Mon. Sep 9th, 2024

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മോദി മാറ്റുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഒരു രാജ്യം, ഒരു നേതാവ് എന്നത് ദൗത്യമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ ആദ്യം യോഗിയുടെ രാഷ്ട്രീയ ജീവിതമില്ലാതാക്കുമെന്ന് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.

“മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ശിവരാജ് സിങ് ചൗഹാൻ, വസുന്ധരെ രാജെ, എം എൽ ഘട്ടർ, രമൺ സിങ് അടക്കമുള്ളവരുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു. ഈ പട്ടികയിൽ അടുത്തത് യോഗി ആദിത്യനാഥാണ്.”, കെജ്‌രിവാൾ പറഞ്ഞു.

മോദിക്ക് 75 വയസാകാറായിയെന്നും മോദി തന്നെ ഉണ്ടാക്കിയ പാർട്ടി നിയമം അനുസരിച്ച് 75 കഴിഞ്ഞവർ റിട്ടയർ ചെയ്യണമെന്നാണ് വ്യവസ്ഥയെന്നും കെജ്‌രിവാൾ പറഞ്ഞു. അപ്പോൾ ആരാണ് ബിജെപിയുടെ പ്രധാനമന്ത്രി എന്നാണ് കെജ്‌രിവാൾ ചോദിക്കുന്നത്.

“എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, സുമിത്ര മഹാജൻ, യശ്വന്ത് സിൻഹ അടക്കമുള്ളവർ റിട്ടയർ ചെയ്തു. ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊഴം. സെപ്റ്റംബറോടെ മോദി റിട്ടയർ ചെയ്യാനിരിക്കുകയാണ്.”, കെജ്‌രിവാൾ കൂട്ടിച്ചേർത്തു.