജെപി സ്ഥാനാർത്ഥി. ഹൈദരാബാദ് ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മാധവി ലതയാണ് നിയമവിരുദ്ധ പ്രവർത്തനം ചെയ്തത്.

പോളിങ് പുരോഗമിക്കവെ ബൂത്തിലെത്തിയ മാധവി ലത മുസ്ലീം വോട്ടർമാരുടെ മുഖാവരണം ഉയർത്തി പരിശോധന നടത്തിയതാണ് വിമർശനത്തിന് കാരണമായത്. ബൂത്ത് സന്ദർശിക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസുകാരുടെയും സാന്നിധ്യത്തിലുള്ള മാധവി ലതയുടെ ചട്ടലംഘനം.

ബൂത്തിലെ വോട്ടർമാരുടെ തിരിച്ചറിയൽ രേഖ മാധവി ലത ചോദിച്ച് വാങ്ങുന്നതും മുഖാവരണം മാറ്റാൻ ആവശ്യപ്പെടുന്നതും ഫോട്ടോയും മുഖവും ഒന്നാണോയെന്ന് സംശയം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. സംഭവം വിമർശനങ്ങൾക്ക് കാരണമായി.

മുഖാവരണമില്ലാതെ വോട്ടർമാരുടെ തിരിച്ചറിയിൽ രേഖ പരിശോധിക്കാൻ സ്ഥാനാർത്ഥിയായ തനിക്ക് അവകാശമുണ്ടെന്നും വോട്ടർമാരോട് വളരെ വിനയത്തോടെ അഭ്യർത്ഥിക്കുകയാണ് ചെയ്തതെന്നും മാധവി ലത മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമായ ഇന്ന് ഹൈദരാബാദ് അടക്കം തെലങ്കാനയിലെ 17 സീറ്റിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. ഹൈദരാബാദ് മണ്ഡലത്തിൽ സിറ്റിങ് എംപിയായ അസദുദ്ദീൻ ഉവൈസിയെയാണ് എഐഎംഐഎം സ്ഥാനാർത്ഥി. കോൺഗ്രസിന്‍റെ മുഹമ്മദ് വലിയുല്ല സമീറും ബിആർഎസിന്‍റെ ഗദ്ദാം ശ്രീനിവാസ് യാദവുമാണ് മറ്റ് സ്ഥാനാർത്ഥികൾ.